കണ്ണിൽ ചോരയില്ലാത്ത വർഗ്ഗം... മദ്ധ്യപ്രദേശില്‍ 2 വയസുള്ള സ്വന്തം അനുജന്റെ മൃതദേഹം മടിയിൽ വച്ചുകൊണ്ട് ജില്ലാ ആശുപത്രിയുടെ വെളിയിൽ വാഹനത്തിനായി കാത്തിരിക്കുന്ന 10 വയസുകാരന്റെ ദയനീയ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതാണ്

New Update

publive-image

Advertisment

2 വയസുള്ള സ്വന്തം അനുജന്റെ മൃതദേഹം മടിയിൽ വച്ചുകൊണ്ട് ജില്ലാ ആശുപത്രിയുടെ വെളിയിൽ വാഹനത്തിനായി കാത്തിരിക്കുന്ന 10 വയസുകാരന്റെ ദയനീയ ദൃശ്യമാണ് ചിത്രത്തില്‍ കാണുന്നത്.

ആരുടെയും ഉള്ളു കാളുന്ന ഈ ദൃശ്യം മദ്ധ്യപ്രദേശിലെ മുറേന ജില്ലാ ആശുപത്രിക്കു മുന്നിൽ കഴിഞ്ഞ ഞായറാഴ്ച നടന്നതാണ്. പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ട കുട്ടിയുടെ മൃതദേഹം 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് നൽകാൻ കൂട്ടാക്കാതിരുന്നതുമൂലമാണ് ആ സാധുക്കൾക്ക് ഈ ഗതികേടുണ്ടായത്.

മുറേന ജില്ലയിലുള്ള 'ബഡ്‌ഫെറ' ഗ്രാമത്തിലെ പൂജാറാം പട്ടേലിനാണ് ഈ ദുർഗതി നേരിടേണ്ടിവന്നത്. രണ്ടു ദിവസം മുൻപായിരുന്നു മകനെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്നത്. ഞായാറാഴ്ച വെളുപ്പിന് മരണപ്പെട്ടു.

മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി അധികൃതർ കൈമലർത്തി. പുറത്ത് സ്വകാര്യ ആംബുലൻസുകാർ 1500 രൂപ വാടക ആവശ്യപ്പെട്ടത് നൽകാൻ പൂജാറാമിന്റെ കയ്യിൽ പണമില്ലായിരുന്നു.

publive-image

കുട്ടിയുടെ മൃതദേഹം മകന്റെ മടിയിൽ ഏല്പിച്ചിട്ട് ദൂരെയുള്ള ബന്ധുവിനടുത്തേക്ക് പണത്തിനായി പൂജാറാം പോയ സമയത്താണ് വഴിപോക്കരുൾപ്പെടെയുള്ളവർ അനുജന്റെ വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹം മടിയിൽ വച്ചിരിക്കുന്ന പിഞ്ചുബാലന്റെ ഈ ദയനീയ ദൃശ്യം കാണുന്നത്.

വിവര മറിഞ്ഞ് മദ്ധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ലോക്കൽ ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് വന്നതോടെ മുറേന സർക്കിൾ ഇൻസ്പെക്ടർ യോഗേന്ദ്ര സിംഗ് സ്ഥലത്തെത്തി. ഉടനടി കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് ആംബുലൻസ് ഏർപ്പാടാക്കി അവരെ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്തു.

പതിവുപോലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരെ വെറുതേ വിടില്ലെന്ന പതിവു ശൈലി ആവർത്തിക്കുകയും ചെയ്തു. പ്രതിപക്ഷം ഈ വിഷയം സർക്കാരിനെതിരെയുള്ള പ്രചാരണ ആയുധമാക്കി മാറ്റിയിരിക്കുന്നു.

അവർ ഭരണത്തിലിരുന്നപ്പോഴും സ്ഥിതി ഇതുതന്നെയയായിരുന്നു എന്ന വസ്തുത മനപ്പൂർവ്വം മറക്കുകയോ ഒളിക്കുകയോ ആണ്. ഇപ്പോൾ മദ്ധ്യപ്രദേശിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളുടെ പ്രളയമാണ്.

ഇന്നും പല ഉത്തരേന്ത്യൻ ഗ്രാമീണ മേഖലകളിലും വികസനം എന്നത് ഒരു സ്വപ്‍നം മാത്രമാണ്. സാക്ഷരത തുലോം കുറവും. ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും അഴിമതിയുടെ അളവ് വളരെ കൂടുതലാണ്. പല പദ്ധതികളും ജനങ്ങളിലേക്കെത്തുന്നില്ല എന്നതാണ് യാഥാർഥ്യം. ആര് ഭരിച്ചാലും എന്തൊക്കെ പ്രഖ്യാപനങ്ങൾ ഉണ്ടായാലും ഗ്രാമങ്ങളുടെ മുഖഛായ കൂടുതൽ വികൃതമാകുകയാണ്.

Advertisment