ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്ന പത്താം ശമ്പള കമ്മീഷന്റെ ശിപാര്‍ശയില്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആ ഉത്തരവാദിത്വം ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കുന്ന മെഡിസെപ്പിലൂടെ സര്‍ക്കാര്‍ ഹിഡന്‍ അജണ്ടയും ലക്ഷ്യമിടുന്നു. മെഡിസെപ്പില്‍ സര്‍ക്കാറിന്റെ ലാഭക്കണ്ണല്ലാതെ മറ്റെന്ത് ?

author-image
nidheesh kumar
New Update

publive-image

Advertisment

ലോകത്ത് എവിടെയും തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമയാണ്. സര്‍ക്കാര്‍ ജീവനക്കാരും അല്ലാത്തവരുമായുള്ള തൊഴിലാളികളുടെ ആരോഗ്യമാണ് സമൂഹത്തിനെ മുന്‍പന്തിയിലെത്തിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന്. അപ്പോള്‍ ആരോഗ്യപരിരക്ഷ തൊഴിലാളികളുടെ അവകാശവും മുതലാളിമാരുടെ ഉത്തരവാദിത്വവുമാണ്.

എന്നാല്‍, കേരള സര്‍ക്കാര്‍ ചെണ്ടകൊട്ടി ആഘോഷിക്കുന്ന മെഡിസെപ്പ് പദ്ധതി, 1960ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന പ്രഖ്യാപനമാണ്.

നാട്ടിലെ തൊഴില്‍മേഖലയില്‍ നിന്നും മെച്ചപ്പെട്ട ജീവിതനിലവാരം പ്രതീക്ഷിച്ച് ഗള്‍ഫിലെത്തുന്ന തൊഴിലാളിയുടെ ആരോഗ്യസുരക്ഷ ഓരോ സ്‌പോണ്‍സരുമാരുടെയും ഉത്തരവാദിത്വമെന്നിരിക്കെയാണ്, സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സാമ്പത്തിക നേട്ടത്തിനായി ഈ ഒളിച്ചുകളി.

പൂച്ച കണ്ണടച്ച് പാല്‍ കുടിക്കുമ്പോള്‍, നോക്കി നില്‍ക്കുന്നവര്‍ക്കെല്ലാം കണ്ണുകാണില്ലെന്ന പൂച്ചയുടെ വിചാരമാണ് സര്‍ക്കാറിനെന്ന് തോന്നുന്ന വിധമാണ് ചില പദ്ധതികളും അവയ്ക്ക് പിന്നിലെ അജണ്ടകളും എന്നുവേണം കരുതാന്‍.  കേരളത്തിലും ആരോഗ്യപരിരക്ഷ നിയമപരമാണ്.

തോട്ടം തൊഴിലാളികള്‍ക്ക് പോലും കമ്പനി ആരോഗ്യപരിരക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. അപ്പോഴാണ് രണ്ടാം പിണറായി സര്‍ക്കാര്‍, മെഡിസെപ് പദ്ധതി പ്രഖ്യാപിച്ച് കച്ചവടക്കണ്ണിലൂടെ തൊഴിലുടമയുടെ ഉത്തരവാദിത്വത്തില്‍ നിന്നും തടിയൂരുന്നത് എന്ന് പറയാതെ വയ്യ.

മെഡിസെപ് പദ്ധതിയില്‍ നിന്നും നിശ്ചിത വിഹിതം അടിച്ച് മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനെന്ന വിമര്‍ശനത്തിന് ശക്തിക്കൂട്ടുന്ന തരത്തിലാണ് ഹിഡന്‍ അജണ്ട. ഇന്നലെ വരെ ഒരു രൂപ പോലും വിഹിതം നല്‍കാതെയും ചികിത്സാ ചെലവിന് പരിധിയില്ലാതെയും ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷ സര്‍ക്കാറില്‍ നിന്നും വൈകിയാണെങ്കിലും ലഭിച്ചിരുന്നുവെങ്കില്‍ ഇന്ന് ആറായിരം രൂപ പ്രതിവര്‍ഷം നിര്‍ബന്ധപൂര്‍വ്വം നല്‍കേണ്ടി വരുന്നു. സത്യത്തില്‍, ചികിത്സാ ചെലവിന് പരിധി ഏര്‍പ്പെടുത്തിയും സൗകര്യമുള്ള ഹോസ്പിറ്റലുകള്‍ ഒഴിവാക്കിയും ജീവനക്കാര്‍ പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത്.

ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും 6000 രൂപ ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കുകയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം ജീവനക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന 6000 രൂപയില്‍, ഇന്‍ഷൂറന്‍സ് കമ്പനിക്ക് 5664 രൂപ മാത്രമാണ് നല്‍കുന്നത്.

ബാക്കി 336 രൂപയെക്കുറിച്ച് വ്യക്തതയില്ല. ഈ 336 പ്രകാരം സര്‍ക്കാറിന്റെ കയ്യില്‍ വരുന്നത് ഏകദേശം 40 കോടി രൂപയാണ്. അപ്പോള്‍ പിടിച്ചുപറിക്ക് പിന്നിലെ ചേതോവികാരം പകല്‍പോലെ വ്യക്തമാണല്ലോ. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പോളിസി വിഹിതം 4800 രൂപയാണ്.

അധികമായി നല്‍കുന്ന 18 ശതമാനത്തില്‍ നിന്നും ഒന്‍പത് ശതമാനം സംസ്ഥാന സര്‍ക്കാറിന് തന്നെ ലഭിക്കുന്നു. 432 രൂപ വീതം 12 ലക്ഷം പോളിസി ഉടമകളില്‍ നിന്ന് 51 കോടി 84 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാറിന് അധികമായി ലഭിക്കുന്ന ഈ കച്ചവട ബുദ്ധിയെ സമ്മതിക്കാതെ വയ്യ. മെഡിസെപ്പ് പദ്ധതിയില്‍ നിന്നും അതേ തുക കേന്ദ്രസര്‍ക്കാറിനും ലഭിക്കുന്നതിനാല്‍ സംസ്ഥാനവും കേന്ദ്രവും ഈ വിഷയത്തില്‍ ഭായി ഭായി ബന്ധമായി.

വാര്‍ഷിക ബജറ്റില്‍ കഴിഞ്ഞ വര്‍ഷം വരെ മെഡിക്കല്‍ അഡ്വാന്‍സിനും റീ ഇംബ്ലേഴ്‌സ്‌മെന്റിനുമായി 230 കോടി മാറ്റിവെച്ചത് മെഡിസെപ്പിന്റെ പേരില്‍ സര്‍ക്കാര്‍ തന്ത്രപരമായി ഒഴിവാക്കുന്നു.

ഫലത്തില്‍, സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ച് കൊണ്ട് വര്‍ഷാവര്‍ഷം 321 കോടി രൂപ മെഡിസെപ്പിന്റെ പേരില്‍ ലാഭമുണ്ടാക്കുന്നു. സര്‍ക്കാര്‍ വിഹിതമില്ലാതെ, ജീവനക്കാരുടെ അധ്വാനത്തിന്റെ പങ്കില്‍ നിന്നും പോളിസി തുക അടച്ച്, അതിന്റെ ഗുണഭോക്താവുന്ന പദ്ധതിയെ സര്‍ക്കാര്‍ നേട്ടമായി കാണിക്കുന്നതും വഞ്ചനയല്ലാതെ മറ്റെന്താണ്.

ഒരു ഇന്‍ഷൂറന്‍സ് കമ്പനിക്ക് 12 ലക്ഷം പോളിസി ഉടമകളെ കൈമാറിയെന്നല്ലാതെ, സര്‍ക്കാറിന്റെ ഭാഗമായുള്ള നേട്ടമെന്താണ്. മെഡിസെപ്പ് പദ്ധതിയില്‍ നിന്നും മുന്‍നിര സംവിധാനങ്ങളുള്ള ആശുപത്രികളെ ഉള്‍ക്കൊള്ളിക്കാത്തത് വഞ്ചനയല്ലാതെ മറ്റെന്താണ്. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത മെഡിസെപ്പ് പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കൊള്ളയടിക്കപ്പെടുകയും കബളിപ്പക്കപ്പെടുകയുമാണ്.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് മെഡിസെപ് പദ്ധതി ഉപയോഗപ്പെടുത്തുന്ന ആശുപത്രിയില്‍ പനി ചികിത്സയ്ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയില്ലെങ്കില്‍ പോളിസി ഉടമ, ആ അസുഖത്തിന് മറ്റൊരു ആശുപത്രി തേടിയലയേണ്ടി വരുമെന്നാണ് നിലവിലെ എംപാനല്‍ കൊണ്ടുള്ള ദുരിതപൂര്‍ണ്ണമായ അവസ്ഥ.

2013ല്‍ 84 സ്വകാര്യ ആശുപത്രികളെ കൂടി മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന്റെ പരിധിയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പല ആശുപത്രികളും മെഡിസെപ്പ് പദ്ധതിയുടെ എംപാനല്‍ ലിസ്റ്റിലല്ല എന്നത് ഖേദകരമാണ്. വരും ദിവസങ്ങളില്‍ മെഡിസെപ്പ് പദ്ധതി നിയമപോരാട്ടത്തിന് കൂടി കാരണമാവുന്ന തരത്തിലാണ്, ഈ പദ്ധതിക്ക് പിന്നിലെ ഒളിമറകള്‍. ഒളിയും മറയുമില്ലാത്ത നല്ലൊരു സായാഹ്നം എല്ലാവര്‍ക്കും നേരുന്നു. ജയ്ഹിന്ദ്.

Advertisment