ഭരണാധികാരികൾ ധൂർത്തും അഴിമതിയും നടത്തിയാൽ രാജ്യം നശിക്കും. ധൂർത്തന്മാരായ ഭരണാധികാരികൾക്ക് ഒരു പാഠമായി ശ്രീലങ്ക - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

ജനക്ഷേമത്തിനും രാജ്യ താൽപര്യത്തിനും വേണ്ടി അധികാരം ഉപയോഗിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണ് ഓരോ ഭരണാധികാരിയും അധികാരമേൽക്കുന്നത്. രാഷ്ട്രത്തിന്റെ സമ്പത്ത് വിനിയോഗിക്കുന്നത് ജനസാമാന്യത്തിന്റെ പൊതു ആവശ്യത്തിനും പ്രയോജനപ്രദമായ പദ്ധതികൾക്കും വേണ്ടി ആയിരിക്കണം.

ഖജനാവിലെ പണം പദ്ധതികൾക്കായി വിനിയോഗിക്കുമ്പോൾ രണ്ട് കാര്യങ്ങൾക്ക് മുൻഗണന നൽകണം. ഒന്ന് പ്രസ്തുത പദ്ധതി ജനങ്ങൾക്ക് ഉപകാരപ്രദമാകണം. അല്ലെങ്കിൽ ഖജനാവിന് ലാഭമുണ്ടാകുന്ന പദ്ധതി ആയിരിക്കണം. ഈ രീതിയിൽ ചിന്തിച്ച് ഭരണം നടത്തിയ മഹാരഥൻമാർ ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ വർത്തമാനകാലത്തിൽ ഒട്ട് മിക്ക ഭരണാധികാരികളും ഇത് മറന്ന് പ്രവർത്തിക്കുന്നവരാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ അയൽ രാജ്യമായ ശ്രീലങ്ക.

publive-image

ശ്രീലങ്ക തകർന്ന് പോയിരിക്കുന്നു. ആഹാരമില്ല, വൈദ്യുതിയില്ല, വെള്ളമില്ല, ഇന്ധനമില്ല, തൊഴിലില്ല, മരുന്നില്ല. ശ്രീലങ്കയിൽ ജനങ്ങൾ തെരുവിലാണ്. പ്രസിഡന്റിന്റെ കൊട്ടാരം അവർ കൈയ്യടിക്കിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു. കുട്ടികൾക്ക് ക്ലാസില്ല, ആഹാരമില്ല ഇതെല്ലാമാണ് ഇന്ന് ലങ്കയിലെ സ്ഥിതി.

പ്രസിഡന്റ് ഗോതബായ രജപക്സെ സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് രക്ഷിപ്പട്ടു. ഇപ്പോഴിതാ ആഭ്യന്തര അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തിൽ ശ്രീലങ്ക എന്ന രാജ്യം അരാജകത്വത്തിന്റേയും അരക്ഷിതാവസ്ഥയുടേയും പര്യായമായി മാറിയിരിക്കുന്നു.

publive-image

ഈ തകർച്ചയുടെ കാരണമന്വേഷിക്കുമ്പോൾ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.
നാടുവാഴികളായ ഒരു കുടുംബത്തിന്റെ കൈയിൽ രാജ്യഭരണം ലഭിച്ചപ്പോൾ അവർ ധൂർത്തിന്റേയും അഴിമതിയുടേയും വക്താക്കളായി മാറി.

പ്രസിഡന്റ്, പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട പദവികളും രജപക്സെ കുടുംബത്തിന്റെ കൈയ്യിലായി. ജനാധിപത്യം കുടുംബ വാഴ്ചയിലേക്ക് മാറി. ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥ.

publive-image

വേലുപ്പിള്ള പ്രഭാകരനെ വധിച്ച് എൽടിടിഇയെ ഇല്ലാതാക്കിയതോടു കൂടി സിംഹളരുടെ ഇടയിൽ മഹീന്ദ്ര രജപക്സെയ്ക്ക് വീരപരിവേഷം ലഭിച്ചു. തുടർന്നുണ്ടായ തിരഞ്ഞെടുപ്പുകളിൽ അവർ വലിയ വിജയം നേടി. അധികാരം കൈവന്നപ്പോൾ അവർ എടുത്ത ബുദ്ധിശൂന്യമായ നടപടികൾ ആണ് ശ്രീലങ്കയെ ഈ പതനത്തിൽ എത്തിച്ചത്.

ചൈനയിൽ നിന്ന് വാങ്ങിയ ഭീമമായ വായ്പ പ്രയോജനപ്രദമല്ലാത്ത പദ്ധതികൾക്ക് വേങ്ങി ചിലവഴിച്ചു. കോടികൾ മുടക്കി അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചു. കാര്യമായ വ്യവസായമൊന്നും ശ്രീലങ്കയിൽ ഇല്ല. ടൂറിസത്തിൽ നിന്ന് കിട്ടുന്ന വരുമാനം, കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനം, ചെറിയ രീതിയിലുള്ള വസ്ത്ര വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇതൊക്കെയാണ് ശ്രീലങ്കയുടെ വരുമാന മാർഗ്ഗങ്ങൾ.

publive-image

കോവിഡ് പടർന്നതോടെ ടൂറിസം രംഗം നിശ്ചലമായി. രാസവളത്തിന് പകരം ജൈവ വളം ഉപയോഗിച്ചാൽ മതി എന്ന മണ്ടൻ തീരുമാനം കൃഷിയെ ഇല്ലാതാക്കി. ഓൺലൈൻ വ്യാപാരം കൂടിയതോടെ വസ്ത്ര വ്യാപാര മേഖലയും തകർന്നു.

ഈ സമയത്താണ് ചൈനയിൽ നിന്ന് കോടികൾ വാങ്ങി ധൂർത്തടിച്ചത്. ഈ പണം മുഴുവൻ വരുമാനമില്ലാത്ത പദ്ധതികൾക്കായി ചിലവഴിച്ചു. കോടികളുടെ അഴിമതി നടത്തി. ഇതോടെ രാജ്യത്തിന്റെ ഖജനാവ് കാലിയായി.

publive-image

യാതൊരു ചിന്തയുമില്ലാത്ത ഭരണാധികാരികളുടെ ചെയ്തികൾ ആണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണം. ചൈനീസ് താൽപര്യങ്ങൾ അടിച്ചേൽപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചൈന വലിയ തോതിൽ വായ്പ നൽകുന്നത്.

പലപ്പോഴും രാഷ്ട്ര ഭരണത്തിനായി കടമെടുക്കേണ്ടിവരും. എന്നാൽ ചിലവാക്കുന്നത് ലാഭകരമായ പദ്ധതികൾക്ക് ആയിരിക്കണം. വർത്തമാനകാല ശ്രീലങ്ക എല്ലാവർക്കും വലിയ പാഠമാണ് നൽകുന്നത്.

ഭരണാധികാരികൾ ധൂർത്തും അഴിമതിയും നടത്തിയാൽ രാജ്യം നശിക്കും. എല്ലാ ഭരണാധികാരികൾക്കും ശ്രീലങ്ക ഒരു പാഠമാവട്ടെ .

Advertisment