അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ നില അനുദിനം പരുങ്ങലിലാണ്. ഇപ്പോൾ ഒരു ഡോളറിന് 80 ഇന്ത്യൻ രൂപ നൽകേണ്ട അവസ്ഥയാണ് നിലവിൽ.. മൂല്യം ഇനിയും താഴേക്കു പോകുമെന്നാണ് അനുമാനം.
എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇത്തരത്തിൽ ഇടിയുന്നത് ?
ഉദാഹരണത്തിന് നമ്മൾ വിദേശത്തുനിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വില ഡോളറിലാണ് നൽകേണ്ടത്. രൂപ അവർ സ്വീകരിക്കില്ല. നമ്മൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വർദ്ധിക്കുന്നതുമൂലം നമ്മുടെ വിദേശകറൻസി നിക്ഷേപത്തിൽ നിന്നും നമുക്ക് അധികം തുക നൽകേണ്ടിവരുന്നു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയാണ് അടിക്കടി കൂടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബാരലിന് 123 ഡോളറിനും മുകളിലായിക്കഴിഞ്ഞു. ഈ വിലവർദ്ധനമൂലം നമ്മൾ അധികവില നല്കുന്നതിനനുസരിച്ച് രൂപയുടെ മൂല്യത്തിൽ വെത്യാസം സംഭവിക്കുന്നു.
ഉദാഹരണം ഈ വർഷം ആദ്യം ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 75 രൂപയായിരുന്നത് ഇപ്പോൾ 80 ആയി മാറിക്കഴിഞ്ഞു. അന്ന് 75 ലക്ഷം ഡോളറിന് ഇറക്കുമതി ചെയ്ത സാധനത്തിന് ഇന്ന് 80 ലക്ഷം ഡോളർ നൽകേണ്ടിവരുന്നു.
അതിനർത്ഥം 5 ലക്ഷം രൂപയുടെ നഷ്ടമാണ് നമുക്കുണ്ടാകുന്നത്. ഇത് ഒരു ചെറിയ ഉദാഹരണമാണ്. ഓർക്കേണ്ട വസ്തുത നമ്മുടെ ഇറക്കുമതി ഓരോ വർഷവും എത്രയോ കോടി ഡോളറിന്റേതാണ്.
രൂപയുടെ മൂല്യം ഇടിയാനുള്ള മറ്റൊരു പ്രധാനകാരണം രാജ്യത്തെ ഉൽപ്പാദനങ്ങളുടെ വിലയിടിവും വിദേശ ത്ത് അവയുടെ മാർക്കറ്റില്ലായ്മയുമാണ്. അതോടൊപ്പം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനയും ഇന്ത്യൻ മാർക്കറ്റുകളിൽനിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പിൻവലിക്കലുമാണ്.
ഷെയർ മാർക്കറ്റുകളിൽ വൻതോതിൽ വിദേശസ്ഥാപന നിക്ഷേപകർ അവരുടെ ഷെയറുകൾ വിറ്റഴിക്കുന്നതും തിരിച്ചടിയാണ്. ഇത്തരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച മാത്രം 4,164.01 കോടി രൂപയുടെ ഷെയറുകളാണ് വിൽക്കപ്പെട്ടത്.
ഇന്ത്യയിൽ നിക്ഷേപിക്കുന്നതിൽ കൂടിയ വരുമാനം അമേരിക്കയിൽ ലഭിക്കുമെന്ന സ്ഥിതിയിലാണ് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്. അമേരിക്കയിൽ വിലക്കയറ്റം അതിരൂക്ഷമാണ്. കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്. വിലക്കയറ്റം പിടിച്ചുനിർത്താൻ അവിടുത്തെ ഫെഡറൽ ബാങ്ക് ഇടപെടൽ ഉറപ്പായതാണ് നിക്ഷേപകർ അവിടേക്ക് മടങ്ങാൻ കാരണമായത്.
ലോകമെമ്പാടുമുള്ള നിക്ഷേപകർ എല്ലാ രാജ്യത്തും നിക്ഷേപം നടത്താറുണ്ട്. അതിനുള്ള കാരണം അവർക്ക് കൂടുതൽ റിട്ടേൺ എന്ന ലക്ഷ്യമാണ്. എവിടെ വരുമാനം കൂടുന്നുവോ അവിടെ നിക്ഷേപകർ ഓടിയെത്തും.
വിദേശവിനിമയ മാർക്കറ്റിൽ രൂപക്ക് ഇടിവുണ്ടായാൽ അതിൻ്റെ പ്രതിഫലനം ഷെയർ മാർക്കറ്റിൽ പ്രകടമാകും. അതുപോലെ ഷെയർ സൂചിക ഉയരുമ്പോൾ രൂപയും ശക്തമാകും. ഷെയർ മാർക്കറ്റിൽ നിന്ന് ആളുകൾ പണം പിൻവലിച്ചാൽ സ്വാഭാവികമായും രൂപ ദുർബലമാകും. ഇവ രണ്ടും ഇന്റർ കണക്റ്റഡ് ആണ്.
അമേരിക്കൻ ഫെഡറൽ ബാങ്ക് പലിശനിരക്കിൽ വ്യതിയാനം വരുത്തുന്ന ഇടപെടൽ നടത്തിയാൽ ഇന്ത്യൻ രൂപ ഇനിയും താഴേക്കുപോകാനുള്ള സാദ്ധ്യത കൂടുതലാണ്. കാരണം ആളുകൾ ഷെയർ മാർക്കറ്റിൽ നിന്നും പണം പിൻവലിക്കുകയും ഇറക്കുമതി ബാദ്ധ്യത കൂടുകയും ചെയ്‌താൽ അത് സംഭവിക്കുമെന്നുറപ്പാണ്.