സീനിയൻ സിറ്റിസൺസിനുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കിയ താങ്കൾ എം.പി മാർക്കും മുൻ എം.പി മാർക്കും എന്തിനാണ് ഈ ആനുകൂല്യങ്ങൾ ഇപ്പോഴും വാരിക്കോരി നൽകുന്നത് ?
നമ്മൾ അറിയണം ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും 60 വയസ്സിനുമുകളിൽ പ്രായമുള്ളവരെ സംരക്ഷിക്കുന്ന ചുമതല അവിടുത്തെ സർക്കാരുകളിൽ നിക്ഷിപ്തമാണ്. മികച്ച സൗകര്യങ്ങളുള്ള ഓൾഡ് ഏജ് ഹോമുകളും സൗജന്യ ചികിത്സയും ഭക്ഷണവും, ഉന്നത പരിചരണവും അവർക്ക് യാത്ര ചെയ്യാൻ ഇലക്ട്രിക് വീൽ ചെയറുകളും ബസിലും ട്രെയിനുകളിലും ട്രാമുകളിലും സൗജയയാത്രകളും അവിടെ അനുവദിച്ചിട്ടുണ്ട്. ഇതൊക്കെമൂലം ജീവിതസായാഹ്നം വളരെ ആഹ്ളാദകരമായാണ് അവിടുത്തെ വൃദ്ധജനങ്ങൾക്ക് അനുഭവപ്പെടുന്നത്.
എന്നാൽ ഇന്ത്യയിൽ അത്തരമൊരു സംവിധാനം ഒരു സംസ്ഥാനത്തും നിലവിലില്ലെന്നതോ പോകട്ടെ മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന റെയിൽവേ യാത്രാ ഇളവുകളും കോവിഡ് കാലഘട്ടം മുതൽ കേന്ദ്ര സർക്കാർ നിർത്തലാക്കിരിക്കുകയാണ്. തക്കം പാർത്തിരുന്ന തട്ടിയെടുത്തതുപോലെയാണ് ഈ നടപടി.
നമ്മുടെ നാട്ടിലും ധാരാളം അനാഥാലയങ്ങളും ഓൾഡ് ഏജ് ഹോമുകളും പ്രവർത്തിക്കുന്നുണ്ട്. അത് നടത്തുന്നവർ പലരും മഹാന്മാരായി വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും അവിടുത്തെ അന്തേവാസികളുടെ അവസ്ഥയും അവരുടെ ജീവിതരീതികളും മൊത്തത്തിലുള്ള യാഥാർത്ഥചിത്രങ്ങളും ഒന്നും പുറത്താർക്കും അറിയില്ല.
സന്ദർശകർക്ക് നടത്തിപ്പുകാരുടെ എസ്‌കോർട്ടില്ലാതെ അന്തേവാസികളുമായി സംസാരിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഒരു ദുരൂഹത അവിടെ നിറഞ്ഞു നിൽക്കുന്ന പ്രതീതിയാണ്. അവിടങ്ങളിൽ ഉണ്ടാകാറുള്ള വിവാദങ്ങൾ ഒന്നും അന്വേഷിക്കാറുമില്ല.പക്ഷേ ഒന്നുണ്ട് , അവിടെ നടക്കുന്ന മരണങ്ങൾ പത്രങ്ങളിൽ വരാറുണ്ട്.
"ഇന്ത്യൻ റെയിൽവേ നിങ്ങളുടെ സമ്പത്താണ്, റെയിൽവേയുടെ ആസ്തികൾ നിങ്ങളുടേതാണ് " എന്ന റെയിൽവേ മുദ്രാവാക്യം ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് കാലത്തിനുമുന്പ് റെയിൽവേയിൽ യാത്രചെയ്യുന്ന 58 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്ക് ടിക്കറ്റിൽ 50% കൺസഷനും 60 വയസ്സിനുമുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് 40 % വും ഇളവാണ് ലഭിച്ചിരുന്നത്.
ഈ ഇളവുകൾ എന്നത്തേക്കുമായി ഇപ്പോൾ റെയിൽവേ നിർത്തലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രി വലിയ നീട്ടിപ്പിടിച്ച ഒരു കണക്കാണ് നിരത്തിയിരിക്കുന്നത്. സീനിയൻ സിറ്റിസൺസിന് നൽകുന്ന ഇത്തരം ഇളവുകൾ മൂലം റെയിൽവേക്ക് വർഷാവർഷം ഭരിച്ച നഷ്ടമാണത്രേ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് നിർത്തലാക്കിയശേഷം 2021- 22 ൽ 3400 കോടി രൂപയുടെ ലാഭവുമു ണ്ടായത്രേ.
റെയിൽവേ നഷ്ടം വരുത്താനല്ല ഓടുന്നതെന്നും മന്ത്രി വെളിപ്പെടുത്തി. അത് സമ്മതിക്കുന്നു. ലാഭനഷ്ടക്കണക്കുകൾ കൂലങ്കഷമായി വിലയിരുത്തപ്പെടുന്ന ഇക്കാലത്ത് ജീവിതം ജീവിച്ചു കഴിഞ്ഞ വൃദ്ധജനങ്ങൾക്ക് എന്തിനാണ് ഒരു പ്രസ്ഥാനത്തെ നഷ്ടപ്പെടുത്തി ഈ സൗജന്യങ്ങൾ നൽകുന്നതെന്ന് ഒരു സർക്കാർ തീരുമാനിച്ചാൽ പിന്നെന്തു പറയാനാണ്.
എന്നാൽ റെയിൽവേമന്ത്രി ഒരു കാര്യം ബോധപൂർവ്വം വിസ്മരിച്ചിരിക്കുന്നു. നിലവിലെ എം.പി മാർക്കും മുൻ എം.പി മാർക്കും ഈ ആനുകൂല്യങ്ങൾ റെയിൽവേയിൽ ഇപ്പോഴും തുടരുകയാണ്. സാധാരണക്കാരുടെ അവകാശമായിരുന്ന ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞ സർക്കാർ സാമ്പത്തികമായി വളരെ നല്ല നില യിലുള്ള എം.പി മാരുടെ ആനുകൂല്യങ്ങൾ എന്തുകൊണ്ട് നിർത്തലാക്കുന്നില്ല എന്നതാണ് കാതലായ ചോദ്യം ? കോവിഡ് കാലത്തു പോലും ഇത് മുടക്കം വരാതെ തുടർന്നുപോന്നു എന്നതും അതിശയകരം. ഗ്യാസ് സബ്‌സിഡി പോലും അന്ന് നിർത്തലാക്കിയത് ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. അതും ഇനി പ്രതീക്ഷയില്ലാത്ത അവസ്ഥയിലാണ്.
ട്രെയിനുകളിൽ നിലവിലുള്ള എം പി മാർക്കും അവരുടെ ഭാര്യ/ ഭർത്താക്കന്മാർക്ക് ഏ.സി ഫസ്റ്റ് ക്ലാസ്സിൽ യാത്ര സൗജന്യമാണ്. മുൻ എം.പി മാർക്ക് ഭാര്യക്കോ ഭർത്താവിനോ ഒപ്പം സെക്കൻഡ് എ.സി യിലും ഒറ്റയ്ക്ക് ഫസ്റ്റ് എ.സി യിലും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
ഈ ആനുകൂല്യം ഇന്നുവരെ നിർത്തലാക്കാൻ ഒരു സർക്കാരുകൾക്കും ധൈര്യമുണ്ടായിട്ടില്ല. മുന്തിയ ശമ്പളവും അലവൻസുകളും ബംഗ്ലാവും പെൻഷനും മറ്റാനുകൂല്യങ്ങളും എല്ലാം മികച്ചരീതിയിൽ ലഭിക്കുന്ന ഇവർക്ക് ഈ സൗജന്യം എന്തിനാണ് നൽകുന്നതെന്ന് റെയിൽവേമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. ഈ അനു കൂല്യം കോവിഡ് കാലത്തുപോലും നിർത്തലാക്കാൻ സർക്കാർ തയ്യറായതുമില്ല.
നിലവിലുള്ള എം.പി മാർക്കും മുൻ എം.പി മാർക്കും നൽകുന്ന ഈ ഇളവുകൾക്ക് റെയിൽവേക്ക് യാതൊരു നഷ്ടവുമില്ല എന്നതാണ് യാഥാർഥ്യം. കാരണം അവർ ഇതിനുള്ള തുക കേന്ദ്രസർക്കാരിനോട് ക്ലയിം ചെയ്തു കൃത്യമായി വാങ്ങുന്നുണ്ട് എന്നതാണ് നാമറിയേണ്ട മറ്റൊരു വസ്തുത.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കഴിഞ്ഞ 5 വർഷക്കാലം എം.പി മാർക്കും മുൻ എം.പി മാർക്കും നൽകിയ സൗജന്യയാത്രയുടെ പൂർണ്ണ തുകയായ 62 കോടി രൂപ കേന്ദ്ര സർക്കാർ റെയിൽവേക്ക് നൽകുകയും ചെയ്തു. സർക്കാർ എവിടുന്നാണ് ഇത് നൽകുന്നത് ? സംശയമില്ല, നമ്മുടെ നികുതിപ്പണം തന്നെ.
കോവിഡ് മഹാമാരിയുടെ സമയത്ത് 2020 -21 ൽ എം.പി മാരും മുൻ എം.പി മാരും ഫ്രീ പാസ്സ് വഴി 2.47 കോടി രൂപയുടെ യാത്രയാണ് ട്രെയിനിൽ നടത്തിയത്. ഇത്തരത്തിലുള്ള ആനുകൂല്യങ്ങളും ഇളവുകളും മൂലം സർക്കാരിന് ഒരു നഷ്ടവുമുണ്ടാകില്ലെന്നാണോ ? പ്രതികരിക്കാനോ പ്രതിരോധിക്കാനോ സംഘടിത ശക്തിയ ല്ലാത്ത സാധാരണക്കാരന് നൽകുന്ന ഇളവുകളാണോ സർക്കാരിനും റെയിൽവേക്കും ബാദ്ധ്യതയാകുന്നത് ?
ഇതെല്ലം ജനങ്ങളുടെ കീശയിൽ നിന്നുള്ള നികുതിപ്പണമാണെന്നിരിക്കേ ഒരു വിഭാഗത്തിനുമാത്രമായി അത് ചെലവഴിക്കുന്നതിൽ അപാകത കാണാത്ത സർക്കാർ നയം അപലപനീയമാണ്. എതിർക്കപ്പെടേണ്ടതുമാണ്.