നേതാക്കളേ നിങ്ങളെ ആരെങ്കിലും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചോ ? നിങ്ങളെല്ലാം ചേർന്ന് നിങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വാനോളം ഉയർത്താൻ പോകുകയാണ് അല്ലേ ? ഇപ്പോൾ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും മതിയാകാത്തവർ പൊതുപ്രവർത്തനം ഉപേക്ഷിച്ചു പോകട്ടെ. നിസ്വാർത്ഥമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന യുവാക്കളുടെ പുതിയ തലമുറക്കായി അവർ വഴിമാറട്ടെ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നേതാക്കളേ നിങ്ങളെ ആരെങ്കിലും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചോ ? ചോദിക്കാൻ കാരണമുണ്ട്... നിങ്ങളെല്ലാം ചേർന്ന് നിങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വാനോളം ഉയർത്താൻ പോകുകയാണ് അല്ലേ ? തീരുമാനിക്കുന്നതും നടപ്പാക്കുന്നതും നിങ്ങളെല്ലാം ചേർന്ന്. ആരുടേയും അനുവാദത്തിൻ്റെ ആവശ്യവുമില്ല. എതിരഭിപ്രായം എതിർഭാഗത്തുനിന്നുപോലും ഉണ്ടാകാറുമില്ല. അതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കേണ്ടിവന്നത് ?

"നേതാക്കളേ നിങ്ങളെ ആരെങ്കിലും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചോ എന്ന് ? " ചോദ്യം ചോദിച്ചത് ഞാനല്ല, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനാണ്. രണ്ടുമാസം മുൻപ് പഞ്ചാ ബിലെ എംപി മാരുടെയും എംഎല്‍എ മാരുടെയും, ഒന്നിലധികമുള്ള പെൻഷനുകളും മറ്റാനുകൂല്യങ്ങളും നിർത്തലാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധമുയർന്നപ്പോൾ അദ്ദേഹം നേതാക്കളോട് ചോദിച്ച ചോദ്യമായിരുന്നു ഇത്... " നിങ്ങളെ ആരെങ്കിലും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചോ എന്ന് "

ഒരൊറ്റ നേതാവും അതിനു മറുപടി പറഞ്ഞില്ല. എതിർപ്പുകളും അതോടെ അവസാനിച്ചു. പൊതുപ്രവർത്തനം ലാഭേച്ഛകൂടാതെ നിസ്വാർത്ഥമായി നടത്തേണ്ടതാണെന്നും അതിനു തയ്യാറുള്ളവർ മാത്രം മുന്നോട്ടുവരണമെന്നും കൂടി അദ്ദേഹം പറയുകയുണ്ടായി. രാഷ്ട്രീയപ്രവർത്തനം ധനസമ്പാദനത്തിനുള്ള മാർഗ്ഗമാക്കാൻ പാടില്ല എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.

പല ജനപ്രതിനിധികളും എങ്ങനെയാണ് ഇത്രപെട്ടെന്ന് സമ്പന്നരായിമാറുന്നത് ? അവർ വെളിപ്പെടുത്തിയി രിക്കുന്ന സ്വത്തുക്കളും സമ്പാദ്യങ്ങളും പരിശോധിക്കേണ്ടതല്ലേ ? അതിനുള്ള കൃത്യമായ സംവിധാനം ഉണ്ടാകേണ്ടതുതന്നെയാണ്. പക്ഷേ പൂച്ചയ്ക്ക് ആര് മണികെട്ടും ? മാർക്കറ്റുവില അനുസരിച്ചാണോ അവരുടെ സ്വത്തും ,ഷെയറും,സമ്പാദ്യവുമൊക്കെ കണക്കാക്കിയിരിക്കുന്നത് ?

ചോദ്യം ഇവിടുത്തെ നേതാക്കളോടും എംഎല്‍എമാരോടും മന്ത്രിമാരോടുമാണ്. പൊതുപ്രവർത്തനത്തിലേക്ക് നിങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വന്നവരാണ്. രാഷ്ട്രീയ പ്രവർത്തനം പ്രതിഫലേച്ഛ കൂടാതെ നിസ്വാർത്ഥമായും സത്യസന്ധമായും നടത്താൻ തയ്യാറുള്ളവർ മാത്രമേ ഈ രംഗത്തേക്ക് വരാൻ പാടുള്ളു. അല്ലാത്തവർ അറിയാവുന്ന തൊഴിലിലേക്ക് തിരിയുക എന്നതാണ് അവർ മാന്യമായി ചെയ്യേണ്ടത്.

ആരെയും അസൂയപ്പെടുത്തുന്ന, ഉന്നത ശമ്പളവും ഭീമമായ ആനുകൂല്യങ്ങളും മറ്റെന്തെല്ലാം സൗകര്യങ്ങളും ഒക്കെ നിങ്ങളെല്ലാം ചേർന്ന് തന്നെ കാലാകാലങ്ങളായി സ്വായത്തമാക്കി.
വീണ്ടും അതുതന്നെ തുടരുന്നു. ഇപ്പോഴിതാ അതിനായി കമ്മീഷൻ എന്ന ഒരു പുകമറയും സൃഷ്ടിച്ചിരിക്കുന്നു.

അതിനുള്ള ചെലവും പൊതുഖജനാവിൽ നിന്നും. നമുക്കറിയാം എത്രയോ കമ്മീഷൻ ഉത്തരവുകൾ ഇവിടെ നടപ്പാക്കാതെ പോയി ?? എന്നാൽ ഇത് തീർച്ചയായും നടപ്പാകും. കാരണം എതിർക്കാൻ ആളില്ലല്ലോ ?

പൊതുജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ കൈപ്പറ്റുമ്പോൾ അവരുടെ അനുവാദമോ അഭിപ്രായമോ (റെഫറണ്ടം) വാങ്ങേണ്ടത് അനിവാര്യമാണ്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അത് നടക്കുന്നില്ല. പറച്ചിലോ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്നും.
ജനം വിലക്കയറ്റത്താൽ പൊറുതിമുട്ടുകയാണ്.

കോവിഡ് കാലത്ത് ജോലി നഷ്ടമായി ഗൾഫ് മേഖലയിൽ നിന്നും മടങ്ങിവന്നവരിൽ നല്ലൊരു ശതമാനത്തിനും തിരികെ പോകാൻ കഴിഞ്ഞിട്ടില്ല. അവരിൽ പലരും ജീവനോപാധിക്കായി വീടിനോടു ചേർന്ന് ചെറിയ വ്യാപാരസ്ഥാപനങ്ങൾ ആരംഭിച്ചത് കരപിടിക്കാത്ത അവസ്ഥയിലാണ്. അതിനുള്ള കാരണം കച്ചവടക്കാരുടെ ബാഹുല്യവും ഉപഭോക്താക്കളുടെ വാങ്ങാനുള്ള സാമ്പത്തിക പരിമിതികളും തന്നെ.

കേരളത്തിലും ഒന്നിലധികം പെൻഷനുകളും മറ്റാനുകൂല്യങ്ങളും അനധികൃതമായി സായുധസേനയുടെ സുരക്ഷയും നേടിയിട്ടുള്ളവർ അതുപേക്ഷിക്കാൻ തയ്യറാകുന്നില്ലെങ്കിൽ പഞ്ചാബ് സർക്കാർ ചെയ്തതു പോലുള്ള നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.

മുകളിൽപ്പറഞ്ഞ സാഹചര്യങ്ങളും കാരണങ്ങളും കൊണ്ടുതന്നെ ജനപ്രതിനിധികളുടെ ശമ്പളവും ആനു കൂല്യങ്ങളും വർദ്ധിപ്പിക്കാനുള്ള നീക്കം കേരളസർക്കാർ ഉപേക്ഷിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

ഇപ്പോൾ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും മതിയാകാത്തവർ പൊതുപ്രവർത്തനം ഉപേക്ഷിച്ചു പോകട്ടെ. നിസ്വാർത്ഥമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന യുവാക്കളുടെ പുതിയ തലമുറക്കായി അവർ വഴിമാറട്ടെ.

Advertisment