/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുക എന്ന് നമ്മൾ പറയാറുണ്ട്. അതു പോലെ തന്നെയാണ് പെൻഷൻ ചട്ടിയിൽ കൈയ്യിട്ട് വാരുന്നതും. വാരുന്നതാരാണ് ? പിണറായി സർക്കാരിലെ രണ്ട് ധനമന്ത്രിമാർ. കഴിഞ്ഞ പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് തുടങ്ങി വച്ചത് കെ.എൻ. ബാലഗോപാൽ തുടരുന്നു.
ഒരു വശത്ത് അഴിമതിയും ധൂർത്തും കൊള്ളയും ആടി തിമിർക്കുമ്പോൾ മറുവശത്ത് പാവപ്പെട്ട റിട്ടയർഡ് യുജിസി അധ്യാപകരുടെ ശമ്പള കുടിശ്ശികയും പെൻഷൻ ആനുകൂല്യങ്ങളും തടഞ്ഞ് വയ്ക്കുന്നു. അധ്യാപകരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും സ്വന്തം സർക്കാരാണ് ഈ ചതി ചെയ്യുന്നത്.
എന്തായാലും കേരള ഹൈക്കോടതി ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടിരിക്കുകയാണ്. തുടരെ വന്ന രണ്ട് ഉത്തരവുകളിലൂടെ റിട്ടയർഡ് യുജിസി അധ്യാപകരുടെ ശമ്പള കുടിശ്ശികയും പെൻഷൻ ആനുകൂല്യങ്ങളും അടിയന്തിരമായി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരിക്കുന്നത്. പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന സുപ്രീം കോടതി നിരീക്ഷണം എടുത്ത് പറഞ്ഞു കൊണ്ടാണ് വിധി പ്രസ്താവം നടത്തിയത്.
യുജിസിയുടെ ഏഴാം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയത് 1-1-2016 ൽ ആണ്. എന്നാൽ കേരള സർക്കാർ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പാക്കിയത് 2019 ൽ ആണ്. 1-1-2016 നും 30-6-2019 നും ഇടയിൽ വിരമിച്ച യുജിസി അധ്യാപകരുടെ ശമ്പള കുടിശ്ശികയും പരിഷ്ക്കരിച്ച പെൻഷൻ ആനുകൂല്യങ്ങളും നൽകിയതായി കണക്കാക്കണം എന്നതായിരുന്നു സർക്കാർ ഉത്തരവ്. ഇതിന് കാരണമായി പറഞ്ഞത് സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ്.
എന്നാൽ 30-6-2019 ന് ശേഷം വിരമിച്ച എല്ലാ അധ്യാപകർക്കും മുഴുവൻ ആനുകൂല്യങ്ങളും നൽകുകയും ചെയ്തു. അതായത് 1-1-2016 ന്‌ശേഷം റിട്ടയർ ചെയ്ത കോളേജ് അധ്യാപകരെ സർക്കാർ രണ്ട് തട്ടിലാക്കി. ഇതിനെതിരെയാണ് വിരമിച്ച അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചത്.
ഈ ആനുകൂല്യങ്ങൾ നൽകേണ്ടതാണ് എന്ന വസ്തുത ധനവകുപ്പിന് അറിയാത്തതല്ല. ധനമന്ത്രിയും വകുപ്പും പൊട്ടൻ കളിക്കുകയാണ്. റിട്ടയർഡ് അധ്യാപകർക്കെതിരെ നടത്തുന്ന ഈ ചൂഷണം എതിർക്കേണ്ട കോളേജ് അധ്യാപകസംഘടനകൾ സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുകയാണ്. കാരണം വിരമിച്ച അധ്യാപകരെക്കൊണ്ട് സംഘടനകൾക്ക് സാമ്പത്തിക നേട്ടമില്ല.
എ.കെ.പി.സി.ടി.എ , എ.കെ.ജി.സി.ടി എന്നീ ഇടതുപക്ഷ അധ്യാപക സംഘടനകൾക്കാണ് കരുത്തും സ്വാധീനവുമുള്ളത്. ഒരു കാലത്ത് ഇവർക്ക് വേണ്ടി കൊടിപിടിച്ച വിരമിച്ച സഹപ്രവർത്തകർക്ക് വേണ്ടി ചെറുവിരൽ അനക്കാത്ത ഈ സംഘടനകളുടെ ഇരട്ടത്താപ്പിൽ ശക്തമായ അമർഷമാണ് ഉള്ളത്.
ഹൈക്കോടതി വിധി നടപ്പാക്കാൻ രണ്ട് മാസമാണ് സർക്കാരിന് നൽകിയിട്ടുള്ള സമയം.
ഹൈക്കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുവാനും പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കുവാനുമാണ് വിരമിച്ച അധ്യാപകരുടെ തീരുമാനം.
പെൻഷൻ ചട്ടിയിൽ കൈയ്യിട്ട് വാരുന്ന ധനമന്ത്രി എന്ന നാണക്കേടിൽ നിന്ന് കെ.എൻ. ബാലഗോപാൽ മുക്തനാകുമോ എന്ന് ഉടൻ അറിയാം.