അമേരിക്കൻ ജനതയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ ഞങ്ങൾ സർവ്വശക്തിയുമുപയോഗിച്ചു പ്രതിരോധിക്കും. ഞങ്ങളത് വ്യക്തമാക്കിയിരിക്കുന്നു. അതിനെത്ര സമയമെടുക്കുന്നു എന്നത് വിഷയമല്ല. അവർ എവിടെ ഒളിച്ചാലും പ്രശ്നമല്ല. ഞങ്ങൾ ശത്രുക്കളെ കണ്ടുപിടിച്ചിരിക്കും.
ഇപ്പോൾ ഞങ്ങൾ 9/11 ആക്രമണത്തിന് പകരം വീട്ടിയിരിക്കുന്നു..
( The United States continues to demonstrate our resolve and our capacity to defend the American people against those who seek to do us harm.Tonight we made clear: No matter how long it takes. No matter where you try to hide.We will find you.)
അൽ ഖായിദ തലവൻ അൽ സവാഹിരിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചശേഷം അമേരിക്കൻ പ്രസിഡണ്ട് ട്വീറ്റ് ചെയ്ത വരികളാണ് മുകളിൽ നൽകിയിരിക്കുന്നത്.
2001 സെപറ്റംബർ 11 ന് 19 ഭീകരർ ചേർന്ന് നാലു വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ ഉൾപ്പെടെ നടത്തിയ ആക്രമണങ്ങളിൽ 93 രാജ്യങ്ങളിൽനിന്നുള്ള 2977 ആളുകളാണ് കൊല്ലപ്പെട്ടത്.
ഈ ഭീകരാക്രമണണത്തിന്റെ സൂത്രധാരൻ അഥവാ ഇതിന്റെ ആശയം മുഴുവനും അൽ സവാഹിരിയുടേതായിരുന്നു. പദ്ധതി നടപ്പാക്കിയത് അന്ന് അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദനും. ലാദനും സവാഹിരിയും അൽ ഖായിദയുടെ അക്കാലത്തെ രണ്ടു നെടുംതൂണുകളായിരുന്നു. രണ്ടു പേരും സമ്പന്നകുടുംബത്തിൽ ജനിച്ചവരായിരുന്നു. സവാഹിരി ഈജിപ്റ്റ് സ്വദേശിയായ കണ്ണ് ഡോക്ടറും ലാദൻ സൗദി സ്വദേശിയും.
2011 ൽ പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയശേഷം അൽ സവാഹിരി അൽ ഖായിദയുടെ തലവനായി അവരോധിക്കപ്പെട്ട് അജ്ഞാതവാസത്തിലായിരുന്നു.
അധികം പുറം ലോകവുമായി ബന്ധപ്പെടാതിരുന്ന അൽ സവാഹിരി അടുത്തിടെ കർണ്ണാടക യിൽ ഉണ്ടായ ഹിജാബ് വിഷയത്തിൽ ഇന്ത്യക്കെതിരെ ശക്തമായ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. മറനീക്കിയുള്ള അൽ സവാഹിരിയുടെ ഈ രംഗപ്രവേശം അമേരിക്കൻ അന്വേഷണ ഏജൻസികൾക്ക് സഹായകമായി മാറി.
2001 ൽ അമേരിക്ക, പിടികിട്ടാത്ത 22 ഭീകരരുടെ പട്ടികയിലുൾപ്പെടുത്തിയ അൽ സവാഹിരിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് 2.5 കോടി ഡോളറാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ഭരണം കയ്യാളിയതോടെ അവിടം ഭീകരരുടെ താവളമായി മാറുമെന്ന ലോകരാജ്യങ്ങളുടെ ആശങ്കകൾ ബലപ്പെടുത്തുന്നതാണ് അൽ സവാഹിരിയുടെ അവിടെയുണ്ടായിരുന്ന രഹസ്യതാവളം. തീവ്രവാദികൾക്ക് തങ്ങൾ അഭയം നൽകില്ല എന്ന് ലോകരാജ്യങ്ങൾക്ക് താലിബാൻ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നതും ഗുരുതരമായ വിഷയമാണ്.
കാബൂളിലെ അതിസുരക്ഷാ മേഖലയായ അതായത് ഡിഫൻസ് മിലിട്ടറി ഓഫീസർമാർ മാത്രം താമസിക്കുന്ന ഷേർപൂർ ഏരിയയിലെ വലിയൊരു കെട്ടിടത്തിലാണ് അൽ സവാഹിരിയും കുടുംബവും ( ഭാര്യയും മകളുമുൾപ്പെടെ) താമസിച്ചിരുന്നത്.
വളരെ സുരക്ഷിതമായ ഈ വീട്ടിൽ അദ്ദേഹത്തെ രഹസ്യമായി പാർപ്പിച്ചതിനുപിന്നിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയും അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയുമായ സിറാജുദീൻ ഹഖാനിയാണെന്ന് അഫ്ഗാനിൽ നിന്നുള്ള ചില മദ്ധ്യമറിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നു.
എന്നാൽ അൽ സവാഹിരി ഇക്കഴിഞ്ഞ ജനുവരിയിൽ കാബൂളിലെ ഷേർപൂർ ഏരിയയിലേക്ക് താമസമായതു മുതൽ അമേരിക്കൻ സുരക്ഷാ ഏജൻസികളുടെ രഹസ്യനിരീക്ഷണത്തിലായിരുന്നുവത്രേ. അൽ സവാഹിരിയുടെ ദിനചര്യകളും നീക്കങ്ങളും എല്ലാം അവർ കൃത്യമായി മനസ്സിലാക്കി. അതിനെല്ലാമുള്ള സംവിധാനം അവർ അവിടെ സൃഷ്ടിച്ചെടുത്തു.
എല്ലാ ദിവസവും വെളുപ്പിന് കെട്ടിടത്തിന്റെ മുകളിലുള്ള ബാൽക്കണിയിൽ നടത്തവും അവിടെ കുറച്ചുസമയം കഴിച്ചുകൂട്ടുന്നതും അൽ സവാഹിരിയുടെ സ്ഥിരമായ ശീലമായിരുന്നു. ഇതാണ് അമേരിക്കയ്ക്ക് തങ്ങളുടെ തുടർ നീക്കങ്ങൾ അനായാസമാകാൻ കാരണമായതും.
2022 ജൂലൈ 31 ന് പതിവുപോലെ അൽ സവാഹിരി ബാൽക്കണിയിൽ നടക്കാനെത്തി. അഫ്ഗാൻ സമയം 6.18 അപ്പോൾ അമേരിക്കയിൽ രാത്രി 9.48. അമേരിക്കയുടെ രഹസ്യ റീപ്പർ ഡ്രോണിൽ നിന്നും സവാഹിരിയെ ലക്ഷ്യമാക്കി ശരവേഗത്തിൽ പാഞ്ഞുചെന്ന രണ്ടു മിസൈലുകൾക്ക് ഉന്നം പിഴച്ചില്ല. ക്ഷണനേരം കൊണ്ട് അല്ല സവാഹിരി വധിക്കപ്പെട്ടു. എന്നാൽ കുടുംബങ്ങൾ ക്കാർക്കും പരുക്കുപോലുമേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
ഷേർപൂർ ഏരിയയിലെ ഈ കെട്ടിടത്തിലാണ് അൽ സവാഹിരി താമസിച്ചിരുന്നത്
അൽ സവാഹിരിയുടെ മരണം താലിബാനെ ഞെട്ടിച്ചുകളഞ്ഞു. അവർ അമേരിക്കയ്‌ക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്നും ഇത് അമേരിക്കയ്ക്ക് തന്നെ ദോഷം ചെയ്യുമെന്നുമാണ് താലിബാൻ വക്താവ് പറഞ്ഞത്.
ഏറെ നാളുകളായി അൽ ഖായിദയുടെ സഹയാത്രികരായിരുന്ന താലിബാന് അത്ര പെട്ടെന്നൊന്നും അവരെ കയ്യൊഴിയാനാകില്ല എന്ന കണക്കുകൂട്ടൽ ഇപ്പോൾ ഒട്ടുമിക്കവരും പ്രകടിപ്പിക്കുന്നുണ്ട്. അതി തീവ്രവാദ നിലപാടുകാരനായ ആഭ്യന്തരമന്ത്രി ഹഖാനിയെപ്പോലുള്ളവർ ഇപ്പോഴും അൽ ഖായിദയുടെ പക്ഷക്കാരനാണത്രേ.