"ആദ്യമായി മന്ത്രിയായതുകൊണ്ടാണ് കാര്യങ്ങൾ അറിയാത്തത് " എന്ന് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നല്ലോ ?
അതിനുള്ള കാരണം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വകുപ്പ് മന്ത്രിയായ തന്നോടു ചോദിക്കാതെയാണെന്ന് ജി.ആർ. അനിൽ പരസ്യമായി പറഞ്ഞിരുന്നു എന്നതാണ്.
യഥാർത്ഥത്തിൽ ഇത് പാടുള്ളതാണോ ? കൂട്ടുത്തരവാദിത്വമുള്ള ഒരു മന്ത്രിസഭയിൽ അതും കൂട്ടുകക്ഷിക്കാരനായ ഒരു മന്ത്രിയുടെ വകുപ്പിൽ ആ മന്ത്രിയുമായി ആലോചിക്കാതെ ഒരുദ്യോഗസ്ഥനെ നേരിട്ട് മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ നിയമിക്കാനോ മാറ്റാനോ പാടുള്ളതാണോ ? അത്തരമൊരു കീഴ്വഴക്കമുണ്ടോ ? മുൻപ് ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോ ?
ഉത്തരം ഇങ്ങനെയാണ്. 1991 -94 കാലഘട്ടം. കെ. കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻചാണ്ടിയായിരുന്നു ധനകാര്യമന്ത്രി. അന്ന് കരുണാകരന്റെ അടുത്ത അനുയായിയും കൊണ്ഗ്രസ് ഐ ഗ്രൂപ്പുകാരനുമായിരുന്ന അടൂർ പ്രകാശിന്റെ സ്ഥാപനങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡ് വലിയ വിവാദമായി മാറി.
കോൺഗ്രസ് എ ഗ്രൂപ്പുകാരനായിരുന്ന ഉമ്മൻ ചാണ്ടി ഇത് മനപ്പൂർവ്വം ചെയ്തതാണെന്നെന്ന ധാരണ കരുണാകരനും ഐ വിഭാഗങ്ങൾക്കുമുണ്ടായി. എന്നാൽ അതൊരു വെറും റൂട്ടീൻ പരിശോധനമാത്രമായിരുന്നെന്ന ഉമ്മൻ ചാണ്ടിയുടെ വിശദീകരണത്തിന് "ഞാനത് വിശ്വസിക്കുന്നു" എന്ന മറുപടിയാണ് കരുണാകരനിൽ നിന്നുമുണ്ടായത്. കോൺഗ്രസിലെ എ-ഐ വിഭാഗങ്ങൾതമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്.
പിന്നീട് അതുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾക്ക് ഇപ്പോൾ നടന്നതുമായി ചില സമാനതകളുണ്ട്. അടൂർ പ്രകാശിന്റെ സ്ഥാപനങ്ങൾ റെയിഡ് ചെയ്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥസംഘത്തിലെ തലവനായിരുന്ന മുതിർന്ന ഓഫീസറെ മുഖ്യമന്ത്രി കെ.കരുണാകരൻ നേരിട്ടിടപെടൽ നടത്തി സ്ഥലം മാറ്റി.
എന്നാൽ മുഖ്യമന്ത്രി നടത്തിയ ആ സ്ഥലം മാറ്റം മണിക്കൂറുകൾ ക്കുള്ളിൽ ക്യാൻസൽ ചെയ്തുകൊണ്ടാണ് അന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചത്. "എൻ്റെ വകുപ്പിൽ കൈകടത്താനും അഴിമതി നടത്താനും ആരെയും അനുവദിക്കില്ല" എന്നാണദ്ദേഹം അന്ന് പരസ്യമായി പറഞ്ഞത്.
ഈ സംഭവം പലരും മറന്നുകാണും. ഇന്ന് അടൂർ പ്രകാശും ഉമ്മൻചാണ്ടിയുമെല്ലാം ഒരേ വേദിയിലാണ്. അതുകൊണ്ടുതന്നെ പണ്ടുനടന്ന അപ്രിയ സംഭവങ്ങൾ ഓർക്കാൻ അവരും ഇഷ്ടപ്പെടില്ല. ഇപ്പോൾ മുഖ്യമ ന്ത്രിയും ഭക്ഷ്യമന്ത്രിയും തമ്മിലുണ്ടായിരിക്കുന്ന വിവാദത്തിൽ അന്നുനടന്ന ഈ വിഷയം ആരും ഉദാഹരണമായി ചൂണ്ടിക്കാട്ടിയില്ല എന്നത് അതിശയകരമായി തോന്നുന്നു.
സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ വകുപ്പിൽ മുഖ്യമന്ത്രി ഇടപെടുന്നത് ആ മന്ത്രിയുടെ അറിവോടെയും അനുവാദത്തോടെയും ആകണമെന്നത് ഒരു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ അടിസ്ഥാന തത്വമാണ്. അത് ആദ്യമായോ ഇനി എത്രതവണയോ മന്ത്രിയായ വ്യക്തിയായാലും ഒരുപോലെ ബാധകമാണ്.