പ്രിയ വർഗീസിന്റെ നിയമനം - യു.ജി.സിയുടെ പുതിയ അധ്യാപക നിയമനമാനദണ്ഡത്തിന്റെ സുതാര്യതയില്ലായ്മയുടെ ഉദാഹരണം - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസർ ആയി നിയമിച്ചതിനെതിരെ അക്കാദമിക് സമൂഹത്തിൽ അമർഷം പുകയുകയാണ്. സർവകലാശാലകളിലും എയ്ഡഡ് കോളേജുകളിലും അധ്യാപകനിയമനത്തിനുള്ള മാനദണ്ഡം അടുത്ത കാലത്ത് യു.ജി.സി പുതുക്കിയിരുന്നു.

മുൻകാലങ്ങളിൽ അക്കാദമിക് രംഗത്തെ മികവിനുള്ള മാർക്ക് കൂടി അഭിമുഖത്തിന്റെ മാർക്കിനോടൊപ്പം കൂട്ടിയാണ് ഉദ്യോഗാർത്ഥിയുടെ മാർക്ക് നിശ്ചയിച്ചിരുന്നത്. അതായത് ഗവേഷണബിരുദത്തിനുള്ള മാർക്ക്, പേപ്പർ പ്രസിദ്ധീകരണത്തിനുള്ള മാർക്ക്, എം.ഫിലിന്റെ മാർക്ക്, അധ്യാപന പരിചയത്തിന്റെ മാർക്ക് ഇവയോടൊപ്പം ഇന്റർവ്യൂവിന്റെ മാർക്ക് കൂടി ചേർത്താണ് റാങ്ക് നിശ്ചയിച്ചിരുന്നത്. മിനിമം യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികളേയും ഇന്റർവ്യൂവിന് വിളിക്കുമായിരുന്നു.

എന്നാൽ യു.ജി.സി യുടെ പുതിയ മാനദണ്ഡമനുസരിച്ച് യോഗ്യത വിലയിരുത്തുന്നത് രണ്ട് തലങ്ങളിലായാണ്. ഒരു ഒഴിവിന് പത്ത് പേർ എന്ന രീതിയിൽ അപേക്ഷകരെ പ്രഥമ സ്ക്രീനിങ്ങിന് വിധേയരാക്കുന്നു. ഉദാഹരണത്തിന് ഒരു ഒഴിവിലേക്ക് 60 പേർ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അധിക യോഗ്യതകൾ കണക്കാക്കി ഇതിൽ 10 ഉദ്യോഗാർക്ഷികളുടെ പാനൽ ഉണ്ടാക്കുന്നു.

പ്രസ്തുത 10 പേരെ മാത്രം ഇന്റർവ്യൂവിന് വിളിക്കുന്നു. അതുവരെയുള്ള റിസർച്ച് മാർക്ക് ഈ ഘട്ടത്തിൽ ഇല്ലാതെയാവുന്നു. അതായത് ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന 10 പേർക്കും പിന്നീട് പൂജ്യം മാർക്കാണ്. അടുത്ത റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് ഇന്റർവ്യൂവിന്റെ മാർക്ക് മാത്രം കണക്കാക്കിയാണ്. അതായത് റിസർച്ച് സ്ക്കോർ തീരെ കുറഞ്ഞ ഉദ്യോഗാർത്ഥി ആണെങ്കിൽ പോലും ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് കിട്ടിയാൽ റാങ്ക് ലിസ്റ്റിൽ ഒന്നാമതാവും.

ഇത് സ്വജനപക്ഷപാതം നടത്താൻ കൂടുതൽ സഹായകരമാകുന്നു. ഇന്റർവ്യു പാനലിൽ ഉള്ളവർ വിചാരിച്ചാൽ മാത്രം മതി നിയമനം ലഭിക്കുവാൻ. ഈ പഴുത് ഉപയോഗിച്ചാണ് 156 റിസർച്ച് സ്കോറുള്ള പ്രിയ വർഗീസ് 651 റിസർച്ച് സ്കോറുള്ള വ്യക്തിയെ മറികടന്ന് റാങ്ക് ലിസ്റ്റിൽ ഒന്നാമതായത്.

ഇന്റർവ്യൂവിൽ പ്രിയ വർഗീസിന് 32 മാർക്കും മറ്റേ വ്യക്തിക്ക് 30 മാർക്കുമാണ് ലഭിച്ചത്. സബ്ജക്ട് എക്സ്പർട്ടുകൾ എതിർത്തിട്ടും വൈസ് ചാൻസ്ലറിന്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചത് എന്ന് പറയപ്പെടുന്നു.

ഉത്തരേന്ത്യൻ സർവകലാശാലകളിൽ തന്നിഷ്ടക്കാരെ തിരുകി കയറ്റാൻ ബി.ജെ.പി നടത്തുന്ന അതേ തന്ത്രമാണ് സി.പി.എം ഇവിടെ നടത്തുന്നത്. ആയതിനാൽ ഇവിടെ കിടന്ന് കുറെ ബഹളമുണ്ടാക്കാമെന്നല്ലാതെ പ്രതിഷേധം ഗുണപ്പെടുമെന്ന് തോന്നുന്നില്ല.

കേരളത്തിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളും വളരെ സന്തോഷത്തിലാണ്. കൂടുതൽ കാശ് കൊടുക്കുന്നവരെ ഒരു വിഷമവുമില്ലാതെ നിയമിക്കാം. ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിയുന്നതിന് കൂടുതൽ ഉദാഹരണം വേണോ ?

Advertisment