രണ്ടും പ്രതിഷേധമാണ്, രണ്ടും ഗൂഢാലോചനയാണ് ! ഗവർണർക്കും മുഖ്യമന്ത്രിക്കും ഇരട്ട നീതിയോ ? - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗവർണറും മുഖ്യമന്ത്രിയും ഒരു സംസ്ഥാനത്തെ ഭരണത്തലവൻമാരാണ്. ഗവർണർ ഭരണഘടനാത്തലവനാണെങ്കിൽ മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ തലവനാണ്. രണ്ടു പേരും ഭരണഘടനാനുസൃതമായി അധികാരം ഉപയോഗിക്കേണ്ടവരാണ്.

അടുത്ത കാലത്ത് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇവർക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കുകയും റിമാൻഡ് ചെയുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയും ചെയ്തു.

മുഖ്യമന്ത്രിയെ ശാരീരികമായി ഉപദ്രവിക്കുവാൻ ഉദ്ദേശമില്ലായിരുന്നുവെന്നും വെറും പ്രതിഷേധം മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും ഇതിലൊരാളായ ഫർസാൻ മജീദ് പിന്നീട് പറയുകയുണ്ടായി.

publive-image

ഇത് ഗൂഢാലോചന ആയിരുന്നുവെന്നും അതിന്റ സൂത്രധാരൻ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ ആണെന്നും പോലീസ് കണ്ടെത്തുകയും ശബരീനാഥനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

ഇവരുടെ ന്യായീകരണം എന്ത് തന്നെ ആയിരുന്നാലും വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയത് അംഗീകരിക്കാനാവില്ല. ഉദ്ദേശം എന്താണെങ്കിലും പ്രതിഷേധിക്കുവാൻ ആയി വിമാനം തിരഞ്ഞെടുക്കരുതായിരുന്നു. ഇത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ ഉയർത്തിക്കൊണ്ടുവന്ന ശക്തമായ പ്രതിഷേധത്തിൽ വെള്ളം ചേർക്കാനേ ഉപകരിച്ചുള്ളു.


എന്നാൽ ഇതുപോലെ ഒരു അനുഭവം ഗവർണർക്ക് നേരെ ഉണ്ടാകുമ്പോൾ അതിന് ഗൗരവമില്ലേ എന്ന ചോദ്യവും പ്രസക്തമല്ലേ ?


പൗരത്വ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതിൽ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്ന സമയത്താണ് കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ സമ്മേളനം നടക്കുന്നത്. ഇപ്പോഴത്തെ വിവാദ പുരുഷനായ ഗോപിനാഥ് രവീന്ദ്രൻ തന്നെയാണ് അന്നത്തെയും കണ്ണൂർ സർവകലാശാല വൈസ് ചാൻസ്‌ലർ.

publive-image

അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഉദ്ഘാടനത്തിനായി ക്ഷണിക്കുന്നു. സർവകലാശാലയുടെ ചാൻസ്ലർ ആയ ഗവർണർ അദ്ദേഹത്തിന്റെ താഴെയുള്ള വൈസ് ചാൻസിലറിന്റെ ക്ഷണം സ്വീകരിച്ച് സമ്മേളനത്തിന് എത്തുന്നു.

ഉദ്ഘാടന പ്രസംഗത്തിനിടെ ചരിത്ര അധ്യാപകൻ പ്രഫ. ഇർഫാൻ ഹബീബും കെ.കെ.രാഗേഷ് എം.പിയും ഗവർണർക്ക് നേരെ കൈ ചൂണ്ടി അടുക്കുന്നത് അന്ന് ദൃശ്യ മാധ്യമങ്ങളിൽ എല്ലാം വന്നതാണ്. തുടർന്ന് സദസ്സിൽ ഉണ്ടായിരുന്ന എല്ലാ ഡെലിഗേറ്റുകളും പ്ലാക്കാർഡുമായി ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നു.

publive-image

കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടെ . ആതിഥേയനായിരുന്ന ഗോപിനാഥ് രവീന്ദ്രൻ അവിടെ എത്തുകയോ സംഘർഷം ലഘൂകരിക്കുവാൻ ശ്രമിക്കുകയോ ചാൻസ്‌ലർക്ക് കവചം തീർക്കാൻ ശ്രമിക്കുകയോ ചെയ്തില്ല എന്നത് ഗൗരവത്തോടെ നോക്കിക്കാണേണ്ട സംഗതിയാണ്. രാജ്ഭവനിലെത്തിയ ഗവർണർ വിസിയോട് റിപ്പോർട്ട് ചോദിച്ചെങ്കിലും റിപ്പോർട്ട് നൽകാൻ ഗോപിനാഥ് രവീന്ദ്രൻ തയ്യാറായില്ല.

എല്ലാവരും ഈ സംഭവം മറന്നിരുന്ന സമയത്താണ് ഇത് ഡൽഹിയിൽ വച്ച് നടന്ന ഒരു ഗൂഢാലോചനയുടെ പരിണിതഫലമായി നടന്ന സംഭവമാണെന്നും ഗോപിനാഥ് രവീന്ദ്രൻ ഈ ക്രിമിനൽ ഗൂഢാലോചനയിൽ ഭാഗമാണെന്നും ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഗുരുതരമായ ആരോപണമാണ്. സംശയമില്ല.

publive-image

വിമാനത്തിൽ മുഖ്യമന്ത്രിയുടെ അടുത്ത് പോലും എത്താതെ ദൂരെ നിന്ന് പ്രതിഷേധിച്ച രണ്ട് ചെറുപ്പക്കാരെ കേസ്സെടുത്ത് അകത്തിട്ട പിണറായി വിജയൻ ആർജവമുള്ള മുഖ്യമന്ത്രിയാണെങ്കിൽ ഇർഫാൻ ഹബീബ്, കെ.കെ.രാഗേഷ് എന്നിവർക്കെതിരെ കേസ്സെടുക്കണം. ഗോപിനാഥ് രവീന്ദ്രനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസ്സെടുക്കണം.

മുഖ്യമന്ത്രിക്ക് ലഭിക്കുന്ന നീതി ലഭിക്കുവാൻ ഗവർണർക്ക് അർഹതയില്ലേ? രണ്ടും പ്രതിഷേധമാണ്. രണ്ടും വധശ്രമമാണ്. ഇരട്ട നീതി ആശാസ്യമല്ല. ഗോപിനാഥ് രവീന്ദ്രൻ ബലിയാടാകാനാണ് സാധ്യത എന്ന് തോന്നുന്നു.

Advertisment