പോലീസ് കംപ്ലയിന്റ് അതോറിറ്റി ആർക്കുവേണ്ടി ? എന്തിനുവേണ്ടി ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പോലീസ് സംവിധാനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള പരാതികൾ അന്വേഷിക്കാനും തീർപ്പാക്കാനുമായി 2012 ഫെബ്രുവരി 17 നു രൂപീകൃതമായതാണ് പോലീസ് കംപ്ലൈന്റ് അതോറിറ്റി.

എല്ലാ ജില്ലകളിലും സിറ്റിംഗ് നടക്കാറുണ്ട്. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡിവൈഎസ്‌പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ അതാതു ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി അദ്ധ്യക്ഷനും എസ്.പി റാങ്ക് മുതൽ മുകളിലോട്ടുള്ളവർക്കെതിരായ പരാതികൾ ചെയർമാൻ അദ്ധ്യക്ഷനായ സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുമാണ് പരിഗണയ്ക്കുന്നത്.

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി അദ്ധ്യക്ഷന്മാർ മിക്കവരും റിട്ടയേഡ് ജഡ്‌ജിമാരായിരിക്കും. കരാർ അടിസ്ഥാനത്തിൽ ഏകദേശം മൂന്നു വർഷത്തേക്കാകും നിയമനം ലഭിക്കുക.ഒരദ്ധ്യക്ഷന് 4 ജില്ലകളിലെ ചാർജുണ്ടാകും. അതുകൊണ്ടുതന്നെ ഹിയറിംഗ് മൂന്നോ നാലോ മാസത്തിലൊരിക്കൽ മാത്രമേ ഉണ്ടാകു കയുള്ളൂ.

ചിലപ്പോൾ അതിലും കൂടാം.കയറിയിറങ്ങി, വാദിയായ വ്യക്തിയുടെ ചെരുപ്പ് തേയുന്നതല്ലാതെ പരാതിയിൽ കാര്യമായ നടപടിയോ പരിഹാരമോ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല.
പോലീസ് കംപ്ലൈന്റ് അതോറിറ്റിയിലേക്കുള്ള പരാതികളുടെ വരവ് കുറഞ്ഞെന്നും പരാതികൾ ഭൂരിഭാ ഗവും തീർപ്പാക്കിയെന്നും സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി അടുത്തിടെ പുറത്തുവിട്ട രേഖകൾ പച്ചക്കള്ളമാണ്. അതിൽ സത്യത്തിൻ്റെ കണികപോലുമില്ല.

പരാതികൾ എന്തുകൊണ്ടാണ് കുറയുന്നത് ? പരാതി നൽകിയാൽ പരിഹാരമില്ല.പല അവധികൾ വർഷ ങ്ങ ളോളം കയറിയിറങ്ങി വലഞ്ഞ് ഒടുവിൽ അയാളുടെ ദയനീയാവസ്ഥയിൽ അലിവ് തോന്നി എന്തെങ്കിലും നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്‌താൽ അത് നടപ്പാകില്ല. അതോറിറ്റിയുടെ ശുപാർശ അവിടങ്ങനെ കിടക്കും. ആരോപണവിധേയനായ പോലീസുദ്യോഗസ്ഥൻ അപ്പോഴും സുഖമായി ജോലിചെയ്യും. ഒരുപക്ഷേ പ്രൊമോഷനും വാങ്ങിയിരിക്കും.

നടപടിയെടുപ്പിക്കാൻ ചെന്നാൽ വാദി പ്രതിയായി ചിലപ്പോൾ കള്ളക്കേ സിൽ അകത്തുമാകാം. പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് അവരുടെ ഉത്തരവ് നടപ്പാക്കാനുള്ള അധി കാരമില്ല എന്നതാണ് പച്ചപരമാർത്ഥം.അതുകൊണ്ടുതന്നെ അവരുടെ ഉത്തരവുകൾക്ക് പോലീസധി കാരി കൾ വലിയ വിലയൊന്നും കല്പിക്കാറില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

വർഷങ്ങളോളം നടന്നലഞ്ഞ്‌ നേടിയെടുത്ത പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കിക്കി ട്ടാൻ മറ്റു മാർഗ്ഗമില്ലാതെ വീണ്ടും കോടതിയെ സമീപിക്കണം. അതിനും ഭരിച്ച ചിലവും അലച്ചിലുകൾ വേറെയും.

ഞാൻ കൊല്ലം ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ 2019 ൽ പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും പരാതിക്ക് അനക്കമില്ലായിരുന്നു. അന്വേഷിച്ചപ്പോൾ കൊല്ലം ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് അദ്ധ്യക്ഷനില്ലെന്നും പുതിയ അദ്ധ്യക്ഷനെ സർക്കാർ ഇതുവരെ നിയമി ച്ചിട്ടില്ലെന്നുമുള്ള മറുപടിവന്നു.

സർക്കാർ എത്ര ലാഘവത്തോടെയാണ് പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയെ നോക്കിക്കാണുന്നതെന്ന് ഇതിൽനിന്നും മനസിലാക്കാം. തുടർന്ന് സംസ്ഥാന പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അദ്ധ്യക്ഷന് ഞാൻ പരാതി നൽകി. രണ്ടു മാസം കഴിഞ്ഞപ്പോൾ അവരുടെ ഒരു ഉത്തരവാണ് എനിക്ക് ലഭിച്ചത്. എൻ്റെ പരാതി തള്ളിയിരിക്കു ന്നുവെന്നും ഡിവൈഎസ്‌പി വരെയുള്ളവർക്കെതിരെയുള്ള പരാതി ജില്ലാ അതോറിറ്റിക്കാണ് നൽകേണ്ടതെന്നും പറഞ്ഞാണ് ആ പരാതി തള്ളിയത്.

ആ ഉത്തരവ് കണ്ട് സത്യത്തിൽ ഞാൻ തലയിൽ കൈവച്ചുപോയി. നോക്കുക ഒരു വെള്ളപ്പേപ്പറിൽ നൽകാവുന്ന മറുപടിക്ക് ഒരു സിറ്റിംഗ് നടത്തി ഉത്തരവിറക്കിയിരിക്കുന്നു ? ഇവരൊക്കെ വാങ്ങുന്നത് നമ്മുടെ പൊതുഖജനാവിലെ പണവും ആനുകൂല്യങ്ങളുമാണ്. ജില്ലയിൽ ആളില്ലാത്തതിനാലാണ് സംസ്ഥാന അദ്ധ്യക്ഷന് പരാതി നല്കിയതെന്നുകൂടി ഓർക്കണം.

ജില്ലാ അതോറിറ്റി ചെയർമാ ന്റെ ഒഴിവുവരുന്ന പോസ്റ്റിൽ അതാത് സമയത്ത് നിയമനം നടത്താറില്ല. അത്രക്കുള്ള വിലയേ സർക്കാരും പോലീസ് മേധാവികളും ഈ പദവിക്ക് നൽകുന്നുള്ളൂ എന്നല്ലേ ഇതിനർത്ഥം ?

ഒടുവിൽ മറ്റു ഗത്യന്തരമില്ലാതെ പുതിയ ജില്ലാ അദ്ധ്യക്ഷൻ നിയമിതനാകുംവരെ ഞാൻ കാത്തിരുന്നു. അങ്ങനെ ആ സുദിനം വന്നെത്തി. ആദ്യ ഹിയറിംഗിന് ഞാൻ ഹാജരായി പക്ഷേ എതിർകക്ഷിയായ പോലീസുദ്യോഗസ്ഥൻ വന്നില്ല. അടുത്ത ഡേറ്റ് തന്നു മൂന്നു മാസം കഴിഞ്ഞ്. അന്നും ആ പോലീസുദ്യോഗസ്ഥൻ എത്തിയില്ല.

അവധികൾ പിന്നെയും കടന്നുപോയി. ഒന്നിലും അദ്ദേഹം ഹാജരായില്ല. ഇത് എൻ്റെ മാത്രം അവസ്ഥയല്ല. പരാതിക്കാരായ ഭൂരിഭാഗത്തിനും ഇതുതന്നെയാണ് അനുഭവം. അദ്ധ്യക്ഷനായ ജഡ്ജിയും നിസ്സഹായനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അങ്ങനെ കോവിഡ് കാലമായി. സിറ്റിങ് മാസങ്ങളോളം നടന്നില്ല. ഓൺലൈനും ഉണ്ടായില്ല.

2020 അവസാനം വീണ്ടും സിറ്റിങ് ആരംഭിച്ചു. അപ്പോഴും അതുതന്നെ അവസ്ഥ. നോട്ടീസ് കൈപ്പറ്റിയാലും ഉദ്യോഗസ്ഥൻ ഹാജരാകാതിരിക്കുന്നത് പതിവായി. ഏകദേശം 8 സിറ്റിങ്ങുകൾ ആകെ അങ്ങനെ നടന്നുകഴിഞ്ഞപ്പോൾ ഒരു സീനിയർ സിറ്റിസണായ ഞാൻ എൻ്റെ ബുദ്ധിമുട്ടുകളും നീതിക്കായുള്ള അലച്ചിലുകളൂം ജഡ്‌ജിയെ ബോധിപ്പിച്ചു. മനസ്സലിവ് തോന്നിയ ജഡ്ജി അടുത്തിരുന്ന പോലീസുകാരനെക്കൊണ്ട് ഉദ്യോഗസ്ഥന് ഫോൺ ചെയ്യിച്ചു.

അതിൻപ്രകാരം അടുത്ത അവധിക്കയാൾ ഹാജരായി. അതിനുശേഷം വീണ്ടും അതേ അവസ്ഥയായി. ഉദ്യോഗസ്ഥൻ വരാതായപ്പോൾ ഞാൻ എൻ്റെ മൊഴിയെടുക്കാൻ ചെയർമാനോട് അപേക്ഷിച്ചു. എന്നാൽ കുറഞ്ഞത് 3 അവധിക്ക് പോലീസുദ്യോഗസ്ഥൻ ഹാജരാകാതിരുന്നാൽ മാത്രമേ മൊഴിയെടുക്കാനാകൂ എന്നാണ് ജഡ്ജി മറുപടി പറഞ്ഞത്.

മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു. എതിർകക്ഷിയായ പൊലീസുദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്തു കഴിഞ്ഞാലും അത് മേലധികാരികൾ നടപ്പാക്കാറില്ലെന്നും അതിനായി ഹൈക്കോടതിയിൽ പോകേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അദ്ദേഹത്തിൻ്റെ കാലാവധിയും അവസാനിക്കുകയാണ്. ഇനി പുതിയ അദ്ധ്യക്ഷൻ നിയമിതനാകണം. അദ്ദേഹം ഒന്നുതൊട്ടു തുടങ്ങണം. ഇതാണ് പോലീസ് കംപ്ലൈന്റ് അതോറിറ്റിയിൽ പരാതി സമർപ്പിക്കുന്ന മിക്ക ഹതഭാഗ്യരുടെയും അവസ്ഥ.

പോലീസ് കംപ്ലയിന്റ് അതോറിറ്റി പരാതികൾ തീർപ്പാക്കി എന്ന് പറയുന്നതിൽ പല കേസുകളും ആളുകൾ സ്വയം മടുത്തു പിന്തിരിയുന്നതാണ്. നീതി കിട്ടില്ലെന്നും നടപടി കൈക്കൊള്ളില്ലെന്നും ബോദ്ധ്യമായാൽ പിന്നെ ആരാണ് പരാതിയുമായി മുന്നോട്ടു പോകുക ? മാത്രവുമല്ല ഭൂരിഭാഗം ഉദ്യോഗസ്ഥരും പോലീസ് പക്ഷത്താണ് നിലകൊള്ളുന്നത് എന്നതുതന്നെ അപകടകരമായ വസ്തുതയാണ്.

പരാതിക്കാരെ പോലീസ് പലതരത്തിൽ വ്യാജക്കേസുകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതും പതിവാണ്. ഇങ്ങനെ ജയിലിലായ നിരപരാധികൾ വീണ്ടും പരാതികളുമായി പോകേണ്ട ഗതികേടിലാണ്. ആ അനുഭവങ്ങളും പലതുണ്ട്.

പരാതി നൽകിയ തിന്റെ പേരിൽ അവരൊക്കെ അനുഭവിച്ച പോലീസ് യാതനകൾ വർണ്ണനാതീതമാണ്. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർ പല തന്ത്രങ്ങൾ മെനഞ്ഞ് രക്ഷപെ ടുന്നതും സ്വാഭാവികമായ കാഴ്ചയാണ്.

ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനായിരുന്ന കാലത്ത് പല കേസുകളിലും ഇരകൾക്ക് നിശ്ചിത കാലയളവിനുള്ളിൽ നീതി ലഭിച്ചിരുന്നു എന്നതും അഴിമതിക്കാരും ക്രിമിനൽ സ്വഭാവവുമുള്ള പല പോലീസുകാരും അന്ന് നടപടികൾക്ക് വിധേയരായി എന്നതും ഇവിടെ വിസ്മരിക്കുന്നില്ല.

കേസുകൾ തീർപ്പാക്കി എന്ന പ്രഖ്യാപനം നടത്തിയ അതോറിറ്റി ചെയർമാൻ അതിൽ എത്രകേസുകളിൽ കുറ്റവാളികൾക്കെതിരേ നടപടിക്ക് ശുപാർശ ചെയ്തുവെന്നും ആർക്കൊക്കെയെതിരേ പോലീസ് വകുപ്പ് തല നടപടി കൈക്കൊണ്ടെന്നും വെളിപ്പെടുത്താൻ കൂടി തയ്യറാകണം. അപ്പോൾ ഇതിലെ ഉള്ളുകള്ളികളും പൊള്ളത്തരങ്ങളും കൂടുതൽ വെളിപ്പെടും..

Advertisment