ഹൈക്കോടതിക്ക് ഒരു ബിഗ് സല്യൂട്ട്... ഒപ്പം വിഷയവുമായി ബന്ധപ്പെട്ട എൻ്റെ ഒരു നിയമപോരാട്ട വിവരണം കൂടി... "2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 1018 വില്ലേജുകളാണുള്ളത്. 29,565 ആശുപത്രികളുമുണ്ട്. 1,01,140 ആരാധനാലയങ്ങളാണുള്ളത് - ആശുപത്രികളുടെ മൂന്നര മടങ്ങ്. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ആരാധനാ ലയങ്ങൾക്ക് ഇനിയും അനുമതി നൽകിയാൽ മനുഷ്യർക്ക് വാസസ്ഥലമില്ലാതെയാകും."
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" എന്നൊരു മനോഹരഗാനം വയലാർ എഴുതിയിട്ടുണ്ട്. കവി ഇന്നുണ്ടായിരുന്നെങ്കിൽ 'മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" എന്നതിന് പകരം 'മതങ്ങൾ ആരാധനാലയങ്ങളെ സൃഷ്ടിച്ചു" എന്നു തിരുത്തിപ്പാടുമായിരുന്നെന്നും സിംഗിൾബെഞ്ച് പറഞ്ഞു. മുക്കിലും മൂലയിലും പള്ളികൾ വേണമെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നില്ല. മത, ജീവ കാരുണ്യ സ്ഥാപനങ്ങൾ തുടങ്ങാൻ ഭരണഘടന എല്ലാ മതങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. അത് എല്ലായിടത്തും സ്ഥാപനങ്ങൾ തുടങ്ങാനുള്ള അനുമതിയല്ല"
ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ ഇന്നലെ പുറപ്പെടുവിച്ച ഐതിഹാസികമായ വിധിന്യായത്തിലെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ളത്.
വളരെ അനിവാര്യവും അർത്ഥവത്തായതുമായ ഒരു വിധിയാണിത്. ഭക്തിയുടെ മറവിൽ ആർക്കും എന്തും ചെയ്യാം,ആരും ചോദിക്കാനില്ല എന്ന സ്ഥിതിയാണ് കേരളത്തിൽ. നാല് വോട്ടിനുവേണ്ടി എന്ത് നെറികേടിനും കൂട്ടുനിൽക്കുന്ന ഒരുകൂട്ടം രാഷ്ട്രീയക്കാരാണ് ഇവരുടെ സംരക്ഷകരെന്നു പറയാതെ വയ്യ.
അനധികൃത ആരാധനാലത്തിനെതിരേ ശബ്ദമുയർത്തിയാൽ അയാളെ ഒറ്റപ്പെടുത്തി വർഗീയവാദിയായി മുദ്രകുത്തി കായികമായി വരെ നേരിടാൻ ശ്രമങ്ങളുണ്ടാകും. ഭീഷണികൾ വേറെയും. സമാധാനവും ശാന്തിയും സാഹോദര്യവുമാണ് ലക്ഷ്യമിടുന്നതെന്ന് വിളിച്ചോതുന്ന മതാനുയായികളിൽ പലർക്കുമില്ലാത്തതും ഈ വക കാര്യങ്ങൾ തന്നെയാണ്.
മതമില്ല ജാതിയില്ല എന്നൊക്കെ പുറംമേനിക്ക് വീമ്പുപറയുന്ന പുരോഗമനവാദത്തിന്റെ അപ്പോസ്തലന്മാരായി സ്വയം അവരോധിക്കപ്പെട്ടവരൊക്കെത്തന്നെയാണ് ഭക്തിയുടെ മറവിൽനടക്കുന്ന ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും കുടപിടിക്കുന്നത്. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളാണ് ഇക്കൂട്ടർ.
ഒരു അനധികൃത ആരാധനാലയത്തിനെതിരേ ഞാൻ നടത്തിയ നിയമപോരാട്ടം ഇവിടെ വിവരിക്കേണ്ടതുണ്ട്. ഒരുമിച്ചു പ്രവർത്തിച്ചിരുന്നവർ തെറ്റിപ്പിരിഞ്ഞപ്പോൾ അതിലൊരുകൂട്ടർ എന്റെ വീടിനുസമീപം ആരാധന യാരംഭിച്ചു. ഉച്ചഭാഷിണിയും വാദ്യമേളങ്ങളും പാട്ടും ഒച്ചയും സഹിക്കവയ്യാതായപ്പോൾ പഞ്ചായത്തിൽ പരാതി നൽകി.
പ്രയോജനമുണ്ടായില്ല, പോലീസിലും, ആര്‍ഡിഒ, റൂറൽ എസ്.പി എന്നിവർക്കെല്ലാം പരാതി നല്കിയപ്പോഴും അവസ്ഥ അതുതന്നെ. ഒടുവിൽ പഞ്ചായത്ത് ഓംബുഡ്‌സ്‌മാന് ഹർജി സമർപ്പിച്ചു. അനധികൃതമായി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പ്രസ്തുത ആരാധനാലയം അടച്ചുപൂട്ടാൻ 2021 ഡിസംബറിൽ ഓംബുഡ്‌സ്‌മാൻ ഉത്തരവിട്ടു.
എന്നാൽ ആ ഉത്തരവ് നടപ്പാക്കാൻ പഞ്ചയാത്ത് തയ്യറാകാത്തതിനെത്തുടർന്ന് വിധി നടപ്പാക്കാനായി ഞാൻ വീണ്ടും ഓംബുഡ്സ്മാനെ സമീപിച്ചു. സമാനമായി ഇതേ ആവശ്യമുന്നയിച്ച് ഞാൻ ഹൈക്കോടതിയെയും സമീപിക്കുകയുണ്ടായി. ഓംബുഡ്‌സ്മാൻ ഉത്തരവ് നടപ്പാക്കാതിരുന്ന പഞ്ചയാത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവർക്കെതിരെയുള്ള എൻ്റെ പരാതിയിൽ 6 ആഴ്ചക്കകം നടപടി കൈക്കൊള്ളാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് (കൊല്ലം) ഓംബുഡ്‌സ്മാൻ നിർദ്ദേശം നൽകുകയുണ്ടായി.
പഞ്ചായത്ത് സെക്രട്ടറിയും അസി. സെക്രട്ടറിയും ഇതിൽ നടത്തിയ ഗൂഡാലോചനയും അഴിമതിയും അക്കമിട്ടു നിരത്തി തെളിവുസഹിതം ഞാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി സമർപ്പിക്കുകയും ചെയ്തു. ആ 6 ആഴ്ച കലാവധി ഈ വരുന്ന സെപറ്റംബർ 10 ന് അവസാനിക്കുകയാണ്. നടപടി ന്യായസംഗതമല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനം. കാരണം നമ്മുടെ നികുതിപ്പണം ശമ്പളമായി വാങ്ങിയിട്ട് ചില വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടി വിടുപണി ചെയ്യുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഒരു പാഠമാകണം ഈ സംഭവം.
എനിക്കറിയാം അഴിമതിക്കെതിരായ പോരാട്ടത്തിൽ വലിയ പിന്തുണയൊന്നും ഭരണ -ഉദ്യോഗസ്ഥതലത്തിൽനിന്ന് ലഭിക്കാനിടയില്ല. നമ്മുടെ പൊതുസമൂഹവും പൊതുവായി പുലർത്തിവരുന്ന നിസംഗതയും ഇത്തരക്കാർക്ക് ഊർജ്ജം പകരുന്നതാണ്. അപ്പോഴും മഹാനായ രവീന്ദ്രനാഥ ടാഗോറിന്റെ Jodi tor ak shune keu na ashe tôbe êkla cholo re.. (ഒറ്റ മനസ്സോടെ ഒറ്റയ്ക്ക് മുന്നേറുക) എന്ന വാക്കുകളാണ് പ്രചോദനമായുള്ളത്.
ഇതേ വിഷയത്തിൽ ഞാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പ്രസ്തുത ആരാധനാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് ഉത്തരവിടുകയും പോലീസ്, ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുകയുമുണ്ടായി. അങ്ങനെയാണ് അതിനു ശമനമുണ്ടാകുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ പഞ്ചാത്തധികൃതരിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് എൻ്റെ സുഹൃത്തായ വ്യക്തി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയും അനധികൃതമായി പ്രവർത്തിച്ചുവന്ന ആ ആരാധനാലയവും നിരോധിക്കുകയുമുണ്ടായി.
ആരാധനയ്‌ക്കും പ്രാർത്ഥനയ്‌ക്കുമൊന്നും ആരും എതിരല്ല. ഉച്ചഭാഷിണിയും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആരാധനയോട് ഒട്ടും യോജിക്കാനാകില്ല. അമ്പലങ്ങളോ പള്ളികളോ മസ്ജിദോ എന്തുമാകട്ടെ അവിടെ നടക്കുന്ന പ്രാർത്ഥനകളും ആരാധനകളും ആ കോംബൗണ്ടിനുള്ളിൽ മാത്രമേ കേൾക്കാൻ പാടുള്ളു എന്ന ശക്തമായ നിയമുള്ളപ്പോൾ അത് നടപ്പാക്കാൻ നമ്മുടെ ഭരണകൂടങ്ങൾക്കും അധികാരികൾക്കും ആർജ്ജവം പോരാ എന്ന പക്ഷക്കാരനാണ് ഞാൻ. അതിനുള്ള പ്രധാനതടസ്സം വോട്ടു ബാങ്ക് രാഷ്ട്രീയം തന്നെയാണ്. നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്ന ഘടകവും അതുതന്നെയാണ്.
ഈയവസരത്തിൽ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വളരെ പ്രസക്തമായ വിധിന്യായം 2000 (1) KLT 566 ൽ പറയുന്നത് "Houses of God should be kept peaceful and noice free as it is rightly said that the God is not deaf (ദൈവം ബധിരനല്ലെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നതുപോലെ ദൈവത്തിന്റെ ഭവനങ്ങൾ ശാന്തമായും ഒച്ചപ്പാടുകളില്ലാതെയും സൂക്ഷിക്കണം) എന്ന വസ്തുതയാണ്.
ഇതോടൊപ്പം ഓംബുഡ്‌സ്മാന്റെയും ഹൈക്കോട തിയുടെയും ഉത്തരവുകൾ കാണുക.