'കരാത്തെ ഒരു സമഗ്ര പഠനം' ജപ്പാൻ ഗ്രാൻഡ്മാസ്റ്ററുടെ അവതാരികയോട് കൂടി തയ്യാറാക്കപ്പെട്ട മലയാളത്തിലെ ഒരു വേറിട്ട കൃതി (പുസ്തക നിരൂപണം)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

ഡോ. പി.പി. ജനാർദ്ദനൻ എഴുതിയ 'കരാത്തെ ഒരു സമഗ്ര പഠനം' എന്ന കൃതി മലയാളത്തിലെ അസാധാരണ പുസ്തകങ്ങളിൽ ഒന്നാണ്. കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിൽ ഇ.എൻ.ടി കൺസൾട്ടന്റായി സേവനമനുഷ്ഠിച്ച ഒരാൾ കാരാത്തെയുടെ അന്തസത്ത ഉൾക്കൊണ്ട് തയ്യാറാക്കിയ ഇതുപോലൊരു പുസ്തകം മലയാളത്തിൽ മുമ്പുണ്ടായിട്ടില്ല എന്നാണ് കരുതുന്നത്.

ആയോധന കലകളിൽ മായാത്ത മുദ്രകൾ പതിപ്പിച്ച വടക്കേ മലബാറിൽ നിന്നു തന്നെ ഇത്തരമൊരു വേറിട്ട പുസ്തകം പ്രകാശിതമായിരിക്കുന്നു. കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും ചലച്ചിത്രനടനുമായ അബുസലിം എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഷബിതക്ക് നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. ചിത്രരശ്മി ബുക്സ് ആണ് പ്രസാധകർ.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഡോക്ടർ പി.പി. ജനാർദ്ദനൻ ആയോധന കലയെ കൂടെ കൂട്ടിയിട്ട്. തുടക്കത്തിന്റെ ആ പ്രസരിപ്പോടെ ഇന്നും അത് അനുവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. പരമ്പരാഗത കരാത്തെയുടെ പ്രാധാന്യം കുറഞ്ഞു വരുന്ന ഘട്ടത്തിൽ കരാത്തെയുടെ മൂല്യങ്ങൾ ഉയർത്തികൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയാണ് യുണൈറ്റഡ് ബുഡോ ആന്റ് സ്പോർട്സ് കരാത്തെ ഓർഗനൈസേഷൻ-ഇന്ത്യ.

സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് ഡോ. പി.പി. ജനാർദ്ദനൻ. പരമ്പരാഗതമായ കരാത്തെയുടെ പരമപ്രധാനമായ ലക്ഷ്യം സ്വഭാവരൂപീകരണം വഴി ഒരു ഉത്തമ വ്യക്തിയെ വാർത്തെടുക്കുക എന്നതാണ്. കരാത്തെയിൽ ഒരുപാട് മുന്നേറിയാൽ പോലും നിരന്തരം ബേസിക്സ് പരിശീലിക്കണം എന്നാണ് ഗുരുശ്രേഷ്ഠന്മാർ പറയുന്നത്.

കരാത്തെയിൽ ബേസിക്സിനുള്ള പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ മാതൃഭാഷയിൽ കരാത്തയെ കുറിച്ചുള്ള പുസ്തകങ്ങൾ കുറവായതുകൊണ്ടാണ് മലയാളത്തിൽ ബേസിക് സിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം എഴുതാമെന്ന ആശയം ഡോക്ടറുടെ മനസ്സിൽ ഉദിച്ചത്.

കരാത്തെയിൽ ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ ടെക്നിക്കുകളും ഈ പുസ്തകം വിശദീകരിക്കുന്നുണ്ട്. കരാത്തെയുടെ ഉത്ഭവം മുതൽ നാളിതുവരെയുള്ള വിശദമായ ഒരു ചരിത്രം ഈ പുസ്തകത്തിലുണ്ട്. ശരീരത്തിന്റെ ഊഷ്മാവ് കൂട്ടാനും പേശികളിലേക്കുള്ള രക്ത പ്രവാഹം കൂട്ടാനും പരിശീലനത്തിന് മുമ്പായി ചെയ്യേണ്ട തയ്യാറെടുപ്പ് വ്യായാമങ്ങളെപ്പറ്റിയും വളരെ വിശദമായി വിവരിച്ചിരിക്കുന്നു.

ആത്മരക്ഷയ്ക്ക് പെട്ടെന്ന് പ്രയോഗിക്കാവുന്ന ലളിതമായ വിദ്യകളും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ശരീരത്തിലെ വിവിധ മർമങ്ങളെ പറ്റിയും ഓരോ കരാത്തെ ടെക്നിക്കും പ്രയോഗിക്കാവുന്ന മർമ്മങ്ങളെ പറ്റിയും വിവരിച്ചിരിക്കുന്നു.

വ്യക്തിത്വ വികാസത്തിനും സ്വഭാവ മേന്മക്കും കരാത്തെ പഠനം ഏറെ സഹായകമാണ്. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാത്തെ പരിശീലനം കൊണ്ട് ശരീരത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുന്ന ഒരു കാലഘട്ടമാണിത്.

ഈ അവസരത്തിൽ കുട്ടികളെയും സ്ത്രീകളെയും ആയോധനകലകൾ അഭ്യസിപ്പിക്കുന്നത് സ്വയം പ്രതിരോധം സ്വീകരിക്കുന്നതിന് അവരെ സഹായിക്കും.ആയോധനകലകളില്‍ പ്രാവീണ്യം നേടുകയും തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്താല്‍ ആത്മവിശ്വാസവും ആരോഗ്യവും വര്‍ധിക്കും. ഡോക്ടറുടെ ജീവിതം തന്നെ അതിനു തെളിവാണ്.

കരാത്തെയുടെ ഉള്ളിലേക്കിറങ്ങി അതിൽ അന്തസത്തമായ പാഠങ്ങൾ അദ്ദേഹം മനസ്സിലാക്കാൻ ശ്രമിച്ചു.ഒരു പ്രതിരോധ ഉപാധി എന്നതിലുപരി മനസ്സിനെയും ജീവിതശൈലിയെയും ഒരുപോലെ നിയന്ത്രിക്കാവുന്ന കലയാണ് കരാത്തെ എന്നദ്ദേഹം തിരിച്ചറിഞ്ഞു. 224 പേജുകളിലായി 600 ലധികം ഫോട്ടോകൾ സഹിതം കരാത്തെ എന്ന ആയോധനകലയെ സൂക്ഷ്മമായി പുസ്തകത്തിൽ അവിഷ്‌ക്കരിച്ചിട്ടുണ്ട്.

പുസ്തകവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫിയിൽ മോഡലായി വന്നിരിക്കുന്നതും ഡോ.ജനാർദ്ദനൻ ആണ്.ഡോക്ടറിലെ മോഡലിനെ കണ്ടെത്തിയതും അത് ഇത്രയും ഗംഭീര ഫോട്ടോഷൂട്ടാക്കി മാറ്റിയതും ഫോട്ടോഗ്രാഫര്‍ വിഗ്നേഷ് ആണ്.

കരാത്തെയുടെ മാന്ത്രികശക്തി എല്ലാവരിലേക്കും പകർന്ന് നൽകി ആരോഗ്യമുള്ള ജീവിതങ്ങൾക്ക് കരുതലാവാനുള്ള ദൗത്യത്തിലാണ് ഡോക്ടർ. മനസ്സിലെ ആശയങ്ങൾക്ക് പുസ്തക രൂപം കൈവരണമെങ്കിൽ സാങ്കേതികമായ പല സഹായങ്ങൾ ആവശ്യമാണ്. അതിനു പ്രോത്സാഹനവും നിമിത്തവുമായി തീർന്ന ധാരാളം പേരെ ഡോക്ടർ പുസ്തകത്തിൽ ഓർക്കുന്നുണ്ട്.

ജപ്പാൻ ഗ്രാൻഡ്മാസ്റ്ററുടെ അവതാരികയോട് കൂടി തയ്യാറാക്കപ്പെട്ട മലയാളത്തിലെ ഒരു വേറിട്ട കൃതിയാണ് 'കരാത്തെ ഒരു സമഗ്ര പഠനം'.

Advertisment