/sathyam/media/post_attachments/XFeDz8DzmWZ4CCHAJ7Xo.jpeg)
മൂന്ന് തരത്തിലുള്ള പരസ്പര ബന്ധങ്ങളെ പരിഗണിച്ചിരിക്കണം വികസനം. ഒന്ന്: സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം. രണ്ട്: മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. മൂന്ന്: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. ഒരു കവിതാശകലം ഇങ്ങനെയാണ്: ”ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ,മലിനമായ ജലാശയം അതി മലിനമായ ഭൂമിയും...
കൂടൊഴിക്കാന്‍ കൊന്നുതള്ളണോ. പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികള്‍ വീണു ചാകുന്ന മരം മുറി കാഴ്ച മലപ്പുറം തിരൂരങ്ങാടിക്കടുത്ത വി.കെ. പടിയില്‍നിന്നാണ്.
ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റി.ആ മരമാകട്ടെ ഒട്ടേറെ കിളികളുടെ ആവാസസ്ഥലമായിരുന്നു. മരം പെട്ടെന്ന് വീണതോടെ കുറെ പക്ഷികള്‍ പറന്ന് രക്ഷപ്പെട്ടു. പക്ഷേ, ഏറെയെണ്ണം താഴെവീണു ചത്തു.
കൂടുകളിലുണ്ടായിരുന്ന എരണ്ട പക്ഷികളും കുഞ്ഞുങ്ങളുമാണ് ചത്തത്. വികസനം കാലത്തിന്റെ ആവശ്യംതന്നെ. അതിനായി വീടും കൂടും ഒഴിയേണ്ടിവരും. കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. മരം മുറിച്ചുമാറ്റേണ്ടിവരും. തര്‍ക്കമില്ല. എന്നാല്‍ താഴെവീഴ്ത്തി കൊന്നൊടുക്കുന്നതെന്തിന്?
കാലങ്ങളായി ചേക്കേറിയ മരങ്ങള്‍ മാറ്റി വഴിയൊരുക്കാനുള്ള തീരുമാനം പാവം പറവക്കൂട്ടം അറിയുന്നില്ല. അവയെ അതറിയിക്കുന്നതിന് നോട്ടീസോ സങ്കീര്‍ണമായ നടപടിക്രമങ്ങളോ ആവശ്യമില്ല. മനുഷ്യസഹജമായ ചെറിയൊരു വിവേകം. അതേ വേണ്ടൂ.
വേരറുക്കും മുന്‍പ് ചുവടെ കുറച്ചു പടക്കങ്ങള്‍ പൊട്ടിച്ചാല്‍, ചെറുതായൊന്ന് ഒച്ചവെച്ചാല്‍; അപകടം മണക്കാന്‍ അതുമതി അവയ്ക്ക്.പാറിയകന്നോളും എല്ലാം.ഉള്ളുപിളര്‍ക്കുന്ന ഇത്തരം കാഴ്ചകള്‍ കാണേണ്ടിവരില്ല ഒരു കണ്ണിനും.
ദാരുണമാണ് ഈ കാഴ്ച.എങ്കിലും ഇനിയുമിങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ സംഭവം കണ്ണുതുറപ്പിച്ചെങ്കില്‍..