കെ.എം മാണിയുടെ ബജറ്റവതരണം തടസ്സപ്പെടുത്താൽ 2015 മാർച്ച് 13 ന് ഇന്നത്തെ ഭരണകക്ഷി എം.എൽ.എ മാർ നിയമസഭ യിൽ നടത്തിയ അതിക്രമങ്ങളിൽ 2.20 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കേസ്. അന്ന് പ്രതിപക്ഷത്തായിരുന്നവർ പിന്നീട് ഭരണം കയ്യാളിയപ്പോൾ അഴിമതിക്കാരനെന്നു മുദ്രകുത്തിയ വ്യക്തിയുടെ പ്രസ്ഥാനത്തെ ഒപ്പം കൂട്ടിയാണ് ഇപ്പോൾ ഭരണം പങ്കിടുന്നതെന്നതും ഏറെ കൗതുകകരമാണ്.
അന്നത്തെ സംഭവങ്ങൾക്ക് പലതരം ന്യായീകരണങ്ങൾ നിരത്തപ്പെട്ടു.അഴിമതിക്കാരനെന്ന് മുദ്രകുത്തിയ കെ.എം. മാണി വാഴ്ത്തപ്പെട്ടവനായി മാറി അദ്ദേഹത്തിന് പ്രതിമ സ്ഥാപിക്കാനും ബജറ്റിൽ പണം വകയിരുത്തി.പിന്നീട് നിയമസഭകയ്യാങ്കളിക്കേസിൽ നിന്ന് തലയൂരാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു. വിചാരണ ക്കോടതിക്കെതിരേ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ ഹർജികൾ സമർപ്പിക്കപ്പെട്ടു. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ മന്ത്രി വി.ശിവൻകുട്ടി,ഇ.പി.ജയരാജൻ,കെ.ടി.ജലീൽ അടക്കം 6 പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
കോടതിയിൽ നേരിട്ട് ഹാജരാകുന്നതും കുറ്റപത്രം വായിക്കുന്നതും തടയണമെന്ന പ്രതികളുടെ രണ്ടാവ ശ്യവും കോടതി തള്ളിക്കളഞ്ഞു. സഭാനാഥനായ സ്പീക്കർ പരാതി നൽകുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല.
നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ മുൻപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത് സുപ്രീം കോടതിയും ശരിവച്ചിരുന്നു. പ്രതികളായ നേതാക്കൾ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
അക്രമം കാട്ടിയ നേതാക്കളെ കുറ്റവിമുക്തരാക്കാൻ വേണ്ടി ഈ കേസിന്റെ നടത്തിപ്പിനായി പൊതു ഖജനാവിൽനിന്നും ഏകദേശം 16 ലക്ഷം രൂപയോളം സർക്കാർ ഇതുവരെ ചെലവാക്കിയെന്നാണ് വിവരം. ഇതെത്രത്തോളം ശരിയാണ് ? 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചവർക്കായി കേസ് നടത്താൻ പൊതുഖജനാവിലെ പണം ? ഇത് ധൂർത്തല്ലെങ്കിൽ പിന്നെന്താണ് ?
പ്രതികളായ നേതാക്കൾ പ്രതിപക്ഷത്തായിരുന്നെങ്കിൽ ഈ തുക അവർ സ്വന്തം പോക്കറ്റിൽ നിന്ന് കണ്ടെത്തേണ്ടിവരുമായിരുന്നു. വി.എസ് നെപ്പോലുള്ള നേതാക്കൾ നടത്തിയ നിയമപോരാട്ടങ്ങൾ ഇതുപോലെ തെറ്റായ മാർഗ്ഗത്തിലൂടെ പൊതുഖജനാവിന് നഷ്ടം വരുത്തുന്നവർക്കെതിരെയായിരുന്നു.
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്ന് ന്യായീകരണം നടത്തുന്നവർ ഇതുപോലെ പൊതുമുതൽ നശിപ്പിക്കുന്നതും അതിൻ്റെ കേസ് നടത്താൻ പൊതു പണം ഉപയോഗിക്കുന്നതും ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം ആയല്ലേ കണക്കാക്കാൻ പറ്റുകയുള്ളു.പൊതുമുതൽ നശിപ്പിച്ചാൽ അതിനു കാരണക്കാരായ വരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന സുപ്രീം കോടതിവിധി ഇന്നും നിലവിലുണ്ട്.
ഇന്ന് കോടതികൾ മാത്രമാണ് നീതിക്കുള്ള ജനങ്ങളുടെ ഏക ആശാകേന്ദ്രം. ലോകായുക്ത, മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പോലീസ് കംപ്ലയിന്റ് അതോറിറ്റി ഒക്കെ രാഷ്ട്രീയ ഇടപെടലിലൂടെ തികച്ചും അപ്രസക്തമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് പറയാതെ വയ്യ.
നേതാക്കൾക്ക് കഴിയുമായിരു ന്നെങ്കിൽ കോടതിവിധികൾ മറികടക്കാൻ മറ്റൊരു അപ്പലേറ്റ് അതോറിറ്റി കൊണ്ടുവരാൻ മടിക്കില്ലായിരുന്നു.അതിന് തൽക്കാലം യാതൊരു സ്കോപ്പും കാണുന്നില്ല. ഇതിൽ രാഷ്ട്രീയമില്ല. ഭരണകക്ഷിയോ പ്രതിപക്ഷമോ ആരുമാകട്ടെ നിയമം ഏവർക്കും തുല്യമായി ബാധകമാണ്.
അത് അനുസരിക്കാനും പാലിക്കാനും ജനങ്ങൾക്ക് മാതൃകയാക്കേണ്ട ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും പൂർണ്ണമായും തയ്യാറാകണം.വോട്ടു നൽകുക എന്നതല്ലാതെ പല നേതാക്കളും കാട്ടുന്ന അധികാര ദുർവിനിയോഗവും അഴിമതികളും അക്രമങ്ങളും നിശബ്ദം നോക്കിക്കാണാൻ വിധിക്കപ്പെട്ടവരായി ജനം മാറിയിരിക്കുന്നു എന്ന് പറയേണ്ട അവസ്ഥയാണ്.