/sathyam/media/post_attachments/WBGayQcbgfwb58Gr9XDe.jpg)
2016 ൽ തെരുവ് പട്ടികളുടെ ശല്യം അസഹനീയം ആയപ്പോൾ 'ടു വീലർ യൂസേഴ്സ് അസോസിയേഷൻ' ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തൃശ്ശൂരിൽ ധർണയും, ഈ രംഗത്തു ശക്തമായി പ്രവർത്തിക്കുന്ന ജോസ് മാവേലിക്ക് സ്വീകരണവും നൽകിയിരുന്നു.
അന്ന് ഞങ്ങളെ പരസ്യമായി ആക്രമിക്കാൻ വന്ന പട്ടിപ്രേമികളെ പോലീസ് എത്തിയാണ് പിടിച്ചു കൊണ്ട് പോയത്.അന്ന് പട്ടിപ്രേമികൾ പറഞ്ഞത് 3 വർഷത്തിനുള്ളിൽ ഒരു പട്ടികളും തെരുവിൽ അലയുകയില്ല എന്നും, എല്ലാ പട്ടികളെയും അവർ സംരക്ഷിക്കുമെന്നുമായിരുന്നു.
സർക്കാർ അന്ന് പറഞ്ഞത് എല്ലാ തെരുവ് പട്ടികളെയും വന്ധ്യംകരിച്ച് സംരക്ഷിക്കുമെന്നും 3 വർഷം കൊണ്ട് തെരുവ് പട്ടി ശല്യം പൂർണമായും ഒഴിവാക്കുമെന്നാണ്. ആറു വർഷം കൊണ്ട് അനേകം കോടികൾ തെരുവ് പട്ടികളുടെ പേരിൽ പലരും എഴുതി എടുത്തു. അനേകം കോടികൾ പേവിഷ മരുന്ന് കമ്പനികൾ അടിച്ചുമാറ്റി. പട്ടി പ്രേമികൾക്കും കിട്ടി കോടികൾ.
ഇപ്പോൾ 6 വർഷം കഴിഞ്ഞു. തെരുവ് പട്ടികളുടെ ആക്രമണം ഭയാനകമായി വർധിച്ചു. ഇപ്പോൾ വർഷം 2 ലക്ഷം പേർക്കാണ് കേരളത്തിൽ മാത്രം കടിയേൽക്കുന്നത്. ഈ വർഷം മാത്രം സെപ്റ്റംബർ ആദ്യവാരം വരെ കേരളത്തിൽ 21 പേർ പേവിഷം മൂലം മരണപ്പെട്ടു. നിരവധി പേർ രോഗികൾ ആയി.
തെരുവ് പട്ടികൾ മൂലം പല ബൈക്ക് യാത്രക്കാരും അപകടത്തിൽ പെട്ടു. ഇനിയും നമ്മുടെയും, കുഞ്ഞുങ്ങളുടെയും ജീവിതം തെരുവ് പട്ടികൾക്ക് കടിച്ചു പറിക്കാൻ വിട്ടുകൊടുക്കണമോ ? നാളെ നമ്മളോ മക്കളോ ആകാം പട്ടികളുടെ ഇര.
തെരുവ് പട്ടികളെ ആട്, പശു, പോത്തു, മുയൽ തുടങ്ങിയ സാധാരണ മൃഗങ്ങളെ പോലെ ആരും കൊല്ലണ്ട, പട്ടികൾക്ക് മാത്രം ദിവ്യത്വം നൽകി പട്ടിപ്രേമികളോ, സർക്കാരോ, മരുന്ന് കമ്പനികളോ സംരക്ഷിക്കട്ടെ. തെരുവിൽ ഭയം കൂടാതെ ജനങ്ങൾക്ക് സഞ്ചരിക്കണം. അത് ജനങ്ങളുടെ അവകാശമാണ്. ആ അവകാശം സർക്കാർ സംരക്ഷിക്കണം. പ്രതികരിക്കാൻ നമ്മളല്ലാതെ മാറ്റാരുമില്ല. അധികാരികൾ കണ്ണ് തുറക്കട്ടെ...