/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
നായ്ക്കളെ കൊല്ലാൻ നടക്കുന്ന ക്രൂര മലയാളികളെ കുറിച്ച് എന്തെല്ലാം പ്രചാരണങ്ങൾ, പ്രതിഷേധങ്ങൾ ആണ് പുറം നാട്ടുകാർ നടത്തുന്നത്. ആ സങ്കടത്തിൽ നിന്നാണ് ഒരു സംശയം ഉള്ളിൽ ഉദിച്ചത്. ഈ പുറം സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ നായ പ്രശ്നം എങ്ങനെയാവും കാലാകാലങ്ങളായി കൈകാര്യം ചെയ്തു പോന്നിട്ടുണ്ടാവുക ?
കേട്ടിടത്തോളം ഷെൽട്ടറുകൾ, വന്ധ്യംകരണം, സ്നേഹപൂർവം ഭക്ഷണം കൊടുത്ത് കൊണ്ടുള്ള പരിപാലനം ഒക്കെയാവണമല്ലോ അവർ സ്വീകരിച്ച മാർഗങ്ങൾ - ഉന്നത സംസ്കാരത്തിൻ്റെയും സഹജീവി സ്നേഹത്തിൻ്റെയും ഉദാത്ത മാതൃകകൾ. അത് കൊണ്ടാവണമല്ലോ അവർ ഈ അപരിഷ്കൃത മലയാളികളെ ഇങ്ങനെ എടുത്തു കുടയുന്നത് !
പക്ഷേ ഒന്ന് ഊളിയിട്ടു നോക്കിയപ്പോൾ സത്യം നേരെ തിരിച്ചാണെന്ന് സങ്കടത്തോടെ തിരിച്ചറിഞ്ഞു. ഇന്ത്യക്കകത്ത് മറ്റ് സംസ്ഥാനങ്ങളിലെ കാര്യം പറയുകയേ വേണ്ട ! നായ്ക്കൾ ശല്യമെന്ന് കണ്ടാൽ അപ്പൊ കൊല്ലും ! അധികാരികൾ ചോദിക്കാൻ വരില്ല, മാധ്യമങ്ങൾ ഇടപെടില്ല. മൃഗസ്നേഹികൾ ഒക്കെ മെട്രോ നഗരങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവതകൾ മാത്രം.
ആ മെട്രോജീവികൾ അവിടത്തെ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും എന്ത് നടക്കുന്നു എന്ന് ശ്രദ്ധിക്കുകയേ ഇല്ല. ഗ്രാമങ്ങളും ഗ്രാമീണരും എക്സിസ്റ്റ് ചെയ്യുന്നതായി പോലും അവർ ഭാവിക്കുന്നില്ല (എല്ലാ വിഷയങ്ങളിലും അത് അങ്ങനെ തന്നെ). എന്നാൽ, കേരളത്തിൽ നിന്ന് നിരന്തരം എറിഞ്ഞു കിട്ടുന്ന വാർത്തകളുടെ എല്ലിൻ കഷണങ്ങളിന്മേൽ അപ്പപ്പോൾ ട്വീറ്റ് മായി വന്ന് ചാടിക്കടിക്കും.
ഇനി ഇന്ത്യക്ക് പുറത്തേക്ക് നോക്കുമ്പോഴാണ് ശരിക്കും ഞെട്ടിപ്പോവുക. എഴുതി അറിയിക്കാൻ കാര്യങ്ങൾ ഏറെയുണ്ട്. തൽക്കാലം ചുരുക്കാം. ഉത്തുംഗ അമേരിക്കയും തെരുവ് നായ വിമുക്ത ഹോളണ്ടും മാത്രം ഉദാഹരിക്കാം. രണ്ടിടത്തും ആദ്യ ഘട്ടങ്ങളിൽ വ്യാപകമായി നായ്ക്കളെ കൂട്ടക്കൊല നടത്തി ക്ലീൻ ആക്കിയ ശേഷമാണ് അവരെല്ലാം ഈ പരിഷ്കൃത നിയന്ത്രണ മാർഗങ്ങളുടെ പട്ടി ഷോ നടത്തി ആളാവുന്നത് എന്നാണ് ഞാൻ കരുതുന്നത്, എന്നിട്ടാണ് അവർ കേരളത്തെ കുറ്റപ്പെടുത്തുന്നത്.
നൂറു കണക്കിന് ഉദാഹരണങ്ങൾ ഉണ്ട്, പാശ്ചാത്യ രാജ്യങ്ങളിൽ നായ ശല്യം രൂക്ഷമായപ്പോൾ ഒക്കെ കൊല്ലുന്നു എന്ന ഓമനപ്പേരിൽ അരങ്ങേറിയിട്ടുള്ള ഈ കൂട്ടക്കൊലകൾക്ക് തൽക്കാലം ഒന്ന് രണ്ട് സൂചനകൾ മാത്രം നൽകുന്നു.
പല യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ പത്ത് കൊല്ലങ്ങളിലെ പ്രവർത്തനങ്ങൾ മാത്രം പുറത്ത് പറഞ്ഞ് അതിന് മുന്നോടിയായി നടത്തിയ മാസ്സീവ് കലിങ് ക്യാമ്പയിൻ മറച്ച് വെക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം നമ്മുടെ സർക്കാർ പരിഗണിക്കണം.
ഇനി അതല്ല, എവിടെയെങ്കിലും ആദ്യം കൂട്ടമായ പട്ടിക്കൊല നടപ്പിലാക്കാതെ തന്നെ ഫലപ്രദമായി നായശല്യം പരിഹരിച്ച പൂർവ്വ മാതൃകകൾ ഉണ്ടെങ്കിൽ അവ ഇന്ന് തന്നെ നടപ്പാക്കി തുടങ്ങണം. ജനം നിയമം കൈലെടുത്ത് തുടങ്ങിയ ഈ ഘട്ടത്തിൽ അധികാരികൾ മണ്ണിൽ തല പൂഴ്ത്തി വെച്ച് നടന്നിട്ട് കാര്യമില്ല.