/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കൊച്ചിയിലെ ലുലു മാളിലെ ഒരു തിയേറ്ററിലിരുന്നാണ് വിനയൻ്റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടത്. സിനിമ അവസാനിച്ചപ്പോൾ പതിവില്ലാതെ തിയേറ്ററിലെ പല ഭാഗത്തു നിന്നും കയ്യടികളുയർന്നു.
ആദ്യം കുറച്ചു പേരുടെ കയ്യടികളാണ് കേട്ടതെങ്കിൽ, പെട്ടന്നത് പടർന്ന് ആ തിയേറ്ററിലെ എല്ലാ കാഴ്ചക്കാരും സ്വമേധയാ കയ്യടിച്ച് സിനിമയോടുള്ള സന്തോഷവും ആദരവും പ്രകടിപ്പിക്കുകയുണ്ടായി. ഇത് പുതുമയുള്ള ഒരനുഭവമായിരുന്നു. ഇത്തരമൊരു കയ്യടി.
മറ്റേതെങ്കിലും സിനിമയ്ക്ക് അടുത്ത കാലത്തൊന്നും നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ചില താരങ്ങൾക്ക് കയ്യടികൾ ലഭിച്ചു കാണാറുണ്ട് എന്നതല്ലാതെ, സിനിമയ്ക്ക് പൊതുവിൽ ഇങ്ങനെയൊരനുമോദനം കണ്ടു പരിചയമില്ല. അതും പ്രേക്ഷകരിൽ നിന്ന് തികച്ചും സ്വാഭാവികമായി.
സംവിധായകൻ വിനയൻ ഇതർഹിക്കുന്നു എന്നാണ് സിനിമ കണ്ട ഞാനും വിചാരിക്കുന്നത്. ഇനിയങ്ങോട്ട് 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമയുടെ പേരിലാവും വിനയനെന്ന സംവിധായകൻ അറിയപ്പെടാൻ പോകുന്നത്. അത്രമാത്രം വേറിട്ടതും ശക്തവുമായ ഒന്നാണ് ഈ സിനിമ.
അത് നമ്മുടെ ഇന്നലെകളിലേക്ക്, കേരളത്തിൻ്റെ മുൻ കാലചരിത്രത്തിലേക്ക്, ചരിത്രത്തിലെ അത്രയൊന്നും അറിയപ്പെടാത്ത ചില ഏടുകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്നു. എഴുതപ്പെട്ട ചരിത്രത്തിൽ അർഹിക്കുന്ന ഇടം നേടാതെ പോയ ചില അധ്യായങ്ങളെ നമുക്ക് മുന്നിൽ തുറന്നിടുകയാണ് വിനയൻ.
സിനിമ എന്ന കലയുടെ രസതന്ത്രം ഈ സിനിമയിൽ എത്രമാത്രം ഇഴചേർന്നിരിപ്പുണ്ട് എന്ന സൗന്ദര്യശാസ്ത്രപരമായ ഒരു വിശകലനത്തിന് ഞാനിവിടെ മുതിരുന്നില്ല. വിനയൻ എന്ന ജനകീയ സംവിധായകന് അത്തരമൊരു സിനിമയെടുക്കണമെന്ന ആഗ്രഹമുണ്ടാവാനും ഇടയില്ല.
എന്നാൽ ഇത് നമ്മളെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്. കേരളീയ പാരമ്പര്യം എന്നൊക്കെ വീമ്പിളക്കുന്ന പുതിയ കാല യാഥാസ്ഥിതികരോട് ഇതൊക്കെയാണ് നിങ്ങളുടെ പാരമ്പര്യത്തിൻ്റെ നിലവറയിൽ നിറച്ചു വെച്ചിരുന്നത് എന്ന് പച്ചയായി സിനിമ പറയുകയാണ്.
പ്രധാന കഥാപാത്രങ്ങളായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നങ്ങേലിയുടെയും കഥ കാണിച്ചുതരുന്നതിനോടൊപ്പം, ഒരു വേള അതിലുപരിയായി അവരിരുവരും മുന്നോട്ടുവെച്ച സാമൂഹിക വീക്ഷണത്തേയും അവർ നടത്തിയ പോരാട്ടങ്ങളുടെ അന്തഃസത്തയേയും കാണിക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാണ് പ്രേക്ഷകർ കയ്യടിച്ചത്.
അവർണസമൂഹം സമത്വാധിഷ്ഠിത ലോകത്തിലേക്ക് പടിപടിയായ കടന്നു വന്നതിൻ്റെ പിന്നിലെ 'സോഷ്യൽ എൻജിനിയറിംഗ്' വിനയന് മനസ്സിലായിട്ടുണ്ട്. അതിലേക്ക് ചെറുതായെങ്കിലും ഫോക്കസ് കൊടുക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്.
നായകനിലേക്കും നായികമാരിലേക്കും ശ്രദ്ധ പതിയുമ്പോഴും അവരെ നായിക / നായക പദവിയിലേക്കെത്തിച്ച സാമൂഹ്യ സാഹചര്യം മറക്കാതിരിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അവകാശങ്ങളെപ്പറ്റിയുള്ള ബോധ്യം അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൽ വളർന്നതെങ്ങനെയെന്നും നിലവിലെ അധികാരശ്രമങ്ങളെ മനസ്സിലാക്കിക്കൊണ്ട് പോരാട്ടം നടത്തേണ്ടതെങ്ങനെയെന്നും ഈ സിനിമ പറഞ്ഞു വെക്കുന്നു.
സത്യത്തിൽ പഴയൊരു കാലഘട്ടത്തെ അതിൻ്റെ മർമ്മത്തിലെടുത്ത് പുതിയ തലമുറയുടെ മുന്നിലേക്ക് വെക്കുകയാണ് വിനയൻ തൻ്റെ സിനിമയിലൂടെ. അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തലമുറയ്ക്കും സ്വീകാര്യമായ രീതിയിൽ തന്നെയായി എന്നതാണ് ഈ സിനിമയുടെ വിജയം.
ഒപ്പം മനുഷ്യാവസ്ഥകളുടെ വൈചിത്ര്യം കാട്ടിത്തരുന്ന ഒരു കമേഴ്സ്യൽ സിനിമയായും ഇതിനെ വിലയിരുത്താവുന്നതാണ്. അതിലും വലിയ പരുക്കുകളൊന്നും എടുത്തു പറയുവാനില്ല.
എല്ലാ മലയാളികളും ഇത് കാണണം എന്ന് ഞാനാഗ്രഹിക്കുന്നു. നമ്മളെങ്ങനെ നമ്മളായെന്ന് അറിയുന്നതിനുള്ള ഒരധ്യായം ഇതിലുണ്ട്.