Advertisment

ഡോ.യൂസുഫുൽ ഖർദാവിയുടെ വിയോഗം ഇസ്ലാമികജ്ഞാന ലോകത്തിന്ന് വലിയ നഷ്ടം: ഡോ.ഹുസൈൻ മടവൂർ (ലേഖനം)

author-image
ജൂലി
Updated On
New Update

publive-image

Advertisment

വിശ്വവിഖ്യാത ഇസ്ലാമിക പണ്ഡിതൻ ഡോക്ടർ യൂസുഫുൽ ഹറാമിയുടെ വിയോഗം ഇസ്ലാമിക ജ്ഞാനലോകത്തിന് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹം കൈവെക്കാത്ത അറിവിന്റെ മേഖലകളില്ല.ഇസ്ലാം കേവലം അനുഷ്ഠാനങ്ങളുടെ പാരമ്പര്യ വൃത്തങ്ങൾക്കപ്പുറത്ത് മനുഷ്യ ജീവിതത്തെ മുഴുവനായും നിയന്ത്രിക്കുന്ന പ്രായോഗികമായ ചാലകശക്തിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രചനകൾ.

ഇരുന്നൂറോളം കനപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടദ്ദേഹം. ലോക ഭാഷകളിലെക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങളിൽ പലതും മലയാളത്തിലും ലഭ്യമാണ്.

മുതലാളിത്തവും കമ്മ്യൂണിസവുമല്ലാത്ത ഒരു സമ്പൂർണ സാമ്പത്തിക ശാസ്ത്രം ഇസ്ലാമിന്നുണ്ടെന്ന് അദ്ദേഹം സമർത്ഥിച്ചു.തന്റെ പി.എഛ്.ഡി തിസീസിന്റെ വിശാല രൂപമായ 'ഫിഖ്ഹുസ്സകാത്ത്' എന്ന ഗ്രന്ഥമാണ് ഇരുപതാം നൂറ്റാണ്ടിൽ ഇസ്ലാമിലെ ധനതത്വശാസ്ത്രത്തിൽ നടന്ന ഏറ്റവും ബൃഹത്തായ പഠനം. കിതാബുൽ ഖറാജും,കിതാബുൽ അംവാലും പോലെ മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഗ്രന്ഥമാണത്.

എന്റെ ഗുരുനാഥന്മാരായ സി.പി.അബൂബക്കർ മൗലവി, അബുസ്സ്വലാഹ് മൗലവി തുടങ്ങിയവർ സകാത്ത് വിഷയം പഠിപ്പിക്കുമ്പോൾ ഫിഖ്ഹുസ്സകാത്ത് നല്ലൊരു റഫറൻസ് ആയി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എ.പി.അബ്ദുൽ ഖാദർ മൗലവിയുടെ സകാത്ത് സംബന്ധമായ പുസ്തക രചനയിലും ക്ലാസുകളിലും ഏറെ ഉപയോഗപ്പെടുത്തിയ ഗ്രന്ഥമാണത്. കർമ്മശാസ്ത്ര വിഷയങ്ങളിൽ മദ്ഹബുകളുടെ ഇമാമുകളെയും പണ്ഡിതന്മാരെയും ബഹുമാനപൂർവ്വം അംഗീകരിച്ച് കൊണ്ട് തന്നെ അദ്ദേഹം നടത്തിയ പഠനങ്ങൾ ആധുനിക വിഷയങ്ങളിൽ ഇസ്ലാമിന്റെ നിലപാടുകൾ വരച്ച് കാട്ടുന്നുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന് അൽ ഇഖ്തിസ്വാദുൽ ഇസ്ലാമി എന്ന പേരിൽ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ മുമ്പിൽ പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ഇസ്ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന്റെ ടെർമിനോളജികൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ വലുതാണ്. മറ്റൊരു പഠനമായ 'അൽ ഹലാലു വൽ ഹറാമു ഫിൽ ഇസ്ലാം'എന്ന ഗ്രന്ഥം ലോക പ്രസിദ്ധമാണ്. എന്റെ ഗുരുനാഥൻ മൗലവി മുഹമ്മദ് കുട്ടശേരി ഈ ഗ്രന്ഥം അവലംബിച്ച് ആഴ്ചകളോളം ഖുതുബകൾ നടത്തിയിട്ടുണ്ട്. മുസ്ലിം സമൂഹത്തിലെ അമുസ്ലിംകളുടെ അവകാശങ്ങൾ വിവരിക്കുന്ന ഗ്രന്ഥമാണ് 'ഗ്വൈ റുൽ മുസ്ലിമീൻ ഫിൽ മുജ്തമഇൽ ഇസ്ലാമി. ഇത് വായിച്ച ചില മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളിലെ വായനക്കാരുടെ ആവശ്യപ്രകാരമാണ് അമുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഇസ്ലാമിക ജീവിതം വിവരിക്കുന്ന ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചത്. തന്റെ യൂറോപ്യൻ അമേരിക്കൻ യാത്രകളിൽ അവിടങ്ങളിലെ മുസ്ലിംകളിൽ നിന്നുയർന്ന് വന്ന ചോദ്യങ്ങളും ആ ഗ്രന്ഥരചനക്ക് പ്രേരണയായിട്ടുണ്ട്.'ഫിഖ്ഹുൽ അഖല്ലിയ്യാത്ത് എന്ന ഒരു വിജ്ഞാനശാഖ തന്നെ പിന്നീടുണ്ടായി.

മതത്തിന്റെ പേരിലുള്ള കാർക്കശ്യതക്കെതിരായിരുന്നു അദ്ദേഹം. അദ്ദീനു യുസ്റുൻ (മതം എളുപ്പമാണ്) എന്ന് അദ്ദേഹം പറയുമായിരുന്നു. ഫിഖ്ഹുത്തൈയ്സീർ (എളുപ്പമുള്ള കർമ്മശാസ്ത്രം) അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ

ഒരു വെള്ളപ്പാച്ചിൽ പോലെയാണ്. ഒരു കുറിപ്പും നോക്കാതെ അദ്ദേഹം ദീർഘമായി പ്രസംഗിക്കുമായിരുന്നു. മുൻ കാല പണ്ഡിതന്മാരോട് പല വിഷയത്തിലും വിയോജിക്കുന്ന അദ്ദേഹത്തോട് വിയോജിക്കുന്നവരോടും അദ്ദേഹത്തിന്ന് നല്ല ബന്ധമായിരുന്നു. വിവിധ മുസ്ലിം വിഭാഗങ്ങൾ സ്വയം സ്വീകരിച്ച പേരുകൾ മാത്രമേ അവരെപ്പറ്റി മറ്റുള്ളവരും പറയാവൂ എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഞാൻ ഖർദാവിയുടെ ഗ്രന്ഥങ്ങൾ പലതും വായിച്ചിട്ടുണ്ട്.മക്കയിൽ പഠിക്കുന്ന കാലത്ത്

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. റാബിത്വ സംഘടിപ്പിച്ച ലോക മുസ്ലിം പണ്ഡിത സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഖത്തറിൽ അദ്ദേഹത്തിൻ്റെ ഖുതുബകൾ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിച്ചിട്ടുണ്ട്.

അവസാനമായി അദ്ദേഹം കോഴിക്കോട്ട് വന്നപ്പോൾ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഗവേഷണ സ്വഭാവമുള്ള വിഷയങ്ങളിൽ ഏതൊരു പണ്ഡിതനോടും മറ്റ് പല പണ്ഡിതന്മാരും എതിർപ്പ് പ്രകടിപ്പിക്കുക സ്വാഭാവികമാണ്. അത് ഖർദാവിക്കെതിരിലും ഉണ്ടായിട്ടുണ്ട്.

അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്കെതിൽ പല പണ്ഡിതന്മാരും ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹം വിമർശനങ്ങൾക്കതീതനൊന്നുമല്ലല്ലോ. അദ്ദേഹത്തിന്റെ വിയോഗം ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന്ന് വലിയൊരു നഷ്ടം തന്നെയാണ്.

പ്രപഞ്ചനാഥൻ അദ്ദേഹത്തിന്റെ പാരത്രിക ജീവിതത്തിന് രക്ഷയേകുമാറാകട്ടെ.

Advertisment