കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും വിവാദങ്ങളും പുതിയതല്ല... കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകേണ്ടതായിരുന്നു, അന്ന് പാർട്ടി ഒന്നാകെ സർദാർ പട്ടേലിനൊപ്പമായിരുന്നു, പക്ഷേ ഗാന്ധിജിയുടെ ഇടപെടലിൽ നെഹ്രു വിജയിച്ചു.
കഥ ആരംഭിക്കുന്നത് 1946-ലാണ്. രാജ്യം സ്വതന്ത്രമാകാൻ പോകുകയാണ്, കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകുമെന്ന് തീരുമാനിക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ 15-ൽ 12 സംസ്ഥാന കമ്മിറ്റികളും സർദാർ പട്ടേലിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് അനുകൂലമായിരുന്നു,
എന്നാൽ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം പട്ടേൽ മത്സരത്തിൽ നിന്ന് പിന്മാറുകയും ജവഹർലാൽ നെഹ്‌റു പ്രസിഡന്റാകുകയും ചെയ്തു. ഇതാണ് ചരിത്രം.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും വിവാദപരവും ചർച്ച ചെയ്യപ്പെടുന്നതുമായ സംഭവങ്ങളിലൊന്നാണ് ഇത് . രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് എന്നും വിവാദങ്ങളുടെയും ചേരിതിരിവുകളുടെയും സംഭവബഹുലമായ ചരിത്രമായിരുന്നു.
ഈ മാസം അതായത് ഒക്‌ടോബർ 17നാണ് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിച്ചു. പോരാടാൻ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും മുഖാമുഖം.
ഇനിയുമുണ്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ചരിത്ര കഥകൾ. 1938-ൽ ഹരിപ്പൂരിൽ നടന്ന കൺവെൻഷനിൽ നേതാജി സുഭാഷ് ചന്ദ്രബോസ് എതിരില്ലാതെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ബോസും മഹാത്മാഗാന്ധിയും തമ്മിൽ സ്വാതന്ത്ര്യസമരത്തിന്റെ ദിശ സംബന്ധിച്ച് പല വിഷയങ്ങളിലും ആശയപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
1939-ൽ ബോസ് രണ്ടാം തവണയും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. എന്നാൽ അന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മഹാത്മാഗാന്ധിയുടെ സ്ഥാനാർഥി അബുൽ കലാം ആസാദായിരുന്നു, പക്ഷേ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചു.
തുടർന്ന് ജവഹർലാൽ നെഹ്‌റുവിനെ പ്രസിഡന്റാക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടെങ്കിലും മുൻപ് കോൺഗ്രസ് അധ്യക്ഷനായിരുന്ന നെഹ്‌റു ഒരിക്കൽക്കൂടി അദ്ധ്യക്ഷനാകാൻ താൽപര്യം കാണിച്ചില്ല. ഒടുവിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവായ പട്ടാഭി സീതാരാമയ്യയെ നേതാജിക്കെതിരേ തിരഞ്ഞെടുപ്പിൽ മത്സരി ക്കാൻ ഗാന്ധിജി പ്രേരിപ്പിച്ചു.
1939 ജനുവരി 29ന് മധ്യപ്രദേശിലെ ത്രിപുരിയിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെ ടുപ്പിൽ നേതാജിക്ക് 1580 വോട്ടും സീതാരാമയ്യയ്ക്ക് 1377 വോട്ടും ലഭിച്ചു. സുഭാഷിന്റെ വിജയത്തിന് ശേഷം ഗാന്ധിജി പറഞ്ഞ വാക്കുകൾ ഇതായിരുന്നു, " സുഭാഷിന്റെ വിജയത്തിൽ ഞാൻ സന്തുഷ്ടനാണ്. പട്ടാഭി സ്ഥാനാർത്ഥിത്വം പിൻവലിക്കാതിരുന്നത് ഞാൻ മൂലമാണ്. അതുകൊണ്ടുതന്നെ ഈ തോൽവി അദ്ദേഹത്തേക്കാൾ എന്റേതാണ് " എന്നായിരുന്നു.
നേതാജിയുടെ വിജയത്തിനുശേഷം ഗാന്ധിജിയുടെ ആവശ്യപ്രകാരം നേതാജി സ്വന്തം വർക്കിംഗ് കമ്മിറ്റി രൂപീകരിക്കുകയും ഗാന്ധിജിയുടെ അനുയായികളായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും നേതാജിയും തമ്മിൽ സ്വാതന്ത്ര്യസമരത്തിന്റെ ദിശയെക്കുറിച്ചും കോൺഗ്രസിന്റെ പ്രവർത്തനരീതിയെക്കുറിച്ചും ഉടലെടുത്ത കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ആഴത്തിൽ വർധിക്കുകയും പാർട്ടിയുടെ പ്രവർത്തനം തന്നെ അവതാളത്തിലാകുകയും ചെയ്തു.
1939 ഫെബ്രുവരി 22-ന്, വാർധയിൽ നടന്ന സി.ഡബ്ല്യു.സി യോഗത്തിൽ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ ഗാന്ധി അനുകൂലികളായ 15 ൽ 13 പേരും രാജിവച്ചു. അന്ന് പാർട്ടി പാസ്സാക്കിയ പ്രമേയപ്രകാരം ഗാന്ധിജിയുടെ നയങ്ങളോട് പാർട്ടി പൂർണ്ണമായ കൂറ് പുലർത്തി മുന്നേറണമെന്നും കോൺഗ്രസിന് പുതിയ വർക്കിങ് കമ്മിറ്റി രൂപീകരിക്കണമെന്നും പ്രസിഡന്റായ നേതാജിയോടഭ്യർത്ഥിച്ചു.
ഈ നിർദ്ദേശത്തിന് ശേഷം, ഗാന്ധിജിയുടെ ആഗ്രഹം അംഗീകരിക്കുകയല്ലാതെ മറ്റു വഴികളില്ലാതാകുകയും പട്ടാഭി സീതാരാമയ്യയുടെ പരാജയം തന്റെ വ്യക്തിപരമായ പരാജയമായി ഗാന്ധിജി കണക്കാക്കുകയും ചെയ്തതോടെ തനിക്കനുകൂലമായ ഒരു വർക്കിങ് കമ്മിറ്റി രൂപീകരണം സുഭാഷ് ചന്ദ്രബോസിന് ഏറെക്കുറെ അസാദ്ധ്യമായി മാറിയിരുന്നു. ഒടുവിൽ, അനുയോജ്യമായ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട് ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു.
പിന്നീട് 1948-ൽ സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിന്റെ പിന്തുണയോടെ പട്ടാഭി സീതാരാമയ്യ കോൺഗ്രസിന്റെ പ്രസിഡന്റായി.
ഇനി ഒരുവട്ടം കൂടി നമുക്കൊന്ന് പുറകോട്ടുപോകാം..എങ്കിൽ മാത്രമേ ഈ ചരിത്രകഥയ്ക്ക് പൂർണ്ണത കൈവരുകയുള്ളു. 1940-ലെ രാംഗഢ് സമ്മേളനത്തിൽ മൗലാന അബുൽ കലാം ആസാദ് കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1946 ഏപ്രിൽ വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. രണ്ടാം ലോകമഹായുദ്ധ ത്തിനുശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യം വിദൂരമല്ലെന്ന് ഏതാണ്ട് തീരുമാനമായി. രാജ്യത്തെ ഏറ്റവും പ്രമുഖമായ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകുമെന്നും അന്ന് തീരുമാനിച്ചിരുന്നു.
മൗലാന ആസാദിന്റെ ആത്മകഥയായ 'ഇന്ത്യ വിൻസ് ഫ്രീഡം' പ്രകാരം, 1946-ൽ, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ മൗലാനാ ആസാദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, എന്നാൽ 1946 ഏപ്രിൽ 20-ന് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹം പരസ്യമായി പറയുകയുണ്ടായി.
മറുവശത്ത്, നെഹ്രുവിന് ഗാന്ധിജിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നിട്ടും, സർദാർ വല്ലഭായ് പട്ടേലിനെ പാർട്ടി പ്രസിഡന്റും അതുവഴി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആക്കുന്നതിന് കോൺഗ്രസ് പാർട്ടി പിന്തുണ നൽക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷനെ നോമിനേറ്റ് ചെയ്യാനും തിരഞ്ഞെടുക്കാനും സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളു..
കോൺഗ്രസിന്റെ 15 സംസ്ഥാന കമ്മിറ്റികളിൽ 12 എണ്ണവും സർദാർ പട്ടേലിനെ അദ്ധ്യക്ഷനായി നാമനിർ ദേശം ചെയ്തു. ഒരു സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റി പോലും നെഹ്രുവിന്റെ പേര് നിർദ്ദേശിച്ചിരുന്നില്ല, കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചില അംഗങ്ങൾ നെഹ്രുവിന്റെ പേര് നിർദ്ദേശിച്ചെങ്കിലും അവർക്ക് അതിനുള്ള അധികാരമില്ലായിരുന്നു.
തുടർന്ന് ഗാന്ധിജി നെഹ്‌റുവുമായി സംസാരിച്ചു, ഭരണത്തിൽ രണ്ടാം സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് നെഹ്‌റു അറിയിച്ചപ്പോൾ , പട്ടേലിനോട് തന്റെ പേര് പിൻവലിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു. പട്ടേലിന്റെ പിന്മാറ്റത്തോടെ നെഹ്‌റുവിന് കോൺഗ്രസ് അധ്യക്ഷനാകാനുള്ള വഴി തെളിഞ്ഞു. 1946 മേയിൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായി. ഒരു മാസത്തിനുശേഷം, കോൺഗ്രസ് പ്രസിഡന്റായ നെഹ്‌റുവിനെ വൈസ്രോയി ഇടക്കാല സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. 1947 ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം, നെഹ്‌റു രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും ആയി.
നെഹ്രുവിന്റെ രാഷ്ട്രീയ ചരിത്ര രചയിതാവ് M. Breche എഴുതി, 'ഗാന്ധി ഇടപെട്ടില്ലായിരുന്നുവെങ്കിൽ 1946-47 കാലഘട്ടത്തിൽ സർദാർ പട്ടേൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകുമായിരുന്നു....സർദാറിൽ നിന്ന് ആ പുരസ്ക്കാരം പിടിച്ചുവാങ്ങപ്പെടുകയായിരുന്നു.'
ഇന്ത്യ വിൻസ് ഫ്രീഡം എന്ന തന്റെ ആത്മകഥയിൽ മൗലാനാ അബുൽ കലാം ഇങ്ങനെ എഴുതി.. " ഒരു പക്ഷെ ഇതായിരിക്കാം എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്...ഞാൻ സർദാർ പട്ടേലിനെ അന്ന് സപ്പോർട്ട് ചെയ്തില്ല.ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാകു മായിരുന്നു"
ഇപ്പോൾ നാം 74 വർഷത്തെ ചരിത്രം പരിശോധിച്ചാൽ 39 വർഷത്തോളം ഗാന്ധികുടുംബമാണ് കോൺഗ്രസ് പ്രസിഡണ്ട് പദം അലങ്കരിച്ചത് എന്ന് കാണാം. അതിൽ ഏറ്റവും കൂടുതൽ അതായത് 22 വർഷവും സോണിയാ ഗാന്ധിയായിരുന്നു അദ്ധ്യക്ഷ.
സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനം അലങ്കരിച്ചവർ താഴെപ്പറയുന്നവരാണ് .
1948 -49 പട്ടാഭി സീതാരാമയ്യ.
1950 പുരുഷോത്തം ദാസ് ടണ്ടൻ
1951 54 ജവഹർലാൽ നെഹ്‌റു.
1955 -59 യൂ എൻ ദേബർ
1960 -63 നീളം സഞ്ജീവ റെഡ്‌ഡി.
1964 -67 കെ.കാമരാജ്.
1968 -69 എസ് .നിജലിംഗപ്പ.
1970 -71 ബാബു ജഗജീവൻ റാം
1972 -74 ശങ്കർ ദയാൽ ശർമ്മ.
1975 -77 ദേവകാന്ത് ബറുവ
1959 ,78 -84 ഇന്ദിരാ ഗാന്ധി.
1985 -91 രാജീവ് ഗാന്ധി.
1992 -95 പി.വി.നരസിംഹറാവു
1996 -98 സീതാറാം കേസരി
1998 -2017 ,2019 മുതൽ ഇതുവരെ സോണിയാ ഗാന്ധി
2017 -19 രാഹുൽ ഗാന്ധി.
ലേഖനത്തിന് അവലംബം :
Nehru & Bose: Parallel Lives’ by Rudrangshu Mukherjee
Maulan Abul Kalam Azad, 1957 India Win Freedom.
Rajmohan Gandhi, 1991, Patel: A Life, Ahmedabad
Durgadas, 1969, India from Curzon to Nehru and After, New Delhi
M. Brecher, Nehru: A Political Biography
DBH .