മലയാളികളുടെ അകത്തളങ്ങളിൽ പൊട്ടിച്ചിരികൾ ആർത്തലയ്ക്കുന്നു. സീ കേരളയിലെ “വൈഫ് ഈസ് ബ്യൂട്ടിഫുൾ” മലയാളികളെ ചിരിപ്പിച്ച്… ചിരിപ്പിച്ച്... കൊല്ലും !

New Update

publive-image

Advertisment

മലയാളിയെ ചിരിപ്പിച്ച് കൊല്ലാൻ, “കൊട്ടിലപ്പാട്ടെ ആൺവീട്ടിലെ” മൂന്ന് ആൺമക്കളും അമ്മാവനും അവരെ ചുറ്റിപ്പറ്റിയുള്ള വേറെ കുറേ ആളുകളും വൈകുന്നേരങ്ങളെ ഉല്ലാസമാക്കാൻ സ്വീകരണമുറികളിൽ എത്തിക്കഴിഞ്ഞു . ഇവരുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് “ വൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്ന സീരിയലിലൂടെ സീ കേരള പ്രേക്ഷകർക്ക് നൽകുകയാണ് .

പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായ പാതയിലൂടെ, സഞ്ചരിക്കുന്ന ഈ സീരിയൽ തുടക്കം മുതൽ വിജയകരമായി മുന്നോട്ട് പോകുന്നത് അതിന്റെ നൂതനമായ അവതരണശൈലിയും പാത്രസൃഷ്ടിയും കൊണ്ടാണ്.

കൊട്ടിലപ്പാട്ടെ ബലരാമന്റെയും സീതാലക്ഷ്മിയുടെയും മക്കളാണ് അനന്തനും അപ്പുണ്ണിയും അമ്പിളിയും. പങ്കിയമ്മാവൻ സീതാലക്ഷ്മിയുടെ സഹോദരനും.
അമ്മാവൻ അനന്തരവൻമാരെക്കൊണ്ട് പൊറുതി മുട്ടുന്നുണ്ട്. വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മക്കൾക്ക് വിവാഹം ആലോചനകൾ സജീവമായി നടക്കുന്നു. മൂത്തമകനായ അനന്തന് വിവാഹം കഴിക്കാൻ താത്പര്യം ഇല്ല എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുള്ളതിനാൽ അനന്തന് കല്യാണം ആലോചിയ്ക്കുന്നില്ല.

publive-image

സർക്കാരിൽ സർവെയറായ അനന്തൻ എല്ലാമാസവും നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് പോകുന്നത്, അയാളുടെ ഭാര്യയുടെയും മക്കളുടെയും അടുത്തേയ്ക്ക് ആണന്ന് ഇതുവരെ കൊട്ടിലപ്പാട്ടിലാർക്കും അറിയത്തില്ല.

മൂന്നാമത്തെ മകൻ അമ്പിളി കേബിൾ ടിവി ഓപ്പറേറ്റർ ആണ്. അമ്പിളിയുടെ സഹായി മനോഹരൻ അമ്പിളിയുടെ സന്തതസഹചാരിയാണ്. മനോഹരന്റെ മണ്ടത്തരങ്ങൾ പ്രേക്ഷകർക്ക് ചിരിയുടെ അമിട്ട് സമ്മാനിയ്ക്കുന്നു.

അമ്പിളിയുടെ കേബിൾ ടിവി വരിക്കാരനായ മജീദിന്റെ മകൾ ഷാഹിനയുമായി അമ്പിളി പ്രണയത്തിലാണ്.ആ വിവരം മജീദ് പങ്കിയമ്മാവനെ ധരിപ്പിച്ചിട്ടുമുണ്ടായിരുന്നു.

കൊട്ടിലപ്പാട്ടെ നിഷ്ക്കളങ്ക ജന്മമായ രണ്ടാമത്തെ മകൻ അപ്പുണ്ണിയുടെ ലോകം കൊട്ടിലപ്പാട്ടെ വിശാലമായ പറമ്പും പശുക്കളുമാണ്. അപ്പുണ്ണിയുടെ നിഷ്കളങ്കമായ ചോദ്യങ്ങൾ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. ആ പാവം പെണ്ണുകാണാൻ പോയതൊക്കെ പ്രേക്ഷകർക്ക് രസകരവും ഒപ്പം സഹതാപം തോന്നിപ്പിയ്ക്കുന്നതുമായിരുന്നു.

പങ്കിയമ്മാവൻ നാട്ടിൽ ഇത്തിരി പേരൊക്കെയുള്ള പാർട്ടി പ്രവർത്തകനാണ്. അവിവാഹിതൻ. ( വിവാഹിതനാണോ എന്ന് വഴിയെ അറിഞ്ഞേക്കാം)
കൊട്ടിലപ്പാട്ടെ കാരണവർ ബലരാമൻ, നാടകപ്രിയനും നാടകരചയിതാവുമാണ്. സീതാലക്ഷ്മി ഉത്തമയായ വീട്ടമ്മയും.

publive-image

നാട്ടിൻപുറത്തിന്റെ നൈർമ്മല്യവും നിഷ്ക്കളങ്കതയും കൊട്ടിലപ്പാട്ടുകാർ കൈവിട്ടിട്ടില്ല എന്നത് ഈ ആധുനിക കാലത്തും ഒരു അത്ഭുതം തന്നെയാണ്. കൊട്ടിലപ്പാട്ടെ വിശാലമായ പുരയിടം പോലെ വിശാലമാണ് തറവാടും.

പ്രൗഢിയും പ്രതാപവും പ്രഭാവവും എന്നാൽ ലാളിത്യവും അലതല്ലുന്ന കൊട്ടിലപ്പാട്ട് വീടും, കുളവും പുരയിടവും ആ വീട്ടിൽ “ജീവിയ്ക്കുന്ന” കഥാപാത്രങ്ങളും കഥാമുഹൂർത്തങ്ങളും പ്രേക്ഷകരുടെ കണ്ണിനും കാതിനും മനസ്സിനും ഉത്സവമാകുന്നു.

അമ്പിളിയുടെയും ഷാഹിനയുടെയും പ്രണയം മനസ്സിലാക്കിയ മജീദ് മകളെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിയ്ക്കുന്നില്ല. വീട്ടിൽ നിന്നും മജീദിന്റെ കണ്ണുവെട്ടിച്ച് പുറത്ത് ചാടിയ ഷാഹിനയെ കടത്തിക്കൊണ്ട് വരാൻ അമ്പിളി പറഞ്ഞു വിട്ടത് തിരുമണ്ടനായ മനോഹരനെ. ആ കാഴ്ചകൾ പ്രേക്ഷകർ തലയറഞ്ഞ് ചിരിച്ച് കണ്ടു.

അമ്പിളിയുടെ പെട്ടിഓട്ടോറിക്ഷയുടെ പുറകിലെ വലിച്ച് മൂടിക്കെട്ടിയ പടുതയുടെ താഴെ മജീദിന്റെ മകളാണന്നറിയാതെ ഓട്ടോ ഓടിച്ച് വരുന്ന പങ്കിയമ്മാവൻ, മകളെ അന്വേഷിച്ച് ഇറങ്ങിയ മജീദിന്റെ മുന്നിൽ പെടുന്നതും, ഓട്ടോയും ഷാഹിനയും, പിന്നീട് ആ വീട്ടിൽ നിന്നും കാണാതെ പോകുന്നതും തിരിച്ചു വരുന്നതും, അമ്പിളിയുടെയും പങ്കിയമ്മാവന്റെയും വേവലാതിയും, ഷാഹിനയെ ഒളിപ്പിയ്ക്കാൻ പങ്കിയമ്മാവനും അമ്പിളിയും കൂടി ഷാഹിനയെ പടുതയിൽ ചുമന്നുകൊണ്ട് പോകുമ്പോൾ അപ്പുണ്ണിയുടെ മുന്നിൽ പെടുന്നതും, അവിടുന്ന് രക്ഷപ്പെടുന്നതും, പറമ്പിലെ കെട്ടിടത്തിൽ ഷാഹിനയെ ഒളിപ്പിയ്ക്കുന്നതും, അപ്പുണ്ണിയ്ക്ക് സംശയം തോന്നുന്നതും, ആ മുറി പരിശോധിയ്ക്കുമ്പോൾ അകത്ത് നിന്ന് ഒരു തുമ്മൽ കേട്ട് ഭയന്ന് അനന്തനെ വിളിച്ച് അകത്ത് കയറ്റി പരിശോധിയ്ക്കുന്നതും, അപ്പുണ്ണി കന്നുകാലിക്കൂട്ടിൽ തലയിടിച്ച് വീണന്ന് അമ്പിളി പറഞ്ഞ് എല്ലാവരെയും വിശ്വസിപ്പിയ്ക്കുന്നതും, അതുകൊണ്ട് ഉണ്ടായ വിഭ്രാന്തിയിൽ അപ്പുണ്ണി ഓരോന്ന് പറയുന്നതാണന്നും കാണാത്തത് കണ്ടു എന്ന് പറയുന്നതാണന്നും, ഷാഹിനയെ കുളക്കരയിൽ കണ്ട് ഭയന്ന് അപ്പുണ്ണി കുളത്തിൽ വീഴുന്നതും വീടിന്റെ മുകളിലേയ്ക്ക് ചാരിയ ഗോവണി കണ്ട് ആശ്ചര്യപ്പെട്ട്, ഗോവണിയിൽ കയറി തട്ടിൻപുറത്ത് ഒളിച്ചിരിക്കുന്ന ഷാഹിനയെക്കണ്ട് പേടിച്ച് വീഴുന്നതും തുടങ്ങി കൊട്ടിലപ്പാട്ടിലെ വിശേഷങ്ങൾ കണ്ട് പ്രേക്ഷകർ ആർത്തലച്ച് ചിരിയ്ക്കുകയാണ്.

ഓരോ ഡയലോഗിലും നിഷ്കളങ്കമായ നർമ്മം ഒളിഞ്ഞിരിയ്ക്കുന്നത് ഈ സീരിയലിന്റെ വിജയത്തിന് വഴിയൊരുക്കും. ഇനി വരുന്ന ഓരോ എപ്പിസോഡിലും അത് നിലനിർത്താൻ കഴിഞ്ഞാൽ പ്രേക്ഷകർ കൂടെ കാണും.

നല്ലത് പോലെ ഹോംവർക്ക് ചെയ്ത ടീമാണ് “ വൈഫ് ഈസ് ബ്യൂട്ടിഫുളിന്റേത്” എന്ന് കഥയുടെ ഓരോ സന്ദർഭങ്ങളിലും അറിയാനുണ്ടന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കഥയും തിരക്കഥയും സംഭാഷണവും കുറ്റമറ്റതായത് സംവിധാനത്തെ ഏറ്റവും മികച്ചതാക്കുന്നു. പതിവ് സീരിയലുകൾ ഉപേക്ഷിച്ച് പ്രേക്ഷകർ “വൈഫ് ഈസ് ബ്യൂട്ടിഫുളിലേയ്ക്ക്” റിമോട്ട് എടുക്കുന്നത് ഈ ഗുണമേന്മ കൊണ്ടാവാം.

ബലരാമനും സീതാലക്ഷ്മിയും അനന്തനും അപ്പുണ്ണിയും അമ്പിളിയും മനോഹരനും മജീദും ഷാഹിനയും പങ്കിയമ്മാവനും വൈകുന്നേരങ്ങളിൽ വീടിന്റെ അകത്തളങ്ങളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനാണ് തീ കൊളുത്തിയിരിയ്ക്കുന്നത്. സീരിയലിന്റെ തുടക്കത്തിലെ ബലരാമന്റെയും സീതാലക്ഷ്മിയുടെയും കല്യാണം മുതൽ തുടങ്ങിയ ചിരി ഇനിയും പ്രേക്ഷകർ ചിരിച്ചു തീർത്തിട്ടില്ല.

Advertisment