പഞ്ചാബിലെ ജയിലുകളിൽ ഇനിമുതൽ ദമ്പതികൾക്ക് ശാരീരികബന്ധത്തിൽ ഏർപ്പെടാം. വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ലൈംഗികാതിക്രമക്കേസുകളിലും ഉൾപ്പെടാത്ത തടവുപുള്ളികൾക്ക് സന്താനലബ്ധിക്കായി ജയിലിൽ സ്വന്തം പാർട്ട്ണറുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇനി കുറ്റവാളി സ്ത്രീയാണെങ്കിൽ ഭർത്താവായ പുരുഷന് അവർക്കൊപ്പം കഴിയാൻ ജയിലിൽ പ്രവേശനം ലഭിക്കും.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഇത്തരം മൂന്ന് കേസുകളാണ് സമീപകാലത്ത് രജിസ്റ്റർ ചെയ്തത്. 2022 മാർച്ചിൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സ്ത്രീയും ഹൈക്കോടതിയെ സമീപിച്ചു. 2018 മുതൽ ജയിലിൽ കഴിയുന്ന തൻ്റെ ഭർത്താവുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ തങ്ങൾക്ക് കുട്ടികൾ അനിവാര്യമാണെന്നും അവർ കോടതിയിൽ ബോധിപ്പിച്ചു. ഭരണഘടനയുടെ 21 -ാം അനുച്ഛേദമനുസരിച്ച് (ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
ഒടുവിൽ ഹൈക്കോടതി സർക്കാരിനോട് ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്താനാവശ്യപ്പെടുകയും അത് എത്രയും വേഗം ഫലപ്രദമായി നടപ്പാക്കാനും നിർദ്ദേശിച്ചു.
നീണ്ട പോരാട്ടങ്ങൾക്കും ആലോചനകൾക്കും ശേഷം, പഞ്ചാബ് സർക്കാർ, കുട്ടികളാഗ്രഹിക്കുന്ന പുരുഷ-വനിതാ തടവുകാർക്ക് അവരുടെ ഭാര്യക്കും ഭർത്താവിനുമൊപ്പം ജയിലിൽ കുറച്ചുദിവസം ഒന്നിച്ചു താമസിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ്. ഇവർക്കുവേണ്ടി പ്രത്യേക മുറികളും ഡബിൾ കിടക്കകളും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. നിലവിൽ പഞ്ചാബിലെ ഇന്തുവാൾ സാഹിബ്, നഭ, ലുധിയാന, ഭട്ടിണ്ട ജയിലുകളിലാണ് ഈ സൗകര്യങ്ങൾ. തുടർന്ന് മറ്റു ജയിലുകളിലും ഈ സംവിധാനം ഒരുക്കുന്നതാണ്.
എന്നാൽ നിബന്ധനകൾക്ക് വിധേയമായാണ് ഈ ആനുകൂല്യം തടവുകാർക്ക് ലഭിക്കുക. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുറ്റവാളികൾക്കും ലൈംഗികാതിക്രമക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കും ഈ സൗകര്യം ലഭിക്കില്ല.
തടവുകാരാണ് ആദ്യം അപേക്ഷിക്കേണ്ടത്. ഇതിനുശേഷം വിവാഹ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കൂടാതെ ഭാര്യയുടെയും ഭർത്താവിന്റെയും മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമങ്ങൾക്കനുസൃതമായി തീരുമാനമെടുക്കുകയും അനുമതി ലഭിക്കുമ്പോൾ, ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ച് കുറച്ച് ദിവസങ്ങൾ ജയിലിൽ ചെലവഴിക്കാൻ അനുമതി നൽകുകയും ചെയ്യും. ഇങ്ങനെയൊരു സൗകര്യം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്.