ആരോരും തുണയില്ലാതെ രണ്ടുപെണ്‍കുട്ടികളുമായി വളരെ ഭയത്തോടുകൂടി കൊല്ലത്ത് ഒരു മൂലയ്ക്ക് വള്ളിക്കീഴിലെ ദേവിയുടെ അടുത്ത് ശരണം പ്രാപിച്ചിരുന്നതിനിടക്ക് ഓര്‍ക്കാപ്പുറത്ത് മേലാധികാരിയില്‍ നിന്നും പാലക്കാടിനുപോകാന്‍ ഉത്തരവ് കിട്ടി.എന്തുചെയ്യുമെന്ന് അന്ധാളിച്ചിരുന്ന ദിവസങ്ങളായിരുന്നു അന്ന്. ഇളയമകള്‍ക്ക് പ്ലസ്ടു പരീക്ഷ നടക്കുന്നു.പരീക്ഷ കഴിയുന്നതുവരെ അവധിക്ക് അപേക്ഷിച്ച് പിടിച്ചുനിന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ ഓഫീസ് മേധാവിയുടെ ഭീഷണി. അവര്‍ക്ക് അതിനുമേലേ നിന്നും സമ്മര്‍ദ്ദം.ഞാന്‍ കാരണം എല്ലാവരുടേയും പ്രഷര്‍ കൂടേണ്ടെന്നു തീരുമാനിച്ച് പാലക്കാടിലേക്ക് ഇളയമകളുമായി യാത്ര തിരിച്ചു.
ഏഴര മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്തുവേണം പാലക്കാടിന് എത്തിച്ചേരാന്‍. പലപല ചിന്തകള്‍ മനസ്സില്‍ കാടുകയറാന്‍ തുടങ്ങി. ചിന്തകളും ആശങ്കകളും മനസ്സിന്റെകോണിലൊതുക്കി പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഓട്ടോപിടിച്ച് ആശുപത്രിയിലെത്തി.'മണം ഇല്ലാത്ത ആശുപത്രി'യായിരുന്നു അത്.കണ്ടിട്ട് നല്ല വൃത്തിയുള്ള ആശുപത്രിയും പരിസരവും. കാക്കിധാരിയായ സെക്യൂരിറ്റി ഓഫീസര്‍ ഭവ്യതയോടെ സംസാരിച്ചു.സിസ്‌റ്റേഴ്‌സ് റൂം കാണിച്ചുതന്നു.
അന്ന് ഞായറാഴ്ചയായതുകൊണ്ട് ഓഫീസ് ഇല്ലായിരുന്നു.തങ്ങാന്‍ ഇടമില്ലാത്തതുകൊണ്ട് ഡ്യൂട്ടിറൂം തുറന്നുതന്നു.എല്ലാവരുടേയും പെരുമാറ്റം മനസ്സില്‍ ഒരു കുളിര്‍മ്മ പകര്‍ന്നു.അന്നത്തെ ദിവസം അവിടെ ഡ്യൂട്ടിറൂമില്‍ കഴിച്ചുകൂട്ടി.ആകെ പരിചയമുള്ള ഡോ.ദിലീപിനെ കാണാന്‍ പോയി. നല്ലവനായ ദിലീപ് സ്‌നേഹപൂര്‍വം അത്താഴത്തിന് ക്ഷണിച്ചു. വരാമെന്നുപറഞ്ഞ് പകല്‍ ഞാനും മകളും കൂടി പാലക്കാട് ആകെ പരിചയമുള്ള ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു. കൊല്ലത്ത് നിന്ന് വിളിച്ചുപറഞ്ഞ് ഏര്‍പ്പാടിക്കിയ ഒരു മഹാമനസ്‌ക്കന്‍ രക്ഷകനായി വന്നു. എത്ര വേണ്ടെന്നു നിര്‍ബന്ധിച്ചിട്ടും വഴങ്ങാത്ത സുഹൃത്ത് പാലക്കാട്ടെ ഏറ്റവും വലിയ ബിരിയാണി കടയില്‍ നിന്നും ചിക്കന്‍ ബിരിയാണി വാങ്ങിത്തന്നു. ഈ പാലക്കാട്ടുകാരൊക്കെ ഇങ്ങനെയാണോ ?ഇത്രയും സ്‌നേഹം കാണിക്കാന്‍ ഞാന്‍ ഇവര്‍ക്കൊന്നും ഒരു സഹായവും
ചെയ്തില്ലല്ലോയെന്നോര്‍ത്തു.
അപ്പോഴേക്കും കണ്ണാടിയിലെത്തി. അവിടെ അകന്ന ഒരു ബന്ധുവായ ഭര്‍ത്താവിന്റെ അടുത്ത കൂട്ടുകാരനും കുടുംബവും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം അവിടെ ചിലവഴിച്ച് തിരികെ ആശുപത്രിയിലെത്തി. പിറ്റേന്ന് തിങ്കളാഴ്ച ജോലിയില്‍ പ്രവേശിച്ചു.
നെഞ്ചുവേദനയുമായി വന്ന രോഗിയെ പരിശോധിച്ചു.വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ട്രോപ്.ടീ നോക്കാന്‍ ലാബ് സൗകര്യമില്ല.ഐ.സി.യു സൊകര്യം ഇല്ല.അതിനാല്‍ രോഗിയെ പാലക്കാട് ഡി.എച്ചിലേക്ക് പറഞ്ഞുവിടേണ്ടി വന്നു.നമ്മുടെ പരിമിതികള്‍ നമുക്കും മറ്റുള്ളവര്‍ക്കും പ്രയാസമുണ്ടാക്കുമെന്ന് തിരിച്ചറിവുതന്നുകൊണ്ടാണ് അന്ന് എന്റെ സേവനം തുടങ്ങിയത്. പത്തുമണിക്കുതന്നെ ഓഫീസ് ജീവനക്കാര്‍ വന്നു.ശേഷം ഞാന്‍ രേഖാമൂലം ജോലിയില്‍ പ്രവേശിച്ചു.ഓഫീസ് ജീവനക്കാര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്.
എടുത്തുപറയേണ്ട ഒരു കാര്യം നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ നിന്നും വളരെ വ്യത്യാസം തോന്നി. അതിനിടക്കാണ് സുന്ദരിയായ സൂപ്രണ്ട് ചാര്‍ജ്ജുള്ള ഡോ.എത്തിയത്.രസകരമായ സംഭാഷണരീതിയായിരുന്നു ആ കോഴിക്കോട്ടുകാരി ഡോക്ടര്‍ക്ക്. താമസിക്കാന്‍ സ്ഥലം ശരിയായില്ലായിരുന്നു.മകളേയും കൂട്ടി പുറത്തുതാമസിക്കുന്നത് സുരക്ഷിതമല്ലെന്നുതോന്നി. ജോലിക്ക് ഞാന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ മകള്‍ തനിച്ചാകുമെന്നതിനാല്‍ അതുവേണ്ടെന്നുവെച്ചു. നിര്‍വ്വാഹമില്ലാഞ്ഞ് ഞാന്‍ വീണ്ടും ലീവിന് അപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.ക്വാര്‍ട്ടേഴ്‌സ് ശരിയാകുമ്പോള്‍ തിരിച്ചെത്താമെന്ന് അറിയിച്ചാണ് മടങ്ങിയത്.
താമസിയാതെ ഡോക്ടേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് ഒഴിവുവന്നിട്ടുണ്ടെന്ന് അറിയിച്ച് സൂപ്രണ്ടിന്റെ വിളിവന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന,ഇനിയും വിളിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന ഡോക്ടറായിരുന്നു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. 25 വര്‍ഷമായി പെയിന്റ് അടിച്ചിട്ടില്ലാത്ത,പല ജനലിനും വാതിലില്ലാത്ത സുന്ദരമായ ക്വാര്‍ട്ടേഴ്‌സ് കണ്ടാല്‍ ആരും ഒന്ന് അന്തംവിടും.പക്ഷെ ഇവിടെ എല്ലാവരും ഹാപ്പിയാണ്. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നു.രൂപകൊടുത്താല്‍ എന്തുപണിയും ചെയ്യാന്‍ ആളുകള്‍ റെഡിയാണ്. കൊല്ലത്ത് നല്ല രീതിയില്‍ പ്രൈവറ്റ്പ്രാക്ടീസ് ഉണ്ടായിരുന്നതുകൊണ്ട് കയ്യില്‍ അല്‍പ്പം ചില്ലറയൊക്കെ ഉണ്ടായിരുന്നു.
അതുകൊണ്ട് അത്യാവശ്യം പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങിച്ചു. സൂപ്രണ്ട് കുട്ടി കാത്തിരിക്കുകയാണ്.എന്നെ സൂപ്രണ്ട് ചാര്‍ജ്ജ് ഏല്‍പ്പിക്കാന്‍. അതെന്തായാലും നടന്നില്ല.ആ ശ്രമത്തെ ഐ.എം.ഒയുടെ കാരുണ്യത്താല്‍ എന്റെ അരിയേഴ്‌സ് മെര്‍ജ് ചെയ്യുന്നതില്‍ വന്ന കാലതാമസം വന്നതുകാരണം എല്‍.പി.സി അയക്കാന്‍ വൈകി. അതുകൊണ്ടുതന്നെ രേഖകളൊന്നും പാലക്കാട്ടേക്ക് വന്നില്ല.എനിക്ക് ശമ്പളവും ഇല്ല. ഒരുരേഖയിലും എനിക്ക് ഒപ്പുവെക്കാന്‍ കഴിയുമായിരുന്നില്ല അപ്പോള്‍. ഉര്‍വശി ശാപം ഉപകാരമായി അരിയേഴ്‌സ് മെര്‍ജ് അത്ര അകാരണമായി നീണ്ടുകൊണ്ടിരുന്നു.ആകെ അരക്ഷിതാവസ്ഥ.
സഹപ്രവര്‍ത്തകരായ ചിലര്‍ക്കും ശമ്പളം വൈകുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കടംവേടിക്കാനും വയ്യ.എല്ലാവരും തുല്യദു:ഖിതര്‍.ഞങ്ങളുടെ ദു:ഖങ്ങള്‍ ആര് കാണാന്‍. അങ്ങിനെയിരിക്കെ ഓണം വന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ ചൊല്ല്. എല്ലാ വിഷമങ്ങളും മനസ്സില്‍ ഒതുക്കി ഓണം ആഘോഷിച്ചു. ഓണക്കളികള്‍ക്കൊടുവില്‍ കലാശത്തുള്ളല്‍ ഉണ്ടായിരുന്നു. നമ്മളെല്ലാം ഒന്നാണെന്ന ബോധം ഉള്‍ക്കൊണ്ട് പരസ്പരം കൈകോര്‍ത്ത് കൊണ്ടുള്ള നൃത്തം ഉണ്ടായിരുന്നു.അത്തവും കഴിഞ്ഞ് എല്ലാവരും അവരവരുടെ
ക്വാര്‍ട്ടേഴ്‌സുകളിലേക്ക് പോയി. പക്ഷെ നമ്മുടെ സുന്ദരി സൂപ്രണ്ടിന്റെ വയറ്റില്‍ അതാ അരോ താളം തുള്ളുന്നു.ഇനി അത് ആ പുള്ളിക്കാരിയുടെ രീതിയില്‍ പറഞ്ഞാല്‍ ഹോ തോന്നിയതാവും.ശ്രദ്ധിച്ചുകിടന്നു.
ദേ പിന്നേം വയറ്റില്‍ തുള്ളല്‍. ഇതെന്താ ഇങ്ങനെ.. സദ്യയുണ്ടതിന്റെ കേടായിരിക്കും. എന്നാല്‍ വയറ്റിലെ തുള്ളല്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം എന്തുസംഭവിച്ചുവെന്നറിയാമോ. ഡിസംബര്‍ 14ന് ഡോ.കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നു.ഒരു തരത്തിലും സൂപ്രണ്ട് സ്ഥാനം ഒഴിയാന്‍ പറ്റാതെ വന്നാല്‍ പിന്നെ ഇതേ ഉള്ളൂ ഒരു മാര്‍ഗം. വാട്‌സ്ആപ്പില്‍ ഒരു കണ്ണിറുക്കി സ്‌മൈലിംഗ് കൂടി കാണിക്കാം. ഈയവസരത്തില്‍ പറഞ്ഞാല്‍ ഡ്യൂട്ടിയെടുക്കാനുള്ള ഒരാള്‍ കുറഞ്ഞു.പ്രസവാവധി കഴിയും വരെ ഗൈനക് രോഗികളുടെ അവസ്ഥ അധോഗതി.ഓരോ ദിവസങ്ങളും രസകരമായി തീര്‍ക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഞങ്ങള്‍ ഓരോ പ്രോഗ്രാം ആസൂത്രണം ചെയ്യും.
സന്മനസ്സുള്ള ഡോ.ദിലീപിന്റെ ഇന്നോവയുള്ളതുകൊണ്ട് യാത്രകള്‍ സുഖകരമായി പോകുന്നു.പാലക്കാട് വന്നിട്ട് പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡലി കഴിക്കാതെ പോകുന്നത് ശരിയല്ലല്ലോ.അതും ഞങ്ങള്‍ ഒരു ഗ്രൂപ്പായി സാധിച്ചു.കാടിന്റെ ഇടക്കുള്ള ഡോക്ടേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനെക്കുറിച്ച് എഴുതിയില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണമാകില്ല.ജനലുകള്‍ക്ക് അടപ്പില്ലാത്തതുകാരണം വെളിയിലെ മരങ്ങള്‍ ഒളിഞ്ഞുനോക്കാനായി അകത്തോട്ട് വളര്‍ന്നുവന്നിരിക്കുന്നു.അതുവഴി മരത്തവളയും അതിനെ പിടിക്കാന്‍ പുറകെ പാമ്പും വരാറുണ്ട്.ചിലപ്പോള്‍ മുറി തുറന്ന് അകത്ത് കടക്കുമ്പോള്‍ നമ്മളേക്കാള്‍ മുന്നില്‍ അവരൊക്കെ അകത്തുപ്രവേശിച്ചിട്ടുണ്ടാകും.
ആശുപത്രിയില്‍ ആന്റി സ്‌നേക്ക് വനം കരുതണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഡോ.ദിലീപും കുടുംബവും ഉള്ളതുകൊണ്ട് പേടിയില്ലാതെ ജീവിച്ചുപോകുന്നു. വീട്ടില്‍ പോയിവരുന്ന ദിവസങ്ങളില്‍ ആഹാരം ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ഡ്യൂട്ടിയെടുത്താല്‍ മതി.സാമ്പിള്‍ കഞ്ഞികുടിക്കാം.മട്ടന്‍കറി കൂട്ടി ചോറുണ്ണാം.രാവിലെ ആറുമണിക്കുതന്നെ കട്ടന്‍കാപ്പി കിട്ടും.ഇതൊക്കെ പാലക്കാടിന്റെ സന്തോഷങ്ങള്‍.എല്ലും തോലും മാത്രമുള്ള ക്ഷയരോഗം വന്ന് ശ്വാസകോശത്തില്‍ ദ്വാരംവീണ രോഗികളധികവും ശ്വാസംമുട്ട് മാറി പോകുമ്പോള്‍ അവരുടെ സന്തോഷം കണ്ടാല്‍മതി നമ്മുക്ക് സന്തോഷിക്കാന്‍. ഇവര്‍ക്കൊക്കെ വേണ്ടിയാണല്ലോ നമ്മുടെ സുഖസൗകര്യങ്ങള്‍ ത്യജിച്ച് ഇവിടെ കഴിയുന്നതെന്ന ആശ്വാസം.
പണ്ടു നമ്മളെ ഊട്ടിയുറക്കിയ പാലക്കാടിന്റെ നെല്‍കൃഷിയെ പരിപോഷിപ്പിച്ച കര്‍ഷകരാണ് അധികവും. അവരെ നമ്മള്‍ ഏറെ നന്ദിയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു. പിന്നെയൊരു കൂട്ടര്‍ നൂല്‍നെയ്ത്ത് തൊഴിലാളികളാണ്.പണ്ട് നമ്മള്‍ പ്രാര്‍ത്ഥിച്ചിരുന്നതുപോലെ അന്നവും വസ്ത്രവും മുട്ടുവരാതെ കാത്തുകൊള്ളണേ തമ്പുരാനേ എന്ന് വീണ്ടും പ്രാര്‍ത്ഥിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന മനുഷ്യകോലങ്ങള്‍.അവരുടെ സ്‌നേഹം പിടിച്ചുപറ്റാനായാല്‍ അതും ഒരു പുണ്യം.ചിന്തകള്‍ കാടുകയറിപ്പോകുന്നു.സദയം ക്ഷമിക്കുക.