മന്ത്രിമാരെ പിരിച്ചുവിടാൻ ഗവർണർക്ക് കഴിയുമോ ? ഇന്ന് ഇന്ത്യയൊട്ടാകെ നിയമവിദഗ്ധർ ചർച്ച ചെയ്യുന്ന വിഷയമാണിത്.. ഇതിനുള്ള കാരണം...
ഇക്കഴിഞ്ഞ ഒക്‌ടോബർ 17ന് കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ അദ്ദേഹത്തിൻ്റെ ട്വീറ്റ് ആയിരുന്നു : “ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും പൂർണ അധികാരമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന മന്ത്രിമാരുടെ പ്രസ്താവനകളിൽ അവരെ സ്ഥാനത്തു നിന്ന് നീക്കുന്നത് പോലുള്ള കർശന നടപടി സ്വീകരിക്കുന്നതായിരിക്കും"
ഇതേത്തുടർന്ന് കേരളരാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് ഉണ്ടായിരിക്കുന്നത്. സിപിഎം - കോൺഗ്രസ് കക്ഷികൾ ഗവർണ്ണർക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തെത്തി. അടിയന്തര ഇടപെടൽ ആവശ്യമാ ണെന്ന് സി.പി എം രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെ കാതലായ ചോദ്യം ഇതാണ്..." മന്ത്രിമാരെ പിരിച്ചുവിടാൻ ഗവർണർക്ക് കഴിയുമോ ?"
ഒരു സംസ്ഥാന സർക്കാരിലെ ഒരു മന്ത്രിയെയും ഒരു ഗവർണറും ഏകപക്ഷീയമായി പിരിച്ചുവിട്ട ഒരു സന്ദർഭം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എങ്കിലും .....
ഒരു മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരം ഉപയോ ഗിക്കാനാകുമോ എന്ന ചോദ്യം ഇപ്പോൾ പല കോണുകളിൽ നിന്നും ഉയരുകയാണ്. ഭരണഘടനയിൽ ആർട്ടിക്കിൾ 153-161 പ്രകാരം ഗവർണറുടെ ഓഫീസും അധികാരങ്ങളും വ്യക്തമായി വിവരിച്ചിട്ടുണ്ട്.
ഈ നിയമങ്ങൾ പ്രകാരം, കേന്ദ്ര സർക്കാരിന്റെ ഉപദേശപ്രകാരം ഇന്ത്യൻ രാഷ്ട്രപതി ഗവർണറെ നിയമി ക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പ്രധാന കണ്ണിയായാണ് ഇതിനെ കാണുന്നത്.
നിയമസഭകളിൽ പാസാക്കുന്ന ബില്ലുകൾക്ക് നിയമത്തിന്റെ രൂപം നൽകണമെങ്കിൽ രാജ്ഭവന്റെ അംഗീകാരം വേണം. ഇതുകൂടാതെ, സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ വേളയിൽ ഗവർണർ പദവിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇക്കാരണങ്ങളാൽ ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിൽ പല ഘട്ടങ്ങളിലും തർക്കങ്ങളുണ്ടായ ചരിത്രം അനവധിയാണ്.
എന്നാൽ നമ്മൾ അറിയേണ്ട വസ്തുത ,കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ ട്വീറ്റിൽ ഉപയോഗിച്ച വാക്ക് ആർട്ടിക്കിൾ 164(1)ൽ പരാമർശിച്ചിട്ടുണ്ട്. അതിപ്രകാരമാണ് :- " ഗവർണർ ആഗ്രഹിക്കുന്നിടത്തോളം കാലം മന്ത്രിമാർക്ക് അവരുടെ ഓഫീസിൽ തുടരാം " ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധർ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്......
"ആർട്ടിക്കിൾ 164 (1) പ്രകാരമാണ് ഗവർണ്ണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നത്. എന്നിരു ന്നാലും, മുഖ്യമന്ത്രിയെ നിയമിക്കാൻ ഗവർണർക്ക് ആരുടെയും ഉപദേശം ആവശ്യമില്ല, കക്ഷിബലം നോക്കിയാണ് അത് നടത്തുക. പക്ഷേ പ്രധാനപ്പെട്ട വസ്തുത ഗവർണ്ണർ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശയിൽ മാത്രമാണ്. നേരിട്ടെല്ല"
"ഗവർണർക്ക് ആരെയും മന്ത്രിയാക്കാൻ അധികാരമില്ല. മുഖ്യ മന്ത്രിയുടെ ശുപാർശയിൽ മാത്രമേ അദ്ദേഹത്തിന് ആരെയും മന്ത്രിയാക്കാൻ കഴിയൂ." മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഗവർണർക്ക് സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്തുനിന്നും മാറ്റാമെന്നാണോ ഇതിനർത്ഥം....? ഒരിക്കലുമല്ല....
സഭയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളിടത്തോളം കാലം ഗവർണർക്ക് ആ സർക്കാരിനുള്ള പിന്തുണ തുടരാമെന്നും സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും സർക്കാർ അധികാരത്തിലിരുന്നാൽ മാത്രമേ ഗവർണർക്ക് പിന്തുണ പിൻവലിക്കാനാകൂ എന്നുമാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഗവർണർക്ക് പിന്തുണ പിൻ വലിച്ച് സർക്കാരിനെ പിരിച്ചുവിടാം.
അതിനാൽ "മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർക്ക് ഒരു മന്ത്രിയെയും നിയമിക്കാനോ പിരിച്ചുവിടാനോ കഴിയില്ല. ഇത് ഭരണഘടനാപരമായ വസ്തുതയാണ്."