രാജ്യത്ത് ദിവസം ശരാശരി 87 ബലാത്സംഗങ്ങൾ... ! ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണോ ? പൂർണ്ണമായും അല്ല. രാജ്യത്ത് ദിവസം ശരാശരി 87 ബലാത്സംഗങ്ങൾ..? ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകളുടെ ഈ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്.

ഡൽഹി പോലീസ് നൽകുന്ന കണക്കനുസരിച്ച് തലസ്ഥാനമായ ഡൽഹിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് 5-6 ബലാത്സംഗ കേസുകളാണ്. എൻസിആർബിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുൻവർഷങ്ങളെ അപേക്ഷിച്ച് ബലാത്സംഗ കേസുകളിൽ 13.23 ശതമാനം വർധനവുണ്ടായിരിക്കുന്നുവത്രേ.

രാജസ്ഥാൻ (6342), മധ്യപ്രദേശ് (2947), ഉത്തർപ്രദേശ് (2845), ഡൽഹി (1252) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ റേപ്പ് കേസുകൾ നടക്കുന്നത്.

ഡൽഹി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ 'പരി'യിൽ പ്രവർത്തിക്കുന്ന യോഗിത ഭയാന, ബിബിസി ക്കു നൽകിയ അഭിമുഖത്തിൽ "കഴിഞ്ഞ കോവിഡ് കാലയളവിൽ അധികം റേപ്പ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നാണ്. വീടിന് പുറത്തുള്ള ബലാത്സംഗക്കേസുകൾ കുറയുന്നുണ്ടാകാം അപ്പോഴും വീടിൻ്റെ നാലു ചുമരുകൾക്കുള്ളിൽ അത്തരം കേസുകൾ എന്നും തുടർന്നുകൊണ്ടേയിരിക്കുന്നു". റേപ്പിനെ അതിജീവിച്ചവർക്കുവേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

നിർഭയ കേസ് ശ്രദ്ധയിൽപ്പെട്ടതിന് ശേഷം ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ഉണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു. തൽഫലമായി, അത്തരം കേസുകൾ റിപ്പോർട്ടിംഗ് ചെയ്യുന്നത് വർദ്ധിച്ചു, പക്ഷേ ഇപ്പോഴും അത്തരം കുറ്റകൃത്യങ്ങൾ വീടിനുള്ളിൽ നടക്കുന്നത് പലരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല.

അവരുടെ അഭിപ്രായത്തിൽ , "ഹെൽപ്പ്ലൈനിൽ സഹായത്തിനായി കേസുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇതിൽ പല കേസുകളും ഗുരുതരമാണ്. നിർഭയ കേസിന് ശേഷം ജനങ്ങളിൽ കണ്ട ഐക്യദാർഢ്യവും രോഷവും സംവേദനക്ഷമതയും ഇപ്പോൾ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. നിർഭയ കേസ് ശ്രദ്ധയിൽപ്പെട്ടതിന് ശേഷം നിയമങ്ങളും കൂടുതൽ കർക്കശമായിട്ടുണ്ട്, എന്നാൽ നീതി ലഭിക്കാനുള്ള നടപടികൾ ഇനിയും നീളുന്നു എന്നതാണ് വിരോധാഭാസം.

ഇതുപോലെയുള്ള കേസുകളിൽ എത്ര കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന ചോദ്യവും പ്രസക്തമാണ്. കൂടാതെ ഇത്തരം കേസുകൾ തടയാൻ സർക്കാരുകൾ എന്താണ് ചെയ്യുന്നത് എന്നതും ചർച്ചചെയ്യപ്പെടേ ണ്ടതാണ് ?

2012ലെ നിർഭയ ബലാത്സംഗക്കേസിന് ശേഷമാണ് നമ്മുടെ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. 2013ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമത്തിൽ ബലാത്സംഗത്തിന്റെ നിർവചനം വിപുലീകരിച്ചു.

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് കുറ്റകരമാണെന്നും ഒരാൾ അങ്ങനെ ചെയ്യുന്നതായി തെളിഞ്ഞാൽ അയാൾക്ക് ശിക്ഷ നൽകാനുള്ള വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വർധിച്ചുവരുന്ന ബലാത്സംഗ കേസുകൾ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴു വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തി.

ഇര മരിക്കുകയോ അവളുടെ ശരീരം ചേതനയറ്റതാകുകയോ ചെയ്താൽ, പരമാവധി ശിക്ഷ 20 വർഷമായി ഉയർത്തി. ഇതിന് പുറമെ വധശിക്ഷ നൽകാനുള്ള വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.

16 വയസ്സ് തികയുകയോ 16 വയസ്സിന് മുകളിലുള്ളതോ ആയ ഒരു കുട്ടിക്ക് ഇത്തരത്തിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്നാൽ , അത്തരം കുട്ടികളുടെ മാനസികവും ശാരീരികവുമായ വിലയിരുത്തൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തക്കതായ ശിക്ഷ നൽകുകയും ചെയ്യാ മെന്ന് ശിക്ഷാ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ബലാത്സംഗ കേസുകൾ വർദ്ധിക്കുന്ന തിനുള്ള പ്രധാന കാരണം സമൂഹത്തിലെ ഫ്യൂഡൽ പ്രത്യയശാസ്ത്രമാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ അല്ലെങ്കിൽ എൻസിആർബി മുൻ ഡയറക്ടർ ശാരദാ പ്രസാദ് വിശദീകരിക്കുന്നു.

ബിബിസിയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറയുന്നത് , “അത്തരം കേസുകൾ വരുമ്പോൾ, അതിൽ കുറ്റപത്രം രേഖപ്പെടുത്തുന്നത് കുറവാണ്.ഇനി ഈ കേസുകൾ രജിസ്റ്റർ ചെയ്ത് കോടതിയിൽ എത്തിയാൽ, അതിൽ മൂന്നിൽ രണ്ട് കേസുകളിലും പ്രതികൾ രക്ഷപെടുകയും കേവലം മൂന്നിലൊന്ന് കേസുകളിൽ ശിക്ഷിക്കുകയും ചെയ്യുന്നു.ഇതാണ് യാഥാർഥ്യം.

ഇത്തരമൊരു സാഹചര്യത്തിൽ കുറ്റം ചെയ്താലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന തെറ്റായ സന്ദേശവും അതുകൊണ്ടുതന്നെ റേപ്പ് ചെയ്താൽ അപകടമൊന്നുമില്ലെന്ന തോന്നലും അക്രമികൾക്കിടയിൽ ശക്തമാകുന്നു.

ബലാത്സംഗത്തിനു വിധേയയാകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം പലർക്കും ഇത് പുറത്തുപറയാൻ നാണക്കേടും അഭിമാനത്തിന് ക്ഷതമേൽക്കുന്നതുമാണെന്ന ധാരണയുണ്ട്. തന്മൂലം ഇത്തരം പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

ഈ ധാരണയ്ക്കും വിശ്വാസത്തിനും മാറ്റം വരേണ്ടത് അനിവാര്യമാണ്. അതുപോലെ ഈ വിഷയത്തിൽ പോലീസ് കൂടുതൽ കാര്യക്ഷമവും സെൻസിറ്റിവും ആകേണ്ടതും അത്യന്താപേക്ഷിതമാണ്.

-പ്രകാശ് നായര്‍ മേലില

Advertisment