ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ബുധനാഴ്ച ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഹിന്ദു ദൈവങ്ങളായ ഗണേപതിയുടെയും -ലക്ഷ്മിയുടെയും ചിത്രങ്ങൾ ഇന്ത്യൻ കറൻസിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത് ആരും മറന്നുകാണില്ല. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയ്ക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്ക് കഴിയില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ ചോദിക്കുകയുണ്ടായി.
ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 85 ശതമാനം മുസ്ലീങ്ങളാണെന്നും കേവലം രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും ആം ആദ്മി പാർട്ടിയുടെ തലവൻ പറഞ്ഞു, എന്നിട്ടും ഗണപതിയുടെ ചിത്രം അവരുടെ കറൻ സിയിലുണ്ട്. ഗൂഗിൾ ട്രെൻഡ്‌സ് അനുസരിച്ച്, കെജ്‌രിവാളിന്റെ പത്രസമ്മേളനത്തിന് ശേഷം, 'ഇന്തോനേഷ്യയുടെ കറൻസി' എന്ന കീവേഡിനായി ഇന്റർനെറ്റിൽ വലിയ തിരച്ചിൽതന്നെയുണ്ടായി.
എന്തുകൊണ്ടാണ് ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തപ്പെട്ടത് ?
അതായത്... 1998-ൽ ഒരു പ്രത്യേക തീമിന് കീഴിലാണ് ഇന്തോനേഷ്യ, ഗണപതിയുടെ ചിത്രമുള്ള ഈ കറൻസി പുറത്തിറക്കിയത്. ഇപ്പോൾ ഈ നോട്ട് പ്രചാരത്തിലില്ല. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ കറൻസി നോട്ടിന്റെ ചിത്രം ശ്രദ്ധാപൂർവം നോക്കിയാൽ, ഒരു വശത്ത് ഹിന്ദു ദൈവമായ ഗണപതിയുടെയും മറ്റൊരു വ്യക്തിയുടെയും ചിത്രമാണ് അതിൽ കാണുന്നത്. മറുവശത്ത് ചില കുട്ടികൾ പഠിക്കുന്ന ചിത്രവും കാണാം.
യഥാർത്ഥത്തിൽ ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രം ഉള്ളത് അവിടുത്തെ സംസ്കാരത്തിലെ വൈവിധ്യത്തെയാണ് കാണിക്കുന്നത്. "1998-ൽ പുറത്തിറക്കിയ ഈ കറൻസി നോട്ടിന്റെ പ്രമേയം വിദ്യാഭ്യാ സമായിരുന്നു. ഇന്തോനേഷ്യയിൽ കലയുടെയും ജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ദൈവമായി ഗണപതിയെ കണക്കാക്കിവരുന്നു. അവിടുത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗണപതിയുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്.
ഈ രാജ്യം ഒരു ഡാനിഷ് കോളനിയായിരുന്ന കാലഘട്ടത്തിൽ ഇന്തോനേഷ്യക്കാരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പോരാടിയ 'ഹസാർ ദേവാന്തര' എന്ന സാമൂഹിക പരിഷ്കർത്താവാണ് കറൻസിയിലെ ചിത്രത്തിലുള്ളത്. അക്കാലത്ത് സമ്പന്നർക്കും ഡച്ച് സമൂഹത്തിൽ നിന്നുള്ള കുട്ടികൾക്കും മാത്രമേ സ്കൂളിൽ പോകാൻ അനുവാദമുണ്ടായിരുന്നുള്ളു.
മറ്റൊരു പ്രധാനകാര്യം, ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ചിത്രമുള്ള ഒരു കറൻസി നോട്ട് ഇപ്പോഴും ഇന്തോനേഷ്യയിൽ പ്രചാരത്തിലുണ്ട്. അമ്പതിനായിരം രൂപയുടെ ആ നോട്ടിൽ ബാലിയിലെ ഒരു ക്ഷേത്രത്തിന്റെ ചിത്രമുണ്ട്. ബാലിയിൽ ഹിന്ദു സമൂഹമാണ് ഭൂരിപക്ഷം.
എന്നാൽ, നോട്ടുകളിൽ ഹിന്ദുമതത്തിന്റെ മാത്രം ചിഹ്നങ്ങളാണുള്ളതെന്ന് പറയാനാകില്ല. കാരണം മറ്റ് പല നോട്ടുകളിലും വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും ചിഹ്നങ്ങൾക്കാണ് സ്ഥാനം നൽകിയിരിക്കുന്നത്.
ഇന്തോനേഷ്യയിലെ മൊത്തം ജനസംഖ്യയിൽ ഹിന്ദുക്കൾ രണ്ട് ശതമാനം മാത്രമാണ് , എന്നാൽ ബാലി ദ്വീപിലെ ജനസംഖ്യയുടെ 90 ശതമാനവും ഹിന്ദുക്കളാണ്. ഇന്തോനേഷ്യയിലുടനീളം ഹിന്ദുമതവും അതിൻ്റെ രീതികളും ആളുകളെ സ്വാധീനിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയുടെ സമൂഹികവും സംസ്കാരികവുമായ വശങ്ങൾ പരിശോധിച്ചാൽ, പല മേഖലകളിലും ഹിന്ദു സംസ്കാരത്തിന്റെ നേർക്കാഴ്ചകളുണ്ട്. മുമ്പ് നിരവധി ഹിന്ദു രാജവംശങ്ങൾ ഇന്തോനേഷ്യ ഭരിച്ചിരുന്നു. ഏഴാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ ഇന്തോനേഷ്യയുടെ ഭൂരിഭാഗവും ഹിന്ദു-ബുദ്ധ രാജവംശങ്ങൾക്കു കീഴിലായിരുന്നു.
മജാപഹിത് സാമ്രാജ്യവും ശ്രീ വിജയ സാമ്രാജ്യവുമായിരുന്നു അവയിൽ ഏറ്റവും വലുത്. ആ കാലഘട്ടത്തിൽ ഇന്തോനേഷ്യൻ ദ്വീപുകളിൽ ഹിന്ദുമതം കരുത്താർജ്ജിച്ചു. അക്കാലത്ത് ഹിന്ദുമതം, ബുദ്ധമതം, ആനിമിസം തുടങ്ങി നിരവധി വകഭേദങ്ങൾ അവിടെ വളർച്ച പ്രാപിക്കുകയുണ്ടായി.
അവരുടെ പ്രധാന ഭാഷകൾ സംസ്കൃതവും പഴയ മലയയുമായിരുന്നു. നിലവിലെ കാലഘട്ടത്തിൽ പോലും, ഇന്തോനേഷ്യയുടെ പഴയകാല ചരി ത്രത്തിൽ തഴച്ചുവളർന്ന പല നാടോടിക്കഥകളുടെയും സ്വാധീനം വ്യക്തമായി കാണാവുന്നതാണ്.
ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നം ഗരുഡനാണ്, ഇത് ഹിന്ദു പുരാണ ഗ്രന്ഥങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാമചരിത മാനസം അനുസരിച്ച്, ശ്രീലങ്കയിൽ നിന്ന് സീതയെ തിരികെ കൊണ്ടുവരാൻ ഗരുഡ പക്ഷി ശ്രീരാമനെ സഹായിച്ചിരുന്നു.
മറ്റൊന്ന്, ഇന്തോനേഷ്യയിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിലൊന്നായ ബന്ദൂങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗണപതിയുടെ ചിത്രം ലോഗോയായി ഉപയോഗിച്ചിട്ടുണ്ട്. ഇൻഡോനേഷ്യയിലെ പോസ്റ്റൽ സ്റ്റാമ്പുകളിലും ഹിന്ദു ആരാധനാപാത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
ഡാനിഷ് എയർലൈനിന്റെ പേരും ഗരുഡ എയർലൈൻസ് എന്നാണ്, അതിന്റെ ലോഗോയിലും പുരാണ ത്തിലെ പക്ഷിയായ ഗരുഡന്റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇന്തോനേഷ്യയിൽ ഒരേ സ്ഥലത്ത് 1961 മുതൽ തുടർച്ചയായി രാമായണം കഥ നൃത്തശില്പമായി അരങ്ങേറുന്നു. ഇതിൽ ഹിന്ദുക്കൾക്കൊപ്പം ഇതര മതസ്ഥരും രാമായണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്.
ഒരു സുപ്രധാന വിഷയമുള്ളത് ഇൻഡോനേഷ്യയിൽ മറ്റുള്ള മതസ്ഥരും ഹിന്ദു പേരുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്കിടുന്നതും വ്യാപകമാണത്രെ...
-പ്രകാശ് നായര്‍ മേലില