Advertisment

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂന്നിയുള്ള ഔദ്യോഗിക, വ്യാവസായിക വികസനത്തിലും അതുവഴി പ്രതിശീർഷവരുമാനത്തിലുമൊക്കെ വമ്പൻ കുതിപ്പുതുടരുന്ന ദക്ഷിണകൊറിയ ലോകത്തെ 10 സാമ്പത്തിക ശക്തികളിൽ ഒന്നാണ്. ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്നും വികസനത്തിന്റെ അത്യുന്നതിയിലേക്കു കുതിച്ചുയർന്ന ദക്ഷിണ കൊറിയ...

New Update

publive-image

Advertisment

ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്നും വികസനത്തിന്റെ അത്യുന്നതിയിലേക്കു കുതിച്ചുയർന്ന ദക്ഷിണ കൊറിയ.. അറിയുമോ ലോകത്തിന് ദക്ഷിണ കൊറിയ നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് ?

1950 ജൂൺ മാസത്തിലാണ് ഒരേ പേരിലുള്ള രണ്ട് രാജ്യങ്ങൾ പരസ്പരം രക്തരൂക്ഷിതമായ യുദ്ധം നടത്തിയത്, അതിന്റെ ഫലമോ, 68 വർഷം പിന്നിട്ടിട്ടും ഈ യുദ്ധത്തിന്റെ അടയാളങ്ങൾ ഇന്നും വ്യക്തമായി കാണാൻ കഴിയുന്നു എന്നതാണ്.

മൂന്ന് വർഷം നീണ്ടുനിന്ന ഈ യുദ്ധത്തിൽ ഒരു വശത്ത് ദക്ഷിണ കൊറിയയും മറുവശത്ത് ഉത്തര കൊറിയ യുമായിരുന്നു പരസ്പ്പരം പോരടിച്ചത്. അമേരിക്ക ദക്ഷികൊറിയക്കൊപ്പവും ചൈനയും സോവിയറ്റ്‌ യൂണിയനും വടക്കൻ കൊറിയക്കൊപ്പവുമായിരുന്നു നിലകൊണ്ടത്.

പരമ്പരാഗതശത്രുക്കളായിരുന്ന യുഎസും സോവിയറ്റ് യൂണിയനും കൊറിയൻ ഉപദ്വീപ് അവരുടെ പുതിയ യുദ്ധക്കളമായി മാറ്റി.

publive-image

1953 ജൂലൈ 27 ന് യുദ്ധം അവസാനിച്ചപ്പോൾ ഇരുകൊറിയകളും തമ്മിൽ ഒരു കരാറിലെത്തി. അതിൻ പ്രകാരം, ഒരു കൊറിയൻ ഡീമിലിറ്ററൈസ്ഡ് സോൺ (DMZ) അതായത് ഒരു സൈനികരഹിത മേഖല ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിൽ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ യുദ്ധം അവസാനിച്ചു, പക്ഷേ ശത്രുത അവസാനിച്ചില്ല. 2018ൽ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ഹസ്തദാനം ചെയ്‌തപ്പോൾ അവർ തമ്മിലുള്ള സ്ഥിതി അൽപ്പം മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ല.

ദക്ഷിണ കൊറിയ എങ്ങനെ പുരോഗതി പ്രാപിച്ചു ?

എന്നാൽ അന്നത്തെ യുദ്ധത്തിന് ശേഷം കടന്നുപോയ 68 വർഷങ്ങളിൽ ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ആണവായുധങ്ങൾക്കായുള്ള അമിതമായ ആവേശം കാരണം ഉത്തര കൊറിയ ലോകത്തിൽ നിന്ന് ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു, ദക്ഷിണ കൊറിയയാകട്ടെ വ്യവസായവൽക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറപ്പെട്ടിരിക്കുന്നു.

കൊറിയൻ യുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി മാറിയിരുന്നു ദക്ഷിണ കൊറിയ. കേവലം 64 ഡോളറായിരുന്നു പ്രതിശീർഷ വരുമാനം. സാമ്പത്തിക നിലയെപ്പറ്റി കണക്കാക്കു മ്പോൾ, 1960 കളിൽ അവർ കോംഗോയ്ക്കും വളരെ പിന്നിലായിരുന്നു.

എന്നാൽ അതിനുശേഷം ദക്ഷിണ കൊറിയയുടെ മുഖഭാവം പൂർണ്ണമായും മാറി. ആദ്യം അമേരിക്കയിൽ നിന്നും പിന്നീട് ജപ്പാനിൽ നിന്നും അവർക്ക് വൻതോതിൽ വിദേശ സഹായം ലഭിച്ചുവെന്നത് ശരിയാണ്, എന്നാൽ ദക്ഷിണകൊറിയൻ ജനതയുടെ കഠിനാധ്വാനം ആർക്കും അവഗണിക്കാനോ വിലകുറച്ചുകാ ണാനോ ആവില്ല..

publive-image

1961 മുതൽ 79 വരെയുള്ള പാർക്ക് ചുങ്-ഹീയുടെ (Park Chung-hee) യുടെ ഭരണകാലം, ദക്ഷിണ കൊറിയ ലോകത്തെ വൻകിട ബിസിനസ്സ് കമ്പനികളെ അവിടേക്കാകർഷിച്ചുകൊണ്ടുവന്ന് സാമ്പത്തിക വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി. ഈ മികവിൽ സാംസങ്, എൽജി തുടങ്ങിയ ദക്ഷിണ കൊറിയൻ ബ്രാൻഡുകൾ മുൻപന്തിയിലെത്തിയതുകൂടാതെ ലോകമാകെ ബിസിനസ്സ് നേട്ടം കൈവരിക്കുകയും ചെയ്തു. 68 വർഷത്തെ സമൃദ്ധി യിൽ, ദക്ഷിണ കൊറിയയുടെ വകയായി ലോകത്തിന് അവർ ഒരുപാട് സംഭാവനകൾ നൽകിയി ട്ടുണ്ട്.


ഒന്നോ രണ്ടോ അല്ല, ദക്ഷിണ കൊറിയ അവരുടെ പല ഉൽപ്പന്ന വിഭാഗങ്ങളിലും ഉന്നതഗുണനിലവാരം സൂക്ഷിക്കുന്നു എന്നത് മികവിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു. അതാണവരുടെ വിജയമന്ത്രവും...


സെൽഫോണുകൾ, കമ്പ്യൂട്ടറുകൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, റോബോട്ടിക്സ്, എയർ കണ്ടീഷനറുകൾ, അത്യാധുനിക അടുക്കള ഉപകരണങ്ങൾ, സാമഗ്രികൾ, പ്രോസസ് ഫുഡ് എന്നിവയാണ് ദക്ഷിണ കൊറിയൻ കമ്പനികൾക്ക് ഉന്നത ക്വാളിറ്റിയുടെ കാര്യത്തിൽ പോപ്പുലാരിറ്റി നേടിക്കൊടുക്കുന്നത്.

കാർ നിർമ്മാതാക്കളിൽ, ഹ്യുണ്ടായിയും ടെക്‌നോളജി കമ്പനികളായ സാംസങ്-എൽജിയും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ബ്രാൻഡുകളാണ്. ഇന്ന് ഏഷ്യയിൽ മാത്രമല്ല, ദക്ഷിണ കൊറിയയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിക്കുന്നു.

publive-image

സിഎൻഎൻ പറയുന്നതനുസരിച്ച്, ഇന്ത്യ 3ജിക്കും 4ജിക്കും ഇടയിൽ നിലകൊണ്ടസമയം മുതൽക്ക് തന്നെ , ദക്ഷിണ കൊറിയ 5 ജിയിൽ എത്തിയിരുന്നു.ചൈനപോലും അന്ന് 4 ജിയിലായിരുന്നു.ദക്ഷിണകൊറിയയിൽ ഇന്റർനെറ്റ് വ്യാപനം 82.7% ആണ്, ജനസംഖ്യയുടെ 79% പേരുടെയും പോക്കറ്റിൽ ഉറപ്പായും ഒരു സ്മാർട്ട്‌ ഫോണുണ്ട്.

18 മുതൽ 24 വയസ്സുവരെയുള്ള ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ, 98% യുവാക്കൾക്കും സ്മാർട്ട്ഫോൺ ഉണ്ട്. ഫോണിൽ സ്റ്റാർട്ട് ചെയ്യുന്ന ഒരു കാർ നിർമ്മിക്കാൻ ഇപ്പോൾ ഹ്യുണ്ടായ് ആലോചിച്ചുവരുകയാണ്, സാംസങ് കർവ് ഫോണും ടിവിയും നിർമ്മിക്കുകയാണ്.


ബാങ്ക് ഓഫ് കൊറിയയുടെ കണക്കനുസരിച്ച്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.


അവിടെ ഏതെങ്കിലും ബിസിനസുകാരനോ കടയുടമയോ ക്രെഡിറ്റ് കാർഡ് എടുക്കാൻ വിസമ്മതിച്ചാൽ അത് നിയമവിരുദ്ധമാണെന്ന് അറിയുമ്പോൾ ഒരുപക്ഷേ നാം ആശ്ചര്യപ്പെട്ടേക്കാം. ക്രെഡിറ്റ് കാർഡ് അവിടെ ബിസിനസുകാർക്ക് അനിവാര്യമാണ്.ഏറ്റവും പോപ്പുലറുമാണ്. ദക്ഷിണ കൊറിയയിൽപ്പോയി ഷോപ്പിംഗ് നടത്താൻ ലോകമെമ്പാടുമുള്ള ആളുകൾ ഇഷ്ടപ്പെടുന്നതിന്റെ കാരണവും ഇതാണ്.

വായനയിലും എഴുത്തിലും മാത്രമല്ല ജോലിയുടെ കൃത്യതയിലും കഠിനാദ്ധ്വാനത്തിലും ലോകത്തെ പല രാജ്യക്കാരെക്കാളും വളരെ മുന്നിലാണ് ദക്ഷിണ കൊറിയൻ ജനത.

അവിടെ ജനസംഖ്യയുടെ 98% സെക്കൻഡറി വിദ്യാഭ്യാസം വരെ നേടുമ്പോൾ, 63% കോളേജ് ലെവലിൽ പഠനം നടത്തുന്നുണ്ട്. ദക്ഷിണ കൊറിയയിലെ പല നഗരങ്ങളിലെയും കെട്ടിടങ്ങൾ രാത്രി മണിക്കൂറുകളോളം പ്രകാശപൂ രിതമാണ്, ഇത് ആളുകൾ രാത്രി വൈകിയും പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ സൂചനയാണ്.

publive-image

ഇതുകൂടാതെ അവിടെ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഒരു ക്രേസും ഉണ്ട്. തലസ്ഥാനമായ സിയോളിൽ താമസിക്കുന്ന ആളുകൾ വളരെ കുറച്ച് മാത്രമേ ഉറങ്ങുന്നുള്ളൂവെന്നും ഒരു ഗവേഷണമനുസരിച്ച് അവർ രാത്രിയിൽ ആറ് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതെന്നും വെളിപ്പെടുകയുണ്ടായി. ജോലികഴിഞ്ഞുള്ള നൈറ്റ് പാർട്ടികൾ അവിടെ വ്യാപകമാണെന്നതാണ് അതിനുള്ള പ്രധാനകാരണം.

മേക്കപ്പിനെയും സൗന്ദര്യവർദ്ധക വസ്തുക്കളെയും കുറിച്ച് സംസാരിക്കുമ്പോൾ, ദക്ഷിണ കൊറിയക്കാർ മേക്കപ്പ് ആക്സസറികളിലും അത് പ്രയോഗിക്കുന്ന രീതികളിലും പുതുമകൾ പരീക്ഷിക്കുന്നവരാണ്.അതാണ് അവരുടെ പ്രോഡക്റ്റുകൾക്കു ലോകകമ്പോളത്തിൽ എപ്പോഴും ഡിമാൻഡ് വർദ്ധിക്കാനുള്ള കാരണ വും. എന്തെല്ലാം ഗവേഷണങ്ങളാണ് ഈ രംഗത്ത് അവിടെ നടക്കുന്നതെന്നറിയണം.

2011-ൽ, ഒച്ചുകളുടെ ശരീരത്തിൽ നിന്ന് നിർമ്മിച്ച സ്നൈൽ ക്രീം രാജ്യത്ത് അവതരിപ്പിച്ചു. ഇതിനുപുറമെ, ലാവാ മണ്ണുകൊണ്ടുള്ള മാസ്‌ക്കുകൾ , പുളിപ്പിച്ച സോയാബീനിൽ നിന്നുൽപ്പാദിപ്പിക്കുന്ന മോയ്സ്ചറൈസറു കൾ എന്നിവയ്‌ക്കൊക്കെ വലിയ മാർക്കറ്റാണ്.

മുടിക്ക് നിയോൺ ടിന്റുകൾ ഉപയോഗിച്ചുള്ള ഹെയർ ഷോക്കറുകളുടെ ക്രേസാണ് ഇപ്പോൾ. യഥാർത്ഥ പൂക്കൾ പോലെ പ്രതീതിയുളവാക്കുന്ന നെയിൽ പോളിഷും വലിയ ട്രെൻഡിലാണ്.

publive-image

2013-ൽ, ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണം ലോകത്തോടൊരു ചോദ്യം ചോദിച്ചു - എന്തുകൊണ്ടാണ് ദക്ഷിണ കൊറിയൻ സ്ത്രീകൾ ഗോൾഫിൽ ഇത്ര പ്രാഗൽഭ്യം നേടുന്നത് എന്ന് ? ചോദിക്കാൻ കാരണമുണ്ട് ലോകത്തെ മികച്ച 100 വനിതാ ഗോൾഫ് കളിക്കാരിൽ 38 പേരും കൊറിയക്കാരാണ്. അവരുടെ പരിശ്രമവും ഏകാഗ്ര തയും ഏറെ മുൻപന്തിയിലാണ്.

മറ്റൊന്ന്, ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ജോലി ആകർഷമാണെന്നു തോന്നുമെങ്കിലും എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് വിമാനത്തിൽ യാത്ര ചെയ്തവർക്ക് അറിയാം. എന്നാൽ ലോകമെമ്പാടുമുള്ള എയർലൈനുകൾ തങ്ങളുടെ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ കൊറിയൻ എയർലൈ ൻസിന്റെ പരിശീലന കേന്ദ്രത്തിലേക്കാണ് അയക്കുന്നതെന്ന യാഥാർഥ്യം എത്രപേർക്കറിയാം ?

ഈ പ്രൊഫഷനിലെ തന്ത്രപരമായ രീതികളും അവരവരുടെ കഴിവറിഞ്ഞുള്ള പരിശീലനവും മികവാർന്ന രീതിയിൽ ലഭിക്കുന്നത് അവിടെമാത്രമാണ്. ഉദാഹരണത്തിന് ദക്ഷിണ കൊറിയൻ വിമാനത്തിലെ യാത്ര എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ ആരോടെങ്കിലും ചോദിച്ചാൽ, അവൻ എത്രമാത്രം സംതൃപ്തനായിരുന്നുവെന്ന് ലഭിക്കുന്ന മറുപടിയിൽ വ്യക്തമാകും.

മുഖത്തെ വൈകല്യങ്ങൾ അതായത് നീണ്ട താടിയെല്ല് ,ഉന്തിയ വലിയ നെറ്റി അല്ലെങ്കിൽ നീണ്ട പല്ലുകൾ, മൂക്കിന്റെ വൈകല്യം തുടങ്ങിയതെന്തും കോസ്മെറ്റിക് സർജറിയിലൂടെ ശരിയാക്കുന്നതിൽ ലോകപ്ര സിദ്ധി നേടിയവരാണ് ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ ഡോക്ടർമാർ.

കോസ്മെറ്റിക്ക് സർജറിക്ക്‌ അവിടെ എത്തുന്ന വിദേശികളുടെ എണ്ണം ആയിരങ്ങളിലാണ്. പ്ലാസ്റ്റിക് സർജറി മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി റഷ്യക്കാരും ചൈനക്കാരും മംഗോളിയക്കാരും ജാപ്പനീസുകാരും ഇവിടെ സ്ഥിരമായെത്തുന്നുണ്ട്.

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂന്നിയുള്ള ഔദ്യോഗിക, വ്യാവസായിക വികസനത്തിലും അതുവഴി പ്രതിശീർഷവരുമാനത്തിലുമൊക്കെ വമ്പൻ കുതിപ്പുതുടരുന്ന ദക്ഷിണകൊറിയ ലോകത്തെ 10 സാമ്പത്തിക ശക്തികളിൽ ഒന്നാണ്.

-പ്രകാശ് നായര്‍ മേലില

Advertisment