2010 ഡിസംബർ 02, സൂറിച്ച് കൺവെൻഷൻ സെന്റർ, സ്വിറ്റ്സർലൻഡ്... 2018 ലേയും 2022 ലേയും ഫിഫ വേൾഡ് കപ്പ് മത്സരവേദികളുടെ പ്രഖ്യാപനം നടക്കുകയാണവിടെ. 2022 ലേക്കുള്ള വേദിക്ക് വേണ്ടിപശ്ചിമേഷ്യയിലെ കൊച്ചു രാജ്യമായ ഖത്തറും തങ്ങളുടെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷ ഇല്ല !.
വേദിക്കുവേണ്ടി ശ്രമിക്കുന്നവരിൽ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം വമ്പന്മാരായ അമേരിക്ക വരെയുണ്ട്. സാധ്യത തുലോം കുറവ് ! എങ്കിലും ആയിരക്കണക്കിന് വരുന്ന ഈ നാട്ടുകാർക്കും അതിൽക്കൂടുതൽ വരുന്ന വിവിധ രാജ്യക്കാരായ പ്രവാസികൾക്കും ചെറിയ പ്രതീക്ഷ ഇല്ലാതില്ല.
രാത്രി 8 മണിയോടടുപ്പിച്ച സമയം ! ഖത്തറിലെ ഇപ്പോഴത്തെ ആസ്പയർസോണിന്റെ അടുത്തുള്ള പാർക്കിലെ വലിയ ടിവി സ്ക്രീനിനു മുൻപിൽ പല രാജ്യക്കാർ ഉൾപ്പെടുന്ന ജനം തടിച്ചു കൂടിയിട്ടുണ്ട്. വേള്‍ഡ് കപ്പ് വേദിയുടെ പ്രഖ്യാപനം ലൈവ് ആയി കാണാൻ ! 2018 ലേക്കുള്ള വേദിയായി റഷ്യയെ പ്രഖ്യാപിച്ച ശേഷം അന്നത്തെ ഫിഫ പ്രസിഡന്റ് ജോസഫ് സെപ്പ് ബ്ലാറ്റർ അടുത്ത വേദി പ്രഖ്യാപിക്കാൻ കയ്യിലുള്ള കവർ പതിയെ തുറന്നു.
ഹാളിലുള്ള ഖത്തർ പ്രതിനിധികളും ടിവിയിലും മറ്റുമായിവീക്ഷിച്ചുകൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളും ശ്വാസം പിടിച്ചു നോക്കി നിൽക്കെ ബ്ലാറ്റർ അതിലെ പേപ്പർ നിവർത്തിക്കാണിച്ചുകൊണ്ടു വായിച്ചു... .."The winner to organize the 2022 world cup is"......
QATAR....
ഒരു ദീർഘനിശ്വാസം... വിശ്വസിക്കാൻ കഴിയാതെ, അറിയാതെ ഉള്ളിൽ നിന്നുയർന്നുവന്ന ഒരു ആരവം !! പാർക്കിലെ ആ ആരവം ഇങ്ങ് ദോഹയിൽ വരെ കേട്ടുവോ ? ടിവി കാൺകെ ഞങ്ങളും എഴുന്നേറ്റു നിന്നു കയ്യടിച്ചു. തൊട്ടപ്പുറത്തെ ഫ്ലാറ്റുകളിൽ നിന്നും ആരവം കേൾക്കാം. പ്രത്യേക താളത്തിൽ ഹോൺ മുഴക്കിക്കൊണ്ടുള്ള കാറുകളുടെ ബഹളം ഉടനേ കേട്ടു.
സൂറിച്ചിലെ ആ ഹാളിൽ ഉണ്ടായിരുന്ന ഖത്തറിന്റെ പ്രതിനിധികൾ പരസ്പരം ആശ്ലേഷിച്ചുകൊണ്ട്, ചിലർ കണ്ണീർ വാർത്തുകൊണ്ട് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്ന ആ നിമിഷം എങ്ങനെ മറക്കും ! ബ്ലാറ്ററുടെ അഭ്യർത്ഥന പ്രകാരം സ്റ്റേജിലേക്ക് ഓടിക്കയറിയ ഖത്തറിലെ പ്രമുഖൻ ചില്ലറക്കാരനായിരുന്നില്ല...
ഖത്തർ എന്ന രാജ്യത്തിൽ വസിക്കുന്ന എല്ലാവരും ഏറ്റവും ആദരിക്കുന്ന, ഹൃദയത്തിൽ സൂക്ഷിക്കുന്ന ബഹുമാന്യനായ രാജാവ് സാക്ഷാൽ ഹിസ് ഹൈനസ് ഷേഖ് ഹമദ് ബിൻ ഖലീഫ അൽതാനി ! കൂടെ പത്നി ഹേര്‍ ഹൈനസ് ഷെഖാ മോസയും, മകനും ഖത്തർ ഫുട്ബോൾ പ്രസിഡന്റും കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ച H. E. ഷേഖ് മുഹമ്മദും കുറച്ചു പ്രതിനിധികളും. രാജ്യത്തലവൻ തന്നെ നേരിട്ട് പങ്കെടുക്കുക, അത് ചരിത്രത്തിൽ ആദ്യമായിരിക്കാം.
സ്റ്റേജിൽ കയറിയ ബഹുമാന്യനായ രാജാവ് ബ്ലറ്റെറെ അറബ് ശൈലിയിൽ ആശ്ലേഷിച്ചുകൊണ്ട് തന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്നു... ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന് പല രാജ്യങ്ങൾ ആഗ്രഹിച്ച സ്വർണ്ണക്കപ്പ് അവിടെ വെച്ചിട്ടുണ്ട്. തന്റെ രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കൈകളിൽ ആവാഹിച്ച് ഒരു പുഞ്ചിരിയോടെ അമീർ ആ കപ്പ് എടുത്തുയർത്തിക്കാട്ടുന്നു.
സ്വപ്‌നങ്ങൾക്ക് ചിറകു മുളച്ചതിന്റെ ആഘോഷം... രാജ്യത്തെ ലക്ഷങ്ങൾ ആഹ്ലാദത്തിമിർപ്പിലേക്ക് !! ഖത്തറിന് അവസരം നൽകിയതിന് നന്ദി പറഞ്ഞുകൊണ്ട് മകൻ ഷേഖ് മുഹമ്മദ് ഇങ്ങനെ പറഞ്ഞു.. "ഞങ്ങൾ നിങ്ങളെ നിരാശരാക്കില്ല... ഖത്തർ നിങ്ങൾക്ക് അഭിമാനമാകും .. പശ്ചിമേഷ്യ നിങ്ങൾക്ക് അഭിമാനമാകും... ഇത് ഞങ്ങൾ നൽകുന്ന ഉറപ്പ്!
കാര്യങ്ങൾ അത്ര എളുപ്പമൊന്നുമല്ല... ഇത്രമേൽ ആസ്വാദകർ ഒരേ സമയം വീക്ഷിക്കുന്ന, ഇഷ്ടപ്പെടുന്ന, വേറെ ഒരു കളി ലോകത്തിൽ ഇല്ല. നൂറുകണക്കിന് രാജ്യങ്ങളിലുള്ള കാണികളും പ്രതിനിധികളും ഒരു മാസത്തിൽ വന്നുപോകും. സ്റ്റേഡിയങ്ങൾ വേണം, പാർപ്പിടങ്ങൾ വേണം മറ്റു അടിസ്ഥാന സൗകര്യങ്ങൾ വേണം... "ഈ കൊച്ചു രാജ്യത്തിന് ഇതൊക്കെ സാധിക്കുമോ ? ഇതു വല്ലതും നടക്കുമോ ? "ആശങ്കയുമായി ചിലർ എത്തിയെങ്കിലും അറബിക്കഥയിലെ അലാവുദ്ദീന്റെ മാജിക് പോലെ കാര്യങ്ങൾ കൃത്യമായ നടപടിക്രമങ്ങളുമായി മുന്നേറി.
റൗണ്ട് എബൌട്ടുകൾക്ക് പകരം സിഗ്നലുകൾ വന്നു, പിന്നീട് അതുമാറി നൂറുകണക്കിന് ഫ്ലൈ ഓവറുകൾ വന്നു. കെട്ടിട സമുച്ചയങ്ങൾ, പാർപ്പിടങ്ങൾ, ഹോട്ടലുകൾ,റോഡുകളുടെ നവീകരണം, നിരവധി റോഡുകൾ മെട്രോ, എയർപോർട്ട് നവീകരണം, ഇതുപോലെ ഈ ഉത്സവത്തിനു വേണ്ട എല്ലാ സാമഗ്രികളും കണ്ണടച്ചു തുറക്കുന്ന വേഗതയിൽ തയ്യാറായി.
ലോകത്ത് ഒരിടത്തും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ആകൃതിയിലുള്ള എട്ടു സ്റ്റേഡിയങ്ങളും സമയത്തുതന്നെ പൂർത്തിയാക്കി. വേനൽക്കാലത്തുനിന്ന് തണുപ്പുകാലത്തിലേക്ക് മത്സരങ്ങൾ മാറ്റിവെക്കാൻ ഫിഫ അനുവദിച്ചത് കാര്യങ്ങൾക്ക് ഊർജ്ജമായി.
ഇതിനിടയിൽ തന്റെ കാര്യങ്ങൾ കൃത്യമായി നിർവഹിച്ചശേഷം മകനിലേക്ക് ഒരു ഭരണകൈമാറ്റം! പിതാവിന്റെ നന്മകൾ പിന്തുടർന്ന്, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറകുകളേകാൻ യുവത്വത്തിന്റെ പ്രസരിപ്പുമായി ആദരണനീയനായ ഹിസ് ഹൈനസ് ഷേഖ് തമീം.! സുസ്മേരവദനനായി, എല്ലാവരുടെയും ഹൃദയം കീഴടക്കിയ അദ്ദേഹം രാജ്യത്തിന്റെ പുണ്യം. കാര്യങ്ങൾ കൃത്യമായും വ്യക്തമായും നടന്നുകൊണ്ടിരിക്കെ ഒരു അശനിപാതം പോലെ കോവിഡ് എന്ന മഹാമാരി.
കൃത്യനിഷ്ഠമായ ഇടപെടലിലൂടെ അതിനെയും തടഞ്ഞ് ഇന്ന് ഇതാ... ഈ കൊച്ചു രാജ്യം തയ്യാർ !! "വേൾഡ് കപ്പ് ഫുട്ബോൾ എന്ന മഹാമേളക്ക് "!! ഉത്സവത്തിനു മുൻപുള്ള ഒരു സാമ്പിൾ വെടിക്കെട്ടിനോടുപമിക്കാം ഈ കഴിഞ്ഞ ഡിസംബറിൽ ഇവിടെ സംഘടിപ്പിച്ച ഫിഫ അറബ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ്.
ഒരു പാളിച്ചയുമില്ലാതെ, വ്യക്തമായ പദ്ധതിയോടെ ഏറ്റവും ഭംഗിയായി ആ ടൂർണമെന്റ് നടത്താൻ കഴിഞ്ഞത് ചില്ലറ ആത്മവിശ്വാസം അല്ല സംഘാടകർക്ക് നൽകിയത്. വിവിധ സ്റ്റേഡിയങ്ങളിലായി രണ്ടു മത്സരങ്ങൾ വീക്ഷിക്കാൻ സൗകര്യം കിട്ടിയ എനിക്ക് അവിടത്തെ സൗകര്യങ്ങൾ കണ്ട് അത്ഭുതപ്പെടാനേ കഴിഞ്ഞുള്ളൂ.
പതിനായിരക്കണക്കിന് കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനം, കാണികളെ നിയന്ത്രിക്കാൻ ആളുകൾ, ശീതീകരിച്ച സ്റ്റേഡിയം,വ്യക്തതയുള്ള സീറ്റുകൾ, ആളുകൾ ഒരേ സമയം തിരിച്ചു മടങ്ങുമ്പോൾ ദുരന്തം വരാതിരിക്കാനുള്ള മുൻകരുതൽ..എല്ലാം ഉത്തരവാദിത്തത്തോടെ ഭംഗിയായി അവർ നിറവേറ്റി.
എനിക്ക് പരിചയം ഇല്ലാത്ത രണ്ടു ടീമുകളുടെ മത്സരം ആയിരുന്നതിനാൽ തീരെ ആവേശം ഉണ്ടാകില്ല എന്നാണ് ഞാൻ കരുതിയത്. എന്നാൽ ആ സ്റ്റേഡിയത്തിൽ പ്രവേശിച്ചതു മുതലുള്ള ദൃശ്യാനുഭവങ്ങൾ... എത്ര മനോഹരം.!! എത്ര കണ്ടാലും മതിവരാത്ത അത്ഭുതനിമിഷങ്ങൾ!!!
8 സ്റ്റേഡിയങ്ങൾ... ഒന്നൊഴിച്ച് എല്ലായിടത്തേക്കും മെട്രോ സർവീസുകൾ... സ്റ്റേഡിയങ്ങൾ തമ്മിൽ എത്തപ്പെടാൻ 10 നിമിഷം തൊട്ട് 30 നിമിഷം വരെ മാത്രം!ലോകാൽത്ഭുതത്തിൽ പെടുത്താവുന്ന ഒന്ന്. ഒരു പക്ഷേ വരുന്ന ഒരൻപതുവർഷം കഴിഞ്ഞാലും ഇത്രയും സൗകര്യത്തിൽ ഇത്രയും മികച്ച രീതിയിൽ ഒരു ഫുട്ബോൾ മാമാങ്കം നമുക്ക് ആസ്വദിക്കാൻ സാധിക്കുമോ എന്ന് സംശയം.
ഒന്നുറപ്പ്! ഇത്രയും അടുത്തുള്ള ഒരു രാജ്യത്ത് പോയി വേൾഡ് കപ്പ് വീക്ഷിക്കാനുള്ള ഒരവസരം അടുത്തെങ്ങും നമ്മൾ ഭാരതീയർക്ക് ലഭിക്കാൻ സാധ്യത ഇല്ല. 12 വർഷം മുൻപുണ്ടായിരുന്ന ഖത്തർ അടിമുടി മാറി. ഇന്ന് അത് വികസനത്തിന്റെ പാരമ്യതയിലാണ്.
വർഷങ്ങൾക്കപ്പുറം തുടങ്ങിവെച്ച ഈ വേൾഡ് കപ്പ് സ്വപ്നം സാക്ഷത്കരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. വർണ്ണ വിസ്മയം നിറച്ച വിവിധ കലാപരിപാടികളുമായി ദോഹയിലെ നഗര വീഥികളും പാർക്കുകളുംഒരുങ്ങിക്കഴിഞ്ഞു. ടീമുകൾ എത്തിത്തുടങ്ങി. ഫുട്ബോൾ വിസ്മയത്തിന്റെ ആരവത്തിലേക്ക് നമുക്ക് ആവേശത്തോടെ കടന്നുചെല്ലാം.
ഇതു പ്രവർത്തികമാക്കാൻ സഹായിച്ച കയ്യയച്ചു രാജ്യത്തിന്റെ ഭരണകൂടത്തിനും വിവിധ ഡിപ്പാർട്മെന്റുകൾക്കും ഫിഫക്കും വിവിധ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല.
വ്യക്തിപരമായും ഈ മാമാങ്കം എനിക്ക് സന്തോഷം തരുന്നതാണ്. പറവൂർ നിവാസിയായ എന്റെ നാട്ടുകാരൻ എഞ്ചിനീയർ നിഷാദിന്റെ ഉടമസ്ഥതയിലുള്ള കോസ്റ്റൽ എഞ്ചിനീയറിംഗ് കമ്പനിയാണ് 4 ലക്ഷത്തോളം വരുന്ന സ്റ്റേഡിയം ഇരിപ്പിടങ്ങളുടെയും അനുബന്ധജോലികളുടെയും കരാർ എടുത്തിട്ടുള്ളത്.
എന്റെ തൃശൂർ എഞ്ചി : അലുംനിയിലെ (ക്യൂ ഗെറ്റ് ) നിരവധി എഞ്ചിനീയർമാർ ജോലി ചെയ്യുന്ന ഗൾഫാർ കൺസ്ട്രക്ഷൻസ് ആണ് അൽ ബൈത് സ്റ്റേഡിയം നിർമിച്ചത്. കൂടാതെ പല അനുബന്ധജോലികളിലും ക്യൂഗെറ്റിലെ എഞ്ചിനീയർമാർ ഭാഗഭാക്കായി. മത്സരനടത്തിപ്പിന്റെ വോളന്റീർമാരുടെ ലിസ്റ്റ് നോക്കിയാൽ ആതിൽ അമ്പതോളം പേർ ക്യൂ ഗെറ്റിന് സ്വന്തം!!
32 ടീമുകൾ... 64 മത്സരങ്ങൾ... ഒരു ജേതാവ്!.. അതാരെന്ന് അറിയാൻ ഡിസംബർ 18 വരെ കാത്തിരിക്കാം. സംഘാടകമികവിന്റെ ഉത്തമഉദാഹരണമായി ഖത്തർ വേൾഡ് കപ്പ് നിലകൊള്ളട്ടെ ! തെറ്റുകുറ്റങ്ങളില്ലാത്ത, അപകടരഹിതമായ,ആവേശഭരിതമായ ഫുട്ബോൾ മത്സരപരമ്പര നടക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
H. E. ഷേഖ് മുഹമ്മദ് പ്രവചിച്ച പോലെ... ഖത്തർ നിങ്ങളെ നിരാശരാക്കില്ല. ഖത്തർ നിങ്ങൾക്ക് അഭിമാനമാകും. എന്നെന്നും ഓർത്തിരിക്കാനുതകുന്ന ഖത്തറിലെ ഈ മഹോത്സവത്തിലേക്ക് ഏറെ അഭിമാനത്തോടെ നിങ്ങൾക്കു സ്വാഗതം