Advertisment

കുനോ പാർക്കിലെത്തിയ ചീറ്റകളെ ഓർക്കുന്നുവോ ? അവർ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞു...

New Update

publive-image

Advertisment

ചിത്രത്തിൽ കാണുന്നതാണ് ഒബാന്‍ എന്ന ചീറ്റപ്പുലി

തീറ്റയ്ക്ക് പഞ്ഞമില്ലാത്ത കുനോ നാഷണൽ പാർക്കിൽ അവർ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞു. വിസ്തൃതമായ വനത്തിലേക്ക് തുറന്നുവിട്ട 'ഫ്രെഡി’, ‘എല്‍ട്ടണ്‍’, ഒബാന്‍ എന്നീ മൂന്നു ചീറ്റകളും ഓരോ മാനുകളെ വീതം വേട്ടയാടി ഭക്ഷിച്ചുകഴിഞ്ഞു.

ഇന്ത്യൻ വനാന്തരീക്ഷവുമായി ഇണങ്ങിക്കഴിഞ്ഞ ഈ നമീബിയൻ ചീറ്റപ്പുലികൾ രണ്ടുദിവസം മുൻപ് ഒരു വരയാടിന്റെ പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആട് സമർത്ഥമായി രക്ഷപെട്ടു.

ചീറ്റകൾക്ക് ഭക്ഷണത്തിനായി ഇവിടെ വേട്ടമൃഗങ്ങൾ ധാരാളമുണ്ട്. വനത്തിലേക്ക് തുറന്നുവിട്ടത് അവർക്ക് വയർ നിറയെ ഭക്ഷണം നൽകിയായിരുന്നു. ആദ്യം നവംബർ 5 ന് 'ഫ്രെഡി’, ‘എല്‍ട്ടണ്‍’ എന്നീ ആൺ ചീറ്റകളെയും നവംബർ 18 ന് ഒബാന്‍ എന്ന ആൺചീറ്റയെയുമാണ് വനത്തിലേക്ക് തുറന്നുവിട്ടത്.

തുറന്നുവിട്ട് 48 മണിക്കൂറിനുള്ളിൽ ഒബാന്‍ നടത്തിയ മാൻവേട്ട വനപാലകരെയും ജീവനക്കാരെയും വളരെ ഉത്സാഹഭരിതരാക്കി. ഇന്ത്യൻ കാലാവസ്ഥയുമായി ചീറ്റകൾ പൂർണ്ണമായും താദാത്മ്യം പ്രാപിച്ചു എന്നതിനുള്ള തെളിവാണ് അവരുടെ ഭക്ഷണത്തിനായുള്ള ഇരതേടൽ.

മൂന്നു ചീറ്റകളും 24 മണിക്കൂറും ടാസ്ക്ക് ഫോഴ്‌സി ന്റെ നിരീക്ഷണത്തിലുമാണ്. ഒരു കലമാനിനെ ഏകദേശം 250 മീറ്റർ ദൂരം വരെ ഓടിച്ചിട്ടാണ് ഒബാന്‍ എന്ന ചീറ്റ കീഴ്‌പ്പെടുത്തിയത്. മറ്റുള്ള 5 ചീറ്റകളെയും വിശാലമായ വനത്തിലേക്ക് തുറന്നുവിടുന്നതിനെപ്പറ്റി ടാസ്ക്ക് ഫോഴ്‌സ് ഉടനടി തീരുമാനം കൈക്കൊള്ളുന്നതാണ്.

ആഫ്രിക്കയിൽ നിന്നും ഈ മാസം 12 ചീറ്റകൾ കൂടി ഇന്ത്യയിലെത്തുന്നുണ്ട്. ഇവയെയും തൽക്കാലം ഇപ്പോഴുള്ളവയ്‌ക്കൊപ്പം കുനോ ദേശീയോദ്യാനത്തിൽ തന്നെ വിടാനാണ് തീരുമാനം. അതോടെ അകെ ചീറ്റകളുടെ എണ്ണം 20 ആയി മാറും.

അടുത്ത ഘട്ടത്തിൽ എത്തപ്പെടുന്ന 30 ചീറ്റപ്പുലികളെ രാജസ്ഥാൻ, കർണ്ണാടക വനങ്ങളിലാണ് തുറന്നുവിടാനുദ്ദേശിക്കുന്നത്. എന്നാൽ മദ്ധ്യപ്രദേശിലെ നൗരദേഹി, ഗാന്ധി സാഗര്‍ ദേശീയോദ്യാനങ്ങൾ ചീറ്റകളുടെ ജീവിതശൈലിക്ക് കൂടുതൽ ഉപയുക്തമാണെന്ന റിപ്പോർട്ടും കേന്ദ്ര വന്യജീവി മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

ഇതുകൂടാതെ കുനോ ദേശീയോദ്യാനത്തിൽ 25 ചീറ്റകൾക്ക് കഴിയാനുള്ള പര്യാപ്തമായ സാഹചര്യങ്ങളും സൗകര്യവുമുണ്ടെന്ന വിസ്തൃതമായ റിപ്പോർട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ.എസ് ചൗഹാന്‍ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

Advertisment