Advertisment

എന്താണ് അടച്ച വിൽപത്രം അഥവാ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്ത രഹസ്യ വിൽപത്രം ? അറിയേണ്ടതിവയൊക്കെ...

New Update

publive-image

Advertisment

നീതി ന്യായ കോടതികളുടെ സമയം കൂടുതൽ ചിലവഴിക്കപ്പെടുന്നത് സ്വത്ത്‌ തർക്കങ്ങളിലാണ്. ഭാവിയിൽ അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകാതിരിക്കുവാൻ രഹസ്യ വിൽപ്പത്രം ഉപകരിക്കും... മനസ്സമാധാനത്തോടെ മരിക്കാം...

ഒരാൾ തന്റെ സ്വത്തു വകകൾ സംബന്ധിച്ചു ഒരു വിൽപത്രം എഴുതണമെന്ന് നിശ്ചയിച്ചു. എന്നാൽ ആ വിൽപത്രം തന്റെ കാലശേഷം മാത്രമേ പുറത്തു വരാൻ പാടുള്ളൂ.

താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അതിലെ വിവാദമായേക്കാവുന്ന രഹസ്യങ്ങൾ വെളിപ്പെടാൻ പാടില്ല. അസ്സൽ വിൽപത്രം തന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചാൽ മക്കളോ ബന്ധുമിത്രാദികളോ അത് വായിച്ച് പുകിൽ ഉണ്ടാക്കേണ്ട എന്ന് കരുതി അദ്ദേഹത്തിന് അത് ജില്ലാ രജിസ്ട്രാറുടെ ഓഫീസിൽ രഹസ്യ ലോക്കറിൽ ഡെപ്പോസിറ്റ് ചെയ്യാൻ തീരുമാനിക്കാം...

രഹസ്യ ലോക്കറോ ? അതിന്റെ നടപടിക്രമം ഇനി വിവരിക്കാം.

വിൽപത്രം എഴുതി ഒപ്പിട്ട് ഒരു കവറിലാക്കി ആർക്കും പെട്ടെന്നൊന്നും വലിച്ചു പറിച്ചു കീറാൻ സാധിക്കാത്ത രീതിയിൽ നന്നായി പശ വച്ച് ഒട്ടിക്കുക. ആ കവർ പ്രവർത്തി ദിവസങ്ങളിൽ നിങ്ങളുടെ നാട്ടിലെ ജില്ലാ രജിസ്ട്രാറുടെ മുമ്പിൽ ഹാജരാക്കുക. രഹസ്യ ലോക്കറിൽ സൂക്ഷിക്കുവാനായി ഏൽപ്പിക്കുക.

അദ്ദേഹം ആ കവറിന് പുറത്ത് നിങ്ങളുടെ ഒപ്പും വിരൽ പതിപ്പും എടുക്കും. രണ്ട് സാക്ഷികളുടെ ഒപ്പും എടുക്കും. എന്നിട്ട് അഞ്ചാം നമ്പർ രജിസ്റ്റർ പുസ്തകത്തിൽ അത് സംബന്ധിച്ച വിവരങ്ങൾ ചേർത്ത ശേഷം ആ കവർ അദ്ദേഹത്തിന്റെ ഓഫീസിലുള്ള രഹസ്യ ലോക്കറിൽ വെച്ച് ഭദ്രമായി ലോക്ക് ചെയ്ത് സൂക്ഷിക്കും.

മരണപത്ര കർത്താവിന് തന്റെ ജീവിതകാലത്ത് എപ്പോൾ വേണമെങ്കിലും നേരിട്ട് ഹാജരായി സൂക്ഷിക്കാൻ ഏൽപ്പിച്ച കവർ പിൻവലിക്കാവുന്നതാണ്.

എഴുതിവെച്ച ആളുടെ കാലശേഷം ആർക്കുവേണമെങ്കിലും ടിയാന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി ആ കവർ തുറക്കാൻ ആവശ്യപ്പെടാം. ജില്ലാ രജിസ്ട്രാർ രണ്ടു സാക്ഷികളുടെയും അപേക്ഷകന്റെയും സാന്നിധ്യത്തിൽ കവർ തുറക്കുകയും അതിലെ ഉള്ളടക്കം പരസ്യമായി എല്ലാവരെയും വായിച്ച് കേൾപ്പിക്കുകയും അദേഹത്തിന്റെ ഓഫീസിലെ മൂന്നാം നമ്പർ രജിസ്റ്റർ പുസ്തകത്തിലേക്ക് അതിലെ ഉള്ളടക്കം പകർത്തി എഴുതി രജിസ്റ്റർ ചെയ്യുകയും ചെയ്യും.

മൂന്നാം നമ്പർ പുസ്തകത്തിൽനിന്നും ആർക്കു വേണമെങ്കിലും അങ്ങനെ പകർത്തിയെഴുതപ്പെട്ട വിൽപത്രത്തിൻറെ സർട്ടിഫൈഡ് കോപ്പി എടുത്ത് നിയമപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.

വാൽക്കഷണം:

(1) ആ വിൽപത്രത്തിൻറെ അസ്സൽ ജില്ലാ രജിസ്ട്രാർ ആർക്കാണ് കൊടുക്കുക?

ഉത്തരം: ആർക്കും കൊടുക്കില്ല, സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ആ വിൽപത്രം അസ്സൽ ജില്ലാ രജിസ്ട്രാർ ഓഫീസിലെ ലോക്കറിൽ വിശ്രമം കൊള്ളും.

(2) ജില്ലാ രജിസ്ട്രാർ എഴുതിവച്ച ആളുടെ മരണശേഷം സാക്ഷികളുടെ സാന്നിധ്യത്തിൽ കവർ തുറക്കുമ്പോൾ അതിനുളള്ളിൽ ബാലരമ അമർചിത്ര കഥയാണെങ്കിലോ ?

കടപ്പാട് : അഡ്വ. സോളമൻ (Consumer Complaints & Protection Society )

Advertisment