Advertisment

അനധികൃത ഖനനം മൂലം പഞ്ചാബ് സർക്കാരിന് വർഷം 20,000 കോടി രൂപയാണ് നഷ്ടമായിക്കൊണ്ടിരുന്നത്. അഴിമതിക്കാരെ കയ്യോടെ പിടികൂടുന്നതിന്റെ ഭാഗമായി പല മുൻ ജനപ്രതികളും ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. പഞ്ചാബിൽ സംഭവിക്കുന്ന മാറ്റങ്ങൾ....

New Update

publive-image

Advertisment

ഇക്കഴിഞ്ഞ നവംബർ 11 ന് അഖിലേന്ത്യാ ടൂറിന്റെ ഭാഗമായി പഞ്ചാബിലെ അമൃത്സറിലെത്തിയ ഞാൻ അവിടുത്തെ ഭരണത്തെപ്പറ്റി പലരോടും അന്വേഷിക്കുകയുണ്ടായി. ഒരാൾ പോലും ഭരണം മോശമാണെന്ന അഭിപ്രായം പറഞ്ഞില്ല. എന്നാൽ എഎപി സർക്കാരിന് കുറച്ചുകൂടി സമയം നൽകുക എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.

രണ്ട് ലൈൻ ട്രക്കുകളുള്ള ഒരു വ്യക്തി തനിക്ക് ലഭിച്ച 10 രൂപയുടെ വൈദ്യുതിബിൽ എന്നെ കാണിക്കുകയുണ്ടായി. മാസം 2000 ത്തിനു മുകളിലായിരുന്നു അദ്ദേഹത്തിന് ബിൽ വന്നുകൊണ്ടിരുന്നത്. മൂന്നു മാസമായി 0 ബില്ലാണ് ലഭിക്കുന്നത്. 10 രൂപ സർവീസ് ചാർജ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ 8 മാസത്തെ ആം ആദ്മി സർക്കാരിന്റെ ഭരണത്തിൽ പഞ്ചാബിൽ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. പഞ്ചാബിലെ 87 % വീടുകളിലും 0 വൈദ്യുതി ബില്ലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് 95% ആക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം. മറ്റുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള മുറവിളി ഉയരുമ്പോൾ പഞ്ചാബ് സർക്കാർ 0 ബിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത് അവിശ്വസനീയമായി തോന്നാം. എന്നാൽ ഇതാണ് ഗ്രൗണ്ട് റിയാലിറ്റി.

publive-image

പഞ്ചാബിലെ എല്ലാ സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സോളാർ എനർജി സ്ഥാപിക്കാനുള്ള ശ്രമം തീവ്രഗതയിൽ മുന്നേറുന്നു. ഇതുവഴി പിഎസ്‌പിസിഎൽ (പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പൊറേഷൻ ലിമിറ്റഡ്) ന്റെ നഷ്ടം നല്ല ശതമാനത്തിൽ കുറയ്ക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് എഎപി സർക്കാർ.

കൂടാതെ പഞ്ചാബിന് സ്വന്തമായി ജാർഖണ്ഡിൽ അനുവദിക്കപ്പെട്ട് വർഷങ്ങളായി നിശ്ചലമായിക്കിടക്കുന്ന കൽക്കരിപ്പാടം വീണ്ടും പ്രവർത്തനസജ്ജമാകുകയാണ്. അവിടെ നിന്നും കൽക്കരികൊണ്ടുവന്നു സ്വന്തം താപനിലയത്തിൽ വൈദ്യുതി ഉൽപ്പാദനം നടത്താനുള്ള നീക്കങ്ങളും അന്തിമഘട്ടത്തിലാണ്.

8 മാസം കൊണ്ട് 21000 ആളുകൾക്ക് സർക്കാർ സർവീസിൽ ജോലി നൽകിയതും ഒരു റിക്കാർഡാണ്‌. ഇതുകൂടാതെ ലുധിയാനയിൽ ടാറ്റ ഗ്രൂപ്പ് സ്ഥാപിക്കാൻ പോകുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റിൽ പ്ലാന്റിൽ വൻ തൊഴിലവസമാണ് യുവാക്കൾക്ക് ലഭിക്കാൻ പോകുക.

കൂടാതെ ബാർബിയോ ഉൾപ്പെടെ ചില വിദേശകമ്പനികളും പഞ്ചാബിൽ നിക്ഷേപം നടത്താനൊരുങ്ങുകയാണ്. പഞ്ചാബ് യുവതയുടെ റിവേഴ്‌സ് മൈഗ്രേഷനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി അടുത്തിടെ വ്യക്തമാക്കിയത്. കേരളം കഴിഞ്ഞാൽ തൊഴിൽ തേടി ഏറ്റവും കൂടുതൽ വിദേശത്തുപോകുന്നത് പഞ്ചാബിൽ നിന്നുള്ളവരാണ്.

അഴിമതി ഇല്ലാതാക്കുക, പഞ്ചാബിലെ തോക്കു സംസ്കാരം ഒഴിവാക്കുക എന്ന നടപടികളുടെ ഭാഗമായി എല്ലാവരും ഈ മാസം 30 നകം അവരവരുടെ കൈവശമുള്ള എല്ലാ തോക്കുകളും പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാനുള്ള അന്ത്യശാസനം നൽകപ്പെട്ടിരിക്കുന്നു. അതുകഴിഞ്ഞുള്ള റെയിഡുകളിൽ തോക്ക് പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലടയ്ക്കാനാണ് തീരുമാനം.

അഴിമതി നിർമ്മാർജ്ജനത്തിന് പഞ്ചാബിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് പലരും അഭിപ്രായപ്പെടുന്നു. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള നിർദ്ദേശവും സർക്കാർ നൽകുന്നുണ്ട്. സർക്കാർ ഓഫീസുകളിലെല്ലാം അഴിമതി വിരുദ്ധ ജാഗ്രതാ സംവിധാനം നിലവിൽ വന്നതിനാൽ കറപ്‌ഷൻ പകുതിയിലേറെ ഒറ്റയടിക്ക് കുറഞ്ഞതായാണ് അനുമാനം.

സർക്കാരിനെ കാർന്നുതിന്നിരുന്ന അനധികൃത മണൽ, ക്വാറി മാഫിയകളെ മുഴുവൻ തുരത്തി ടെണ്ടർ പ്രക്രിയയിലൂടെ ക്വാറികൾ നൽകപെടുകയാണ്. വണ്‍ ടൈം പെന്‍ഷന്‍ എന്ന രീതിയിലൂടെ ഖജനാവിനു ഭാരമായി മാറിയ മുൻ ജനപ്രതിനിധികൾ കൈപ്പറ്റിയിരുന്ന പലവിധ പെൻഷനുകൾ നിർത്തലാക്കിയത്‌ ഏവരാലും സ്വാഗതം ചെയ്യപ്പെട്ട തീരുമാനമാണ്.

ഇതേപ്പറ്റി മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞത് " സർക്കാർ ജനങ്ങളുടേതാണ്, ജനമാണ് യഥാർത്ഥ യജമാനന്മാർ. രാഷ്ട്രീയ പ്രവർത്തനം പ്രതിഫലേച്ഛ കൂടാതെയാവണം നടത്തേണ്ടത് " എന്നായിരുന്നു.

publive-image

അനധികൃത ഖനനം മൂലം പഞ്ചാബ് സർക്കാരിന് വർഷം 20,000 കോടി രൂപയാണ് നഷ്ടമായിക്കൊണ്ടിരുന്നത്. അഴിമതിക്കാരെ കയ്യോടെ പിടികൂടുന്നതിന്റെ ഭാഗമായി പല മുൻ ജനപ്രതികളും ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്.

ഇക്കഴിഞ്ഞ ഒക്ടോബർ മാസം തൻ്റെ പേരിലുള്ള അഴിമതിക്കേസുകൾ ഇല്ലാതാക്കാൻ മുൻ കോൺഗ്രസ് മന്ത്രി ശ്യാം സുന്ദർ ശർമ്മ 50 ലക്ഷം രൂപ വിജിലൻസ് എഐജി മന്‍മോഹന്‍ കുമാര്‍ ശര്‍മ്മക്ക് കൈക്കൂലി നൽകാൻ ശ്രമിക്കവേ കയ്യോടെ പിടികൂടിയതും തുടർന്ന് അദ്ദേഹത്തിൻറെ വീടുകൾ റെയിഡ് ചെയ്തപ്പോൾ പിടികൂടിയ സമ്പത്തിന്റെ കൂമ്പാരവും വീട്ടിൽ നിന്നും കണ്ടെത്തിയ നോട്ടെണ്ണുന്ന രണ്ടു മെഷീനുകളും കണ്ട് ജനം മൂക്കത്തു വിരൽ വച്ചുപോയിരുന്നു.

ജനങ്ങൾ കാവലേൽപ്പിച്ചവർതന്നെ കക്കുന്ന നാട്ടിൽ എന്ത് ജനക്ഷേമമുണ്ടാകാനാണ് ? മുൻമന്ത്രി ശ്യാം സുന്ദർ ശർമ്മ ഇപ്പോൾ ജയിലിലാണ്.

അന്യാധീനമായി കുത്തകകൾ കൈവശം വച്ചുകൊണ്ടിരുന്ന 9000 ഏക്കർ സർക്കാർ ഭൂമി ഈ ചെറിയ കാലയളവുകൊണ്ട് തിരിച്ചുപിടിക്കാൻ കഴിഞ്ഞത് എഎപി സർക്കാരിന്റെ വലിയ നേട്ടമാണ്.

കാലിയായിരുന്ന ഖജനാവുമായി ഭരണം തുടങ്ങിയ എഎപി സർക്കാരിനു മുന്നിൽ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ വൈദ്യുതി സൗജന്യവും സ്ത്രീകൾക്ക് പ്രതിമസമുള്ള 1000 രൂപ സ്‌കീമും, മൊഹല്ല ക്ലിനിക്കുകളും, തൊഴിൽ വാഗ്ദാനങ്ങളും ഒക്കെ വലിയ വെല്ലുവിളിയായിരുന്നു. ഇത് നടപ്പാക്കാനായി പ്രതിപക്ഷം സർക്കാരിനെ തുടക്കം മുതൽ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മൂന്നു മാസമായി വൈദ്യുതി സൗജന്യം തുടരുന്നു. മാസം 1000 രൂപ വീതം 18 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്ക് നൽകാനുള്ള രജിസ്‌ട്രേഷനും പൂർത്തിയായിക്കഴിഞ്ഞു. സൗജന്യ വൈദ്യസഹായം ലക്ഷ്യമിട്ട് ഓരൊ ഗ്രാമത്തിലും തുടങ്ങുന്ന മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിതമായൊക്കൊണ്ടിരിക്കുകയാണ്. തൊഴിൽ നൽകുന്ന കാര്യത്തിലും അവർ ഒരുപടി മുന്നിൽത്തന്നെയാണ്.

ഈ ജനക്ഷേമ പദ്ധതികൾക്കൊന്നും ഖജനാവിലെ പണം എടുക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അഴിമതി തുടച്ചുനീക്കുകയും അനധികൃത ഖനനം തടയുകയും റോഡ് നിർമ്മാണമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ സുതാര്യമായ രീതിയിൽ നടപ്പാക്കുകയും ചെയ്‌താൽ ലാഭിക്കുന്ന പണം തന്നെ ഈ സൗജന്യങ്ങൾക്ക് ധാരാളമാണെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.

പഞ്ചാബിലെ ഖജനാവ് കാലിയാണെന്ന് മുറവിളി കൂടിയവർ ഇപ്പോൾ തീർത്തും മൗനത്തിലാണെന്നും ഇനിയൊരിക്കലും അവർക്കീ വിഷയത്തിൽ വായ് തുറക്കേണ്ടിവരില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഒരു കാര്യം ഉറപ്പാണ്. പഞ്ചാബിൽ താഴേത്തട്ടുമുതൽ മാറ്റങ്ങൾ പ്രകടമാണ്. മുൻപെങ്ങും കാണാനാകാത്തവിധമുള്ള പ്രവർത്തന പരിഷ്‌കാരങ്ങളും അച്ചടക്കവും ഭരണതലത്തിലും ദൃശ്യമാണ്.

-പ്രകാശ് നായര്‍ മേലില

Advertisment