Advertisment

65 കഴിഞ്ഞവര്‍ക്ക് ബാങ്ക് ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ലഭിക്കില്ല. 65-70 കഴിഞ്ഞാല്‍ അവരുടെ ശിഷ്ടജീവിതത്തിന് ഗ്യാരണ്ടിയില്ലാത്തതാണ് കാരണം. അപ്പോള്‍ പിന്നെ നേതാക്കള്‍ക്കു മാത്രമെന്തിനാണ് ഇളവ്. 1980 മുതലുള്ള നമ്മുടെ വയോധികരായ മുഖ്യമന്ത്രിമാരൊക്കെ അമേരിക്കയില്‍ പോയി ചികിത്സിച്ചുവന്നവരാണ്. അവരുടെ രോഗാവസ്ഥയും ആരോഗ്യ പരിരക്ഷയും എന്തിനാണ് സര്‍ക്കാര്‍ വഹിക്കുന്നത്. അവര്‍ ഇത്ര ക്ലേശം അനുഭവിച്ച് നാട് ഭരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. 70 കഴിഞ്ഞ നേതാക്കള്‍ വീട്ടിലേയ്ക്ക് മടങ്ങട്ടെ - ലേഖനം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

70 കഴിഞ്ഞ നേതാക്കളെ വീട്ടിലേക്ക് പറഞ്ഞുവിടണം... ഈ വിഷയത്തിൽ രാഷ്ട്രീയ കക്ഷികൾ ഉറച്ച തീരുമാ നമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 65 വയസ്സ് കഴിഞ്ഞ ഒരാൾക്ക് വാഹനലോൺ, ബാങ്ക് ലോൺ, പേഴ്‌സണൽ ലോൺ എന്നിവ തലകുത്തി തപസ്സുചെയ്താലും ലഭിക്കില്ല.

65 കഴിഞ്ഞവർക്ക് ഇൻഷുറൻസിനും അർഹതയില്ല. 70 നപ്പുറം മെഡിക്കൽ ഇൻഷുറൻസും കിട്ടില്ല. 65 കഴിഞ്ഞവർക്ക് ബാങ്കുകൾ ക്രെഡിറ്റ് കാർഡും നൽകില്ല. 70 കഴിഞ്ഞാൽ പിന്നെ ഡ്രൈവിംഗ് ലൈസൻസും ഇല്ല.

അതായത് 65 - 70 കഴിഞ്ഞാൽ അവരുടെ ശിഷ്ട ജീവിതത്തിന് ഗാരണ്ടിയില്ല എന്നല്ലേ ഇതിനർത്ഥം.അതെ, അതുതന്നെയാണ്. മാത്രവുമല്ല ശാരീരികവും മനസികവുമായ ദുർബലതകൾക്കും പലവിധ രോഗങ്ങൾക്കും അടിപ്പെടുന്ന ഒരു അവസ്ഥയിലൂടെയാണ് ആ പ്രായക്കാർ ഏറെയും കടന്നുപോകുക.

publive-image

അപ്പോൾപ്പിന്നെ നേതാക്കൾക്ക് മാത്രമെന്താണ് ഈ ആനുകൂല്യം ? 70 കഴിഞ്ഞ പല നേതാക്കളും രോഗികളോ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവരോ ആണ്. അവരെ എന്തിനാണ് മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ യായി തെരഞ്ഞെടുക്കുന്നത് ?

വിശ്രമജീവിതം നയിക്കാൻ അവരെ അനുവദിക്കുകയും അവരുടെ ചികിത്സയും പരിചരണവുമൊക്കെ കോടികൾ ഫണ്ടുള്ള രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുകയും ചെയ്യണം.

വൈദ്യശാസ്ത്രം സുല്ലു പറയുംവരെ അധികാരസുഖലോലുപതയിൽ കടിച്ചുതൂങ്ങാൻ പല നേതാക്കൾക്കും ആഗ്രഹമുണ്ടാകാം. കാരണം ഖജനാവിലെ പണം കൊണ്ടുള്ള ആർഭാട ജീവിതം എന്ന ആഗ്രഹസാഫല്യം തന്നെയാണ് മുഖ്യകാരണം.

publive-image


അമേരിക്കയിൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അടുത്ത 5 വർഷക്കാലത്തേക്കുള്ള ആരോഗ്യ ഫിറ്റ്നസ് പരിശോധന നടത്തി സർട്ടി ഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഇതുതന്നെയാണ് രീതി.


ഇവിടെയും ആ രീതി നടപ്പാക്കേണ്ടതാണ്. നേതാക്കളുടെ ഉന്നത വിദേശ ചികിത്സകളും യാത്രാച്ചിലവുകളും അതുവഴി ഒഴിവാക്കാവുന്നതാണ്.

രാഷ്ട്രീയപ്രവർത്തനം പൊതുവായ ഫണ്ടുപയോഗിച്ചാകാൻ പാടുള്ളതല്ല. പൊതുപ്രവർത്തനം നേതാക്കൾ സ്വയം തെരഞ്ഞെടുത്തതാണ്. അവരെ ഇതിലോട്ട് ആരും ക്ഷണിച്ചതല്ല. അതിലൂടെ സാമ്പത്തിക നേട്ടത്തിനായി അവർ ശ്രമിക്കുന്നത് ശരിയല്ല.

നിസ്വാർത്ഥമായ പൊതുപ്രവർത്തനം നടത്താൻ തയ്യാറുള്ളവർ മാത്രം രാഷ്ട്രീയത്തിൽ വന്നാൽ ഇവിടെ അഴിമതിയും സ്വജന പക്ഷപാതവും തട്ടിപ്പുകളും പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും.


എംഎല്‍എമാർ, എംപിമാർ, മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാന മന്ത്രി ഇവർക്കൊന്നും ഈ പദവികളിലെത്താൻ നിശ്ചി ത അടിസ്ഥാന വിദ്യാഭ്യാസയോഗ്യത എന്നൊന്നില്ല. ഇവരുടെ ശമ്പളവും, ആനുകൂല്യങ്ങളും, പെൻഷനും, ചികിത്സാച്ചെലവുകളുമൊക്കെ ഇവരെല്ലാം ചേർന്ന് സ്വയം തീരുമാനിക്കുന്നു, താല്പര്യമനുസരിച്ച് കാലാകാലം അത് വർദ്ധിപ്പിക്കുന്നു.. പലർക്കും ഒന്നിലധികം പെൻഷനും ലഭിക്കുന്നുണ്ട്. എംപി, എംഎല്‍എ എന്നിങ്ങനെ വെവ്വേറെ..


മുൻപ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കാറപകടമുണ്ടായശേഷം അമേരിക്കയിൽ പോയി ചികിത്സകഴിഞ്ഞുവന്ന് ആരോഗ്യം വീണ്ടെടുക്കാൻ ഡോക്ടർമാരുടെ ഉപദേശപ്രകാരം ക്ലിഫ് ഹൗസിൽ പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി പണിത സ്വിമ്മിങ് പൂൾ ഇപ്പോൾ കാടുമൂടിക്കിടക്കുന്നു.

അപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം അധികാരമൊഴിയാൻ കൂട്ടാക്കിയില്ല. ഇപ്പോഴത്തെ മുഖ്യന് ക്ലിഫ് ഹൗസിന്റെ മുകളിലത്തെ നിലയിൽ കയറാൻ വേണ്ടി ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് പണിയുന്നു. രോഗബാധിതനായ മുഖ്യന് പടികയറാൻ ബുദ്ധുമിട്ടു ണ്ടാകാം.

publive-image


രോഗസംബന്ധമായി രണ്ടുതവണ മുഖ്യമന്ത്രി അമേരിക്കയിൽ പോയി. ഒരു തവണ ചെന്നൈയിലും. തൻ്റെ രോഗവിവരത്തെപ്പറ്റിയും അതിന്റെ അവസ്ഥയെപ്പറ്റിയും പാർട്ടിയോടെന്നപോലെ ജനത്തോടുമദ്ദേഹം വെളിപ്പെടുത്തേണ്ടതാണ്. കാരണം പൊതുഖജനാവിലെ പണമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് എന്ന തുകൂടാതെ രോഗവിവരം രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യവുമില്ല ആർക്കായാലും.


അതുകൊണ്ട് രോഗിയായ മുഖ്യമന്ത്രിക്ക് പാർട്ടി വിശ്രമമനുവദിക്കാൻ തയ്യറാകണം. ബുദ്ധിമുട്ടനുഭവിച്ചു കൊണ്ട് അദ്ദേഹം നാട് ഭരിക്കണമെന്ന് ജനങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് നല്ല പെൻഷൻ ലഭിക്കും. അദ്ധ്യാപികയായിരുന്ന ഭാര്യക്കും പെൻഷനുണ്ട്. മക്കൾ രണ്ടുപേരും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ. ശിഷ്ടജീവിതം സമാധാനത്തോടെ ആഹ്ളാദകരമായി ജീവിക്കാൻ ഇതിൽക്കൂടുതലെന്തുവേണം ?

തൊണ്ടയിൽ കടുത്ത ക്യാൻസർ രോഗം മൂലം വലയുന്ന ഉമ്മൻചാണ്ടിയെ പാർട്ടി ഇനിയെങ്കിലും വെറുതെ വിടണം. അദ്ദേഹത്തിന് പൂർണ്ണവിശ്രമം ആവശ്യമാണ്. രോഗം ഭേദമായെന്നും പൂർണ്ണ ആരോഗ്യവാനായെന്നും പറഞ്ഞ് അദ്ദേഹത്തെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കം നടത്തിയാൽ അതില്പരം ക്രൂരത മറ്റൊന്നുമുണ്ടാകില്ല. ഇനിയുള്ള കാലം അദ്ദേഹം സ്വസ്ഥമായി കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാൻ പാർട്ടി അനുവദിക്കണം.

publive-image

അതുപോലെ സഖാവ് പി. ജയരാജന് സഞ്ചരിക്കാൻ 35 ലക്ഷം രൂപയുടെ കാർ വാങ്ങുന്നതുതന്നെ ഒഴിവാക്കേണ്ടതാണ്. അദ്ദേഹത്തിൻറെ അസുഖം പറഞ്ഞാണ് ഈ കാർ വാങ്ങുന്നത്. അസുഖബാധിതനായ 70 വയസ്സുള്ള അദ്ദേഹത്തിന് പാർട്ടി വിശ്രമം അനുവദിക്കേണ്ടതല്ലേ ? അതല്ലേ മനുഷ്യത്വപരമായി ചെയ്യേണ്ടതും ? അദ്ദേഹത്തിൻ്റെ ഭാര്യക്ക് പെൻഷനുണ്ട്. ഒപ്പം കോടികൾ ആസ്തിയുള്ള പാർട്ടി അദ്ദേഹത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതുതന്നെയാണ്.

കണ്ണിനസുഖത്തിന്‌ 50000 രൂപയുടെ കണ്ണട ഖജനാവിലെ പണം കൊണ്ട് വാങ്ങിയ നേതാവ് അധികാരത്തിലില്ലാതിരുന്നിട്ടും ഇപ്പോൾ ഒരു വിദേശ സന്ദർശനം കഴിഞ്ഞു വന്നിരിക്കുകയാണ്. അതും സർക്കാർ ചിലവിൽത്തന്നെയാകും ? ഇതൊക്കെ ഒഴിവാക്കാമായിരുന്നില്ലേ ?

അതുപോലെ റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥരെ വീണ്ടും സർവീസിൽ നിയമിക്കുന്ന രീതി അവസാനിപ്പിക്കണം. അവർക്ക് മാന്യമായ പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുമെന്നിരിക്കെ എന്തിനാണ് ഈ ധൂർത്ത് ? യോഗ്യരും അർഹരുമായവർ സർവീസിൽത്തന്നെ അനേകരുണ്ട്.

ജനാധിപത്യ സമ്പ്രദായത്തിലെ ഇതുപോലുള്ള പഴുതുകളും പോരായ്മകളും ഒഴിവായാൽ മാത്രമേ അഴിമതിയും സ്വജനപക്ഷപാതങ്ങളും ഇല്ലാതാകുകയുള്ളു. പക്ഷേ അതിനു തയ്യാറാക്കേണ്ടത് ഇതേ നേതാക്കൾ തന്നെയാണ്. അവരതിന് തുനിയുമോ എന്നതാണ് കാതലായ വിഷയം.

വോട്ടു രേഖപ്പെടുത്തുക എന്നതല്ലാതെ പൊതുജനത്തിന് മറ്റൊരുതലത്തിലും ഇടപെടാനുള്ള അധികാരം ഇവിടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

എങ്കിലും രാഷ്ട്രീയ ഭരണതലത്തിൽ അഴിമതി ഇല്ലാതാക്കാൻ വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു യുവതലമുറ അമാന്തിക്കാതെ മുന്നോട്ടുവരേണ്ടതാണ്.

Advertisment