Advertisment

ലോകമെമ്പാടും 250 കോടിയിലധികം ജനങ്ങളാണ് മതമില്ലാതെ ജീവിക്കുന്നത്. ബ്രിട്ടനിൽ 73 % വും അമേരിക്കയിൽ 42 % വും ആസ്‌ത്രേലിയയിൽ 40 % വും മതം ഉപേക്ഷിച്ചവരാണ്. പാവപ്പെട്ട വിശ്വാസികളുടെ ബലഹീനത മുതലെടുക്കുന്ന പുരോഹിതവർഗ്ഗത്തിന്റെ ലക്ഷ്യം പണവും സുഖലോലുപതയും ആഡംബര ജീവിതവും മാത്രമാണ് - കാഴ്ചപ്പാട്

New Update

publive-image

Advertisment

ഞാൻ മനസ്സിലാക്കിയ,അല്ലെങ്കിൽ പരിചയപ്പെട്ട പല യുക്തിവാദികളും ഉള്ളിന്റെയുള്ളിൽ തികഞ്ഞ വർഗീയ വാദികളാണ്. പൊയ്‌മുഖങ്ങളാണ് പലരുമെന്ന് തോന്നിയിട്ടുമുണ്ട്.

യുക്തിവാദികളെന്നവകാശപ്പെടുന്നവർ പലരും പല തട്ടുകളിലായാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ കേരളത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് ഇനിയും വേണ്ടത്ര വേരുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

അര നൂറ്റാണ്ടുമുൻപ് പ്രസിദ്ധ യുക്തിചിന്തകനും ബുദ്ധിജീവിയുമായിരുന്ന എ ടി  കോവൂർ, സമൂഹനന്മക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങൾ പഴയതലമുറ മറക്കാനിടയില്ല. അനാചാരങ്ങളും ആത്മീയ തട്ടിപ്പുകളും അന്ധവിശ്വാസങ്ങളുമെല്ലാം ഉന്മൂലനം ചെയ്യാനുള്ള മഹായജ്ഞത്തിൽ അദ്ദേഹം നിരന്തരം കർമ്മ നിരതനായിരുന്നു. ആ സംഭാവനകൾ വിസ്മരിക്കാനാകില്ല.

അദ്ദേഹം തുറന്നുനൽകിയ അറിവിൻ്റെ വിശാലമായ പാത ഇന്ന് ഏറെക്കുറെ വിജനമാണ്. കോവൂർ വെളിപ്പെടുത്തിയ ആത്മീയ തട്ടിപ്പുകൾ പലതും വീണ്ടും പുനരവതരിച്ചിരിക്കുന്നു. നരബലിയുൾപ്പെടെയുള്ള വിഷയങ്ങൾ അതാണ് തെളിയിക്കുന്നത്. അനാചാരങ്ങൾക്കെതിരെയുള്ള സാമൂഹ്യ ബോധവൽക്കരണം അനിവാര്യമായ കാലഘട്ടമാണ് ഇപ്പോൾ.


യുക്തിവാദ പ്രസ്ഥാനക്കാർ ഇനിയും ഉൾക്കൊള്ളാൻ തയ്യറാകാത്ത വസ്തുത ജനങ്ങളുടെ ഈശ്വര വിശ്വാസമാണ്. എന്നാൽ അവർ മനസ്സിലേക്കേണ്ടത് ഈശ്വരവിശ്വാസം അന്ധവിശ്വാസമല്ല, അനാചാരവുമല്ല എന്ന യാഥാർഥ്യമാണ് . അതിൻ്റെ പേരിൽ നടക്കുന്ന മുതലെടുപ്പുകളും തട്ടിപ്പുകളും ബിസിനസ്സുകളുമാണ് ഇവിടെ അന്ധവിശ്വാസവും അനാചാരങ്ങളും വളർത്തുന്നത്.


പാവപ്പെട്ട വിശ്വാസികളുടെ ബലഹീനത മുതലെടുത്ത് അവരെ പറ്റിച്ചു ജീവിക്കുന്ന ഒരുപറ്റം പുരോഹിതവർഗ്ഗത്തിന്റെ ലക്ഷ്യം പണവും സുഖലോലുപതയും ആഡംബര ജീവിതവും മാത്രമാണ്. അതാണ് തുറന്നുകാട്ടേണ്ടതും ജനത്തെ ബോധവൽക്കരിപ്പിച്ച് നേർവഴിക്കു കൊണ്ടുവരേണ്ടതും.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈശ്വര വിശ്വാസം അവർക്ക് ആത്മബലം നൽകുന്ന ഒരത്താണിയാണ്. ദുഖങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും അതുവഴി മനസ്സിന്റെ ഭാരം അൽപ്പമെങ്കിലും ലഘൂകരിക്കാ നും അതോടൊപ്പം അതിൽനിന്നുള്ള മോചനവുമാണ് അവർ ലക്ഷ്യമിടുന്നത്.


സാധാരണക്കാരന്റെ ഈശ്വര വിശ്വാസം ഒരു പ്രതീക്ഷയാണ്, ആത്മസംതൃപ്തിയാണ് ഒപ്പം അവൻ്റെ മനസ്സിന് ബലം പകരുന്നതുമാണ്. ആ വിശ്വാസത്തെ മുതലെടുക്കുന്നവരാണ് അത് അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും തള്ളിവിടുന്നത്.


യുക്തിവാദപ്രസ്ഥാനങ്ങൾ ദുർബലമായതാണ് സമൂഹത്തിൽ ആത്മീയതട്ടിപ്പുകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വർദ്ധിക്കാനുള്ള കാരണം. ഇതൊക്കെ തുറന്നുകാട്ടാനും ജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ തുടരേണ്ടത് അനിവാര്യമാണ്. തുറസ്സായ ചർച്ചകളും സംവാദങ്ങളും സെമിനാറുകളും തെരുവുനാടകങ്ങളും സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളുമാണ് നടത്തേണ്ടത്.

ലോകമെമ്പാടും മതമുപേക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. യൂറോപ്പിൽ മതമില്ലാത്തവർ നിർണ്ണായകശക്തിയായി മാറിക്കഴിഞ്ഞു.


ബ്രിട്ടൻ, അമേരിക്ക, ആസ്‌ത്രേലിയ ഒക്കെ ഈ പാതയിലാണ്. ബ്രിട്ടനിൽ ഇവർ 73 % വും അമേരിക്കയിൽ 42 % വുമാണ്. ആസ്‌ത്രേലിയയിൽ 40 ശതമാനത്തോ ളമാണ് മതമില്ലാത്തവർ. ലോകമൊട്ടാകെ 250 കോടിയിലധികം ആളുകളാണ് മതമില്ലാതെ ജീവിക്കുന്നത്.


ലോകമൊട്ടാകെ സംഭവിക്കുന്ന ഈ മാറ്റങ്ങൾ കാണാതെപോകരുത്. സമൂഹത്തിന് മാർഗ്ഗനിർദ്ദേശം നൽകി വഴികാട്ടേണ്ട പുരോഗമനപ്രസ്ഥാനങ്ങൾ ഈ രീതിയിൽ തുടരുന്നത് ആർക്കും അഭികാമ്യമല്ല.

Advertisment