Advertisment

അപ്പന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ അടക്കാനുള്ള 800 രൂപയ്ക്കായി കാട്ടാശ്ശേരി ജോസഫ് യേശുദാസ് കൊച്ചി നഗരപ്രാന്തത്തിലൂടെ 4 മണിക്കൂര്‍ സൈക്കിള്‍ ചവിട്ടി നടന്നു. പിന്നീടൊരിക്കല്‍ സംഗീത കോളേജില്‍ പാട്ട് പഠിക്കാന്‍ പോകാന്‍ പണത്തിനായി സെമിനാരിയിലെത്തി വൈദികനെ കണ്ടു. ഇതു രണ്ടും അദ്ദേഹത്തിന് ജീവിതത്തിലെ രണ്ട് വലിയ വേദനകളായിരുന്നു. പീന്നീട് ആകാശം മുട്ടെ വളര്‍ന്ന സംഗീത ചക്രവര്‍ത്തി ഇനി ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ടു തികയ്ക്കാനുള്ള കാത്തിരിപ്പിലാണ് - ദാസേട്ടന്‍ @ 83

New Update

publive-image

Advertisment

ചിത്രം കടപ്പാട്: ഗോപിനാഥ്

ദാസേട്ടൻ @ 83... ഇന്നാണ് ജന്മദിനം. ജീവചരിത്രം എല്ലാവർക്കും അറിയാവുന്നതു കൊണ്ട് അത് എഴുതുന്നില്ല. ദാസേട്ടന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. അത് അടിക്കടി പറയേണ്ട കാര്യമില്ല. കെ.ജെ യേശുദാസ് എന്നാൽ കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന് ആർക്കാണറിയാത്തത്. അദ്ദേഹം ജനിച്ചത് ഫോർട്ട് കൊച്ചിയിലെ റോമൻ കത്തോലിക്കാ ക്രിസ്ത്യൻ കുടുംബത്തിൽ അഗസ്റ്റിൻ ജോസഫ് - എലിസബത്ത് ദമ്പതികളുടെ 5 മക്കളിൽ മൂത്തവനായിട്ടായിരുന്നു എന്നും അറിയാത്തവർ ചുരുക്കം

ദാസേട്ടൻ തൻ്റെ ജീവിതത്തിൽ തകർന്നുപോയ രണ്ടു സംഭവങ്ങൾ ഇവിടെ വിവരിക്കുകയാണ്...!

ഗാനഗന്ധർവൻ യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. ഒരു വിശദീകരണവും ആവശ്യമില്ലാത്ത നാമമാണ് 'ദാസേട്ടൻ' എന്നത്. അദ്ദേഹത്തിൻറെ ചില അഭിപ്രായങ്ങൾ വിവാദമായിട്ടുണ്ടാകാം... അത് അത്ര കാര്യമാക്കേണ്ടതില്ല...

ഇന്ന് ദാസേട്ടന്റെ 83 -ാമതു ജന്മദിനമാണ്... അര നൂറ്റാണ്ടിലേറെ തലമുറകളെ പാടിയുറക്കിയ, ഉണർത്തിയ ദാസേട്ടന്റെ ജീവിതത്തിൽ അദ്ദേഹം നേരിട്ട നീറുന്ന രണ്ടനുഭവങ്ങൾ ഇവിടെ വിവരിക്കുകയാണ്..

ദാസേട്ടൻ സംഗീത വിദ്യാർഥിയായിരിക്കുമ്പോഴാണ് പിതാവ് അഗസ്റ്റിൻ ജോസഫ് മരിക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ 800 രൂപ അടക്കണം. അതിനു മക്കളിൽ മൂത്തമകനായ യേശുദാസിന്റെ കയ്യിൽ പണമില്ല. കുടുംബത്തിന്റെ നില പരിതാപകരമായിരുന്നു. തുക അടക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിൽ ഹോസ്‌പിറ്റൽ അധികൃതരും നിലകൊണ്ടു.


അന്ന് അപ്പന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള പണത്തിനായി അദ്ദേഹം കൊച്ചി നഗരപ്രാന്തത്തിലൂടെ 4 മണിക്കൂർ സൈക്കിൾ ചവുട്ടി. പല വാതിലുകളിലും പോയി മുട്ടി നോക്കി... രക്ഷയില്ല... ബന്ധുക്കൾ, പരിചയക്കാർ ഒക്കെ കൈമലർത്തി... ഒടുവിൽ പി.ഭാസ്‌ക്കരൻ മാഷിനെ കണ്ടു. അദ്ദേഹമാണ് പണം നൽകിയത്...


അങ്ങനെയാണ് പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയത്... അന്ന് അപ്രസക്തനായ ഒരാൾക്കുവേണ്ടി അത്രയും പണം നൽകാൻ ഭാസ്‌ക്കരൻ മാഷ് കാട്ടിയ മഹാമനസ്‌കത വിലപ്പെട്ടതായിരുന്നു. അഗസ്റ്റിൻ ജോസഫ് ഭാഗവതരോടുള്ള ആദരവോ വളർന്നു വരുന്ന കലാകാരനോടുള്ള വാത്സല്യമോ എന്തായിരുന്നു ?

മറ്റൊരു സംഭവം... യേശുദാസിനു സംഗീതം പഠിക്കണമെന്ന കലശലായ മോഹം. തിരുവനന്തപുരം സംഗീത കോളേജിൽ ചേർന്ന് പഠിക്കാൻ പണം വേണം... സഹായിക്കാൻ ആരുമില്ല... ഒടുവിൽ അമ്മയുടെ ആഗ്രഹപ്രകാരം തൃപ്പൂണിത്തുറ സെമിനാരിയിൽപ്പോയി പിതാവിനെക്കണ്ടു. അദ്ദേഹം കേട്ടപാടെ പറഞ്ഞു:-

"ക്രിസ്ത്യാനിക്കെന്തൊന്നെടാ സംഗീതം ? നീ വല്ല ക്രിസ്ത്യൻ പാട്ടുകളൊക്കെ പഠിച്ചു പള്ളിയിൽ പാടാൻ നോക്ക്... അതുമതി.."


അവിടെ അവസാനിക്കേണ്ടതായിരുന്നു യേശുദാസ് എന്ന സംഗീതജ്ഞന്റെ സംഗീത ജീവിതം. പക്ഷെ ഒരു ഫീനിക്സ് ആയി അദ്ദേഹം ഉയർത്തെഴുന്നേറ്റു സംഗീതത്തിന്റെ അനിഷേധ്യ ചക്രവർത്തിയായി ആകാശത്തോളം വളർന്നു വലുതായ കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്...


വിധിയുടെ വിളയാട്ടം നോക്കുക... ദാസേട്ടൻ വളരെ പ്രസിദ്ധനായ ശേഷമാണ് അമ്മ എലിസബത്ത് മരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 40,000 രൂപയായിരുന്നു ബില്ല് വന്നത്. അത് പേ ചെയ്യാൻ നേരത്ത് ആരും ആവശ്യപ്പെടാതെ തന്നെ ബിൽ തുക അവർ പകുതിയാക്കി കുറച്ചു കൊടുത്തു.

മറ്റൊന്ന് വിധിയുടെ വിളയാട്ടമാണ്... ദാസേട്ടൻ പ്രസിദ്ധിയുടെ കൊടുമുടി കയറിയശേഷം അതേ തീപ്പൂണിത്തുറ സെമിനാരിയിലെ പുരോഹിതർ അദ്ദേഹത്തെ കാണാൻ ചെന്നു. പള്ളി പുതുക്കി പണിയുകയാണ്. ധനസമാഹരണത്തിനായി യേശുദാസിന്റെ ഒരു പ്രോഗ്രാം വേണം. തുക കുറച്ചു ചെയ്തു കൊടുക്കണം... ഇതായിരുന്നു ആവശ്യം. എന്നാൽ തികച്ചും സൗജന്യമായി യേശുദാസ് അവർക്കായി അവിടെ ഗാനമേള ചെയ്തു കൊടുത്തു... അന്ന് അദ്ദേഹം വേദിയിൽ വച്ച് പള്ളിയിൽനിന്ന് തനിക്കുണ്ടായ തിക്താനുഭവം പറയാനും മറന്നില്ല...

ഗാനഗന്ധർവൻ ദാസേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ.

(ഈ വിവരങ്ങൾ ഒരിക്കൽ ദാസേട്ടൻ തന്നെയാണ് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതാണ്)

-പ്രകാശ് നായര്‍ മേലില

Advertisment