Advertisment

എടുത്താല്‍ പൊങ്ങാത്ത നികുതിയും അതിന്‍റെ പത്തിരട്ടി വരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നാടിന്‍റെ ശാപമാണ്. കേരളത്തില്‍ വിദേശനിക്ഷേപമില്ല, ഇവിടെയുള്ളത് പുറത്തേക്ക് പോവുകയും ചെയ്യുന്നു. കണക്കില്ലാത്ത നികുതി കാരണം ക്രിക്കറ്റ് കാണാന്‍ പോലും ആളെ കിട്ടിയില്ല. ഇവിടെ ജനം ബാങ്കിലിട്ട പണം പോലും തിരിച്ചു കിട്ടില്ല - അയല്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച കാണാതെ പോകരുത് നാം...

New Update

publive-image

Advertisment

നികുതി വർദ്ധിപ്പിക്കൽ യജ്ഞം നീണാൾ വാഴട്ടെ... പട്ടിണിക്കാരും സാധാരണക്കാരും ക്രിക്കറ്റ് കാണാൻ പോയില്ല. 18% ജിഎസ്ടിയുടെ പുറമേ 5 % വിനോദ നികുതി ഉണ്ടായിരുന്നത് 12 % ആയി ഉയർത്തി. അങ്ങനെ ആകെ നികുതി 30 %. അപ്പോൾ അപ്പര്‍ ടെയര്‍ ടിക്കറ്റ് 1,300 രൂപയും ലോവര്‍ ടെയര്‍ ടിക്കറ്റ് 2,600 രൂപയുമായി ഉയർന്നു. സാധാരണക്കാർക്ക് ഇത് താങ്ങാൻ ബുദ്ധിമുട്ടുതന്നെയാണ്. അതുകൊണ്ടവർ ഇന്നത്തെ കളികാണാൻ പോയില്ല. കാശുമുടക്കി കളികാണാൻ വന്നതോ കേവലം 6000 ത്തോളം ആളുകൾ മാത്രം.

ഇതിൽ ആരൊക്കെ എന്തൊക്കെ ന്യായീകരണങ്ങൾ ഭൂതക്കണ്ണാടി വച്ചു നിരത്തിയാലും കേരളത്തിൽ ഇന്നുവരെ നടന്ന ഒരു അന്തരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും ജനബാഹുല്യം ഇല്ലാതിരുന്നിട്ടില്ല. തിങ്ങിനിറഞ്ഞ കേരളത്തിലെ സ്റ്റേഡിയങ്ങളെപ്പറ്റി പല ക്രിക്കറ്റർമാരും അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. കാണികൾ നിറഞ്ഞ സ്റ്റേഡിയം കളിക്കാർക്ക് ആവേശമാണ്. കൽക്കത്തയിലെ ഈഡൻ ഗാർഡൻ തന്നെ ഉദാഹരണം. അവിടെ കളിക്കാനാഗ്രഹിക്കാത്ത ഒരു ക്രിക്കറ്ററും ലോകത്തില്ല.

മദ്യം, ഭൂനികുതി, ലോട്ടറി, പെറ്റി, പെട്രോൾ ഉൽപ്പന്നങ്ങൾ ഇതൊക്കെയാണ് ഇപ്പോൾ കേരള സർക്കാരിന്റെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സുകൾ. ഇവയെല്ലാം വലിയ ചെലവില്ലാതെ ഖജനാവിലേക്ക് ഒഴുകുന്ന പണവു മാണ്. അതുകൊണ്ടാണ് പെട്രോൾ -ഡീസൽ എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം ശക്തമായി എതിർക്കുന്നത്.

ഭൂനികുതി, പെട്രോൾ - ഡീസൽ, പെറ്റി ഇതിനൊന്നും മുടക്കുമുതൽ ഒട്ടുമില്ല. മദ്യം 80 രൂപയാണ് വിലയെങ്കിൽ 1000 രൂപ അതിനുമേൽ ടാക്‌സാണ്. ലോട്ടറിക്ക് അച്ചടികൂലിയും കമ്മീഷനും ചെറിയ ശതമാനം സമ്മാനത്തുകയും കഴിഞ്ഞാൽ ബാക്കി സർക്കാരിന് ലാഭമാണ്.

നമ്മുടെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും പോകുന്നത് ശമ്പളത്തിനും പെൻഷനുമായാണ്. കടമെടുത്ത തുകയുടെ പലിശയ്ക്കും വേണം നല്ലൊരു തുക. ഇതിനൊന്നും തികയാതെ വരുമ്പോൾ വീണ്ടും കടമെടുക്കുന്നു. അങ്ങനെ കടമെടുപ്പ് മാസം തോറുമുള്ള ഒരു തുടർക്കഥയായി മാറപ്പെടുന്നു.

ഉദ്യോഗസ്ഥർക്ക് ഭാരിച്ച ശമ്പളവും മറ്റുള്ള ആനുകൂല്യവും മൂലം അണാപൈസ കടം നൽകാതെ ജനങ്ങളോട് കണക്കു പറഞ്ഞ് രോക്കമായി പണം വാങ്ങി സർവീസ് നൽകുന്ന കെഎസ്ഇബി, കെഎസ്ആര്‍ടിസി, ബെവ്കോ ഒക്കെ നഷ്ടത്തിലാണ്. ഇതിലെല്ലാം അഴിമതിയും ഇല്ലാതില്ല. ഇതൊക്കെമൂലമാണ് സർക്കാർ കടമെടുക്കാൻ നിർബന്ധിതരാകുന്നത്.

ഇത് പറയുമ്പോൾ മറ്റു സംസ്ഥാനങ്ങൾ കടമെടുക്കുന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അവർ കടമെടുക്കുന്നെങ്കിൽ അവർക്ക് റവന്യൂ വരുമാനം അനുദിനം വർദ്ധിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലുങ്കാന, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വൻതോതിലുള്ള വിദേശനിക്ഷേപമാണ് നടക്കുന്നത്. അവർ കടമെടുക്കും അത് പദ്ധതികൾക്ക് വിനിയോഗിച്ച് അതിൽ നിന്നുള്ള വരുമാനത്താൽ തിരിച്ചടവ് നടത്തും. ഇവിടെയോ എടുക്കുന്ന തുകയുടെ പലിശ അടയ്ക്കാൻ വരെ കടമെടുക്കേണ്ട നിലയാണ്.

തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് വന്നത്. ഐ ഫോൺ അവരുടെ ഏറ്റവും വലിയ ഫാക്ടറി തമിഴ് നാട്ടിൽ സ്ഥാപിക്കുകയാണ്.

കേരളത്തിൽ നിന്ന് 20/20 മാത്രമല്ല മലബാർ ഗോൾഡ് അവരുടെ 750 കോടിയുടെ ആഭരണനിർമ്മാണ യൂണിറ്റും തെലുങ്കാനയിലാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ കശുവണ്ടി ഫാക്ടറികൾ പലതും തമിഴ്നാട്, ആന്ധ്രാ സംസ്ഥാനങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു.

സംസ്ഥാനത്തെ നൂറോളം സഹകരണ സഥാപനങ്ങളിൽ ജനങ്ങൾ നിക്ഷേപിച്ച പണം അവർക്ക് തിരിച്ചു നൽകാൻ കഴിയുന്നില്ല. എവിടെപ്പോയി ഈ പണം ? ആരാണുത്തരം നൽകുക ?

തൊട്ടതിനും പിടിച്ചതിനുമൊക്കെ നികുതി വർദ്ധിപ്പിച്ച് ജനത്തെ വീർപ്പുമുട്ടിക്കുന്നതിനുള്ള ശക്തമായ മറുപടിയാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ കണ്ടത്. ബഹിഷ്കരണ ആഹ്വാനത്തിലൂടെ ജനങ്ങൾ സർക്കാരിനും മന്ത്രിക്കും ശക്തമായ മുന്നറിയിപ്പാണ് നൽകിയത്.

ആരും പൊന്മുട്ടയിടുന്ന താറാവിന്റെ കഥ മറക്കാതിരിക്കുക.

Advertisment