ദേശബന്ധുവേ നിനക്ക് നന്ദി.. ഒരു നാടിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വേരുകളായി ഇതാ ഒരു മഹത്തായ വിദ്യാലയം

New Update

publive-image

Advertisment

‘ഇതാണ് ഞങ്ങളുടെ ദേശബന്ധു സ്കൂൾ. ഞങ്ങളുടെ കഴിവുകൾ വളർത്താൻ ഈ മഹത്തായ വിദ്യാലയം ഞങ്ങളെ ഒരുപാട് സഹായിക്കുന്നു'.തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് വിദ്യാലയത്തിൽനിന്ന‌് നേടിയ നന്മകൾ എവിടെയും പങ്കുവയ‌്ക്കുന്നത്.ജില്ലയിൽ തന്നെ സമാനതകളില്ലാത്ത അക്കാദമിക് മുന്നേറ്റമാണ് ഈ വിദ്യാലയത്തിൽ പ്രകടമാവുന്നത്.

'ദേശബന്ധു'എന്ന പേര് തന്നെ ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണത്തിന്റെ നാമമാണ്. പ്രാദേശിക ചരിത്രം പഠിക്കുമ്പോഴാണ് ആ പേരിന്റെ അർത്ഥവും വ്യാപ്തിയും കൂടുതൽ അറിയുക. 1930-31 കാലഘട്ടം, ദേശീയ തലത്തിൽ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുന്ന കാലം. മഹാത്മാഗാന്ധി,ജവഹർലാൽ നെഹറു, സുഭാഷ്ചന്ദ്രബോസ്, ദേശബന്ധു സി.ആർ. ദാസ് തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ നിസ്സഹകരണ പ്രസ്ഥാനം. സത്യാഗ്രഹങ്ങൾ, നിവർത്തന പ്രക്ഷോഭം, എന്നിങ്ങനെ വൈവിധ്യമാർന്ന സമരമുഖങ്ങൾ.ഇതിന്റെയൊക്കെ അലയടികൾ ഇവിടെയുമുണ്ടായി.

പൊന്നങ്കോട്,തച്ചമ്പാറ, മുതുകുർശി,ചൂരിയോട് മേഖലയിലുള്ളവർക്ക് വിദ്യാഭ്യാസത്തിനായി പാലക്കാട്, ഒറ്റപ്പാലം വരെ പോകേണ്ടിയിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് യശഃശ്ശരീരനായ ഗോവിന്ദനുണ്ണി പണിക്കരുടെ നേതൃത്വത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നത്. ദേശീയ നേതാക്കളോടുള്ള ആദരവ് നിലനിർത്തി സാതന്ത്ര്യ സമരസേനാനി ശ്രി ചിത്തരഞ്ജൻ ദാസിൻ്റ തൂലിക നാമത്തിൽ 'ദേശബന്ധു ഹയർ എലിമെന്ററി സ്കൂൾ'എന്ന് നാമകരണവും ചെയ്തു.

എന്ത് തന്നെയായാലും തച്ചമ്പാറ, കരിമ്പ, കാരാകുർശ്ശി, കാഞ്ഞിരപ്പുഴ തുടങ്ങിയ പ്രദേശത്തുകാർക്ക് അക്ഷരവെളിച്ചം പകരാൻ ഈ വിദ്യാലയം തന്നെയായിരുന്നു ഏക ആശ്രയം. ചുറ്റുപാടുമുള്ളവർക്ക് എത്തിപ്പെടാൻ അനുയോജ്യമായ സ്ഥലം. അങ്ങനെ തച്ചമ്പാറയുടെ ഹൃദയഭാഗത്ത് ഏവരുടേയും കൂട്ടായ്മയിലൂടെ ഒരു സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1956ൽ ഉറൂബ്,ഒളപ്പമണ്ണ തുടങ്ങിയ സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യത്തിൽ ജൂബിലിയുമാഘോഷിച്ചു. 1957 ജൂൺ 3ന് ദേശബന്ധു ഹയർ എലിമെന്ററി സ്കൂൾ 'ദേശബന്ധു ഹൈസ്ക്കൂളായി' അപ്ഗ്രേഡ് ചെയ്തു. 1960ൽ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. യശ്ശ:ശരീരനായ നാരായണമേനോൻ എൽ.പിയിലും രാഘവവാര്യർ എച്ച്.എസിലും പ്രധാനാധ്യാപകരായി. പിന്നീട് വി.ജി. സുകുമാരൻ, പി.സുലോചന, കെ. ബാലകൃഷ്ണൻ, ടി.ഹരിദാസൻ, തോമസ് ജേക്കബ്, എം.എൻ. രാമകൃഷ്ണപ്പിള്ള, സി.നളിനി, വി.പി ജയരാജൻ എന്നിവരുടെ സാരഥ്യത്തിൽ സ്ഥാപനം വളർന്ന് പന്തലിച്ചു.

ഗോപാലകൃഷ്ണൻനായർ, കുഞ്ചുക്കുട്ടി കോൽപ്പാട്, ഭാസ്കരൻ തിരുമുൽപ്പാട് എന്നിവർ മുൻ മാനേജർ മാരായിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളും ശക്തമായ നേത്യത്വവും ഈ വിദ്യാലയത്തെ ജില്ലയിൽ തന്നെ മുൻപന്തിയിലെത്തിച്ചിരിക്കുന്നു. 1984ൽ അന്നത്ത ഗവർണർ പി. രാമചന്ദ്രൻ പങ്കെടുത്തുകൊണ്ട് ആഘോഷിച്ച സിൽവർ ജൂബിലിയും, 2002ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന എം.എൻ. രാമകൃഷ്ണപ്പിള്ള മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതുമൊക്കെ സ്ഥാപനത്തിൻ്റെ നാഴികക്കല്ലുകളാണ്.

2008ൽ കേരളത്തിലെ പ്രഗൽഭനായ വിദ്യാഭ്യാസ പ്രവർത്തകൻ വൽസൻ മഠത്തിൽ ദേശബന്ധുവിൻ്റെ ചുമതലയും ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും, വിദ്യഭ്യാസ മേഖലയിലെ നവ കാഴ്ച്ചപാടുകളും ദേശബന്ധുവിന് കൂടുതൽ ഊർജ്ജം പകർന്നു. യുപി വിഭാഗം ക്ലാസ്സുകൾക്ക് സ്ക്കൂൾ ഗ്രൗണ്ടിൽ 36 ക്ലാസ് മുറികൾ ഉള്ള പുതിയ കെട്ടിടം നിർമ്മിച്ച് അപ്പർ പ്രൈമറി ക്ലാസുകൾ പൂർണ്ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മെച്ചപ്പെട്ട യാത്ര സൗകര്യം, ഭൗതിക സൗകര്യങ്ങൾ എന്നിവ നൽകി കുട്ടികളുടെ വിദ്യഭ്യാസ കാര്യത്തിൽ സഹായകമാകുന്ന ഒട്ടേറെ പദ്ധതികൾ മാനേജ്മെൻ്റ് നടപ്പിലാക്കി.

തച്ചമ്പാറയുടെ കലാമേഖലയിലെ 'കലാ ബന്ധുവും'ആരോഗ്യ മേഖലയിലെ 'ദീനബന്ധുവും' കാലക്രമേണ രൂപമാറ്റവും, നാമ മാറ്റവും സംഭവിച്ചപ്പോഴും വിദ്യഭ്യാസ മേഖലയിലെ 'ദേശബന്ധു'പഴമ നിലനിർത്തി നൂതന ഹൈടെക്ക് രീതികൾ സ്വീകരിച്ച് മുന്നോട്ടുള്ള കുതിപ്പിലാണ്.

2009 ൽ അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി ഉദ്ഘാടനം ചെയ്ത സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ദേശബന്ധു എക്സ്പ്പോ 2009' ഈ മഹത്തായ വിദ്യാലയത്തിന്റെ ചരിത്രത്തിലെ അഭിമാന നേട്ടമാണ്. കുട്ടികളും, രക്ഷിതാക്കളും, നാട്ടുകാരും ഉൾപ്പെടെ ഏതാണ്ട് 25000 ആളുകൾ 3 ദിവസമായി നടന്ന എക്സിബിഷൻ സന്ദർശിക്കുകയുണ്ടായി.

2010 ൽ ദേശബന്ധു ഹൈസ്ക്കൂൾ ദേശബന്ധു ഹയർ സെക്കൻ്റെറി സ്ക്കൂൾ ആയി ഉയർത്തപെട്ടു. മണ്ണാർക്കാട് ഉപജില്ല കലോൽസവം പാലക്കാട് റവന്യൂ ജില്ല കലോൽസവം, ജില്ല, ഉപജില്ല പ്രവൃത്തി പരിചയ, ശാസ്ത്ര, ഐ.ടി മേളകൾ തുടങ്ങിയവ ദേശബന്ധു ഏറ്റെടുക്കുകയും സംഘാടന മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

82 ഡിവിഷനുകളിലായി ഏതാണ്ട് 3500 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം ഇന്ന് വിദ്യഭ്യാസ നഭോമണ്ഡലത്തിൽ സൂര്യതേജസ്സായി പ്രവർത്തിക്കുന്നു. മുണ്ടൂർ,കരിമ്പ,കാരാകുറുശ്ശി, കരിമ്പുഴ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. കാലഘട്ടത്തിന് അനുസൃതമായ കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും, സ്മാർട്ട് ക്ലാസുകളും, ഇംഗ്ലീഷ് മീഡിയം ക്ലാസുകളും, യാത്രാസൗകര്യത്തിനായി ബസ്സുകളുമൊക്കെയുള്ളത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്.

പഠന കാര്യത്തിൽ കുട്ടികൾക്ക് പ്രോൽസാഹനം നൽകുന്നതിന് വേണ്ടി പല ബഹുമുഖ പദ്ധതികളും വിദ്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. മികവ് പുലർത്തുന്ന കുട്ടികളെ ഉൾപ്പെടുത്തി സ്റ്റാർ ക്ലബ്, സസൂർണ്ണ എ പ്ലസ് ജേതാക്കൾക്ക് സ്വർണ്ണ മെഡൽ, പരിശീലന ക്ലാസുകൾ തുടങ്ങിയവ ചിലത് മാത്രം.

സമ്പൂർണ്ണ എ പ്ലസ് നേട്ടത്തിൻ്റെ കാര്യത്തിലും, വിജയശതമാനത്തിൻ്റെ കാര്യത്തിലും സംസ്ഥാന തലത്തിൽ തന്നെ മികച്ച സ്ക്കൂളായി മാറാൻ ദേശബന്ധുവിന് സാധിച്ചു. യു എസ് എസ് സ്കോളർഷിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം ദേശബന്ധുവിനാണ്. എൻ.എം.എം.എസ് സ്കോളർഷിപ്പ്, സംസ്കൃതം, ഉറുദു, അറബി, സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികൾ ഉന്നത വിജയം കൈവരിക്കുന്നു. അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ,രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമഫലത്തിന് കിട്ടുന്ന അംഗീകാരമാണിത്.

കലാരംഗത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്ന് 'ദേശബന്ധു കലാക്ഷേത്രം " ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒന്നാം വാർഷിക ആഘോഷത്തിൽ നടിയും നർത്തകയുമായ ലക്ഷ്മി ഗോപാലസ്വാമി പങ്കെടുത്തിരുന്നു. ദേശബന്ധുവിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുകയും ധാരാളം കുട്ടികൾ എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

കായിക മേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി 'ദേശബന്ധു സ്പോർട്സ് അക്കാദമി' പ്രവർത്തിച്ചു വരുന്നു. ധാരാളം കുട്ടികൾക്ക് സംസ്ഥാന കായിക മേളകളിൽ പങ്കെടുത്ത് മെഡലുകൾ ലഭിക്കാറുണ്ട്. ഡ്രോപ്പ് റോബോൾ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗങ്ങളാകാൻ ദേശബന്ധുവിലെ 5 കുട്ടികൾക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ദേശബന്ധുവിന് ലഭിച്ച ദേശീയ അംഗീകാരമാണിത് .

സ്ക്കൂളിൻ്റെ ആവശ്യത്തിനുള്ള ഊർജ്ജം സ്വയം പര്യപ്തതയിലൂടെ കണ്ടെത്താൻ സോളാർ പ്ലാൻ്റ് അധ്യാപക രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞത് മാതൃകാപരമായ മറ്റൊരു പ്രവർത്തനമായിരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ താൽപര്യത്തിൽ വരും തലമുറകൾക്ക് സ്ക്കൂളിൻ്റെ നാമധേയവും ദേശീയ സ്വാതന്ത്ര്യ സമര ചരിത്രവും തമ്മിലുള്ള ബന്ധം പകർന്ന് നൽകാൻ കഴിയുന്ന വിധത്തിൽ ഗാന്ധിജിയുടെയും സി.ആർ ദാസിൻ്റെയും പ്രതിമകൾ വിദ്യഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി അനാച്ഛാദനം ചെയ്തത് ദേശബന്ധുവിൻ്റെ ചരിത്ര നേട്ടമാണ്.

മാനേജർ വൽസൻ മഠത്തിൽ മുൻകൈയെടുത്ത് മുഴുവൻ കുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള മനോഹരമായ ഒരു ഊട്ടുപുര നിർമ്മിച്ചതും, അതിലേക്ക് ആവശ്യമായ ഫർണ്ണിച്ചർ എം.എൽ.എ കെ.വി. വിജയദാസ് അനുവദിച്ചതും ദേശബന്ധുവിൻ്റെ സുവർണ്ണ നേട്ടമാണ്.

ദേശബന്ധുവിൻ്റെ പ്രയാണത്തിൽ നടന്ന വിവിധ പരിപാടികളിൽ വിത്യസ്ത മേഖലകളിലെ നിരവധി പ്രഗൽഭർ പങ്കെടുക്കുകയുണ്ടായി. ദേശബന്ധു സ്ക്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലായ്പ്പോഴും സാമൂഹ്യ ഇടപെടലുകൾ നടത്താറുണ്ട്. ചികിൽസ സഹായ വിതരണം, പ്രളയകാലത്ത് ഒരിതമനുഭവിച്ചവർക്കുള്ള കൈത്താങ്ങ്, കോവിഡ് കാലത്ത് ആരോഗ്യ സർവ്വേ, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് ഏതാണ്ട് 150 സ്മാർട്ട് ഫോൺ വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ പഞ്ചായത്തുകൾക്കായി രണ്ട് ലക്ഷം രൂപ ധനസഹായം ചെയ്തതും ഏതാനും ചില കാര്യങ്ങൾ മാത്രം .

എൻ.എസ്സ്.എസ്സ്, എൻ.സി.സി , സൗകട്ട്,ഗൈഡസ്, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, കൂടാതെ മറ്റനേകം ക്ലബ്ബുകളും സാമൂഹ്യ പ്രതിബദ്ധതയോടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ശക്തമായ മാനേജ്മെൻ്റ് കർമ്മോത്സുകരായ അധ്യാപകർ, സജീവമായ പി.ടി.എ, അച്ചടക്കമുള്ള കുട്ടികൾ ഇതെല്ലാം ഈ സ്ഥാപനത്തിന് ഇനിയും ഉയരാനുള്ള അനുകൂല സാഹചര്യങ്ങളാണ്.

63 ബാച്ചുകളിലായി ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ദേശബന്ധുവിന് എന്നും കരുത്തും ശക്തിയും പകരുന്നു. ഇവരിൽ പലരും ഇന്ന് സമൂഹത്തിൽ ഉന്നത പദവികൾ അലങ്കരിക്കുന്നു എന്നത് ദേശബന്ധുവിന് അലങ്കാരവും അഭിമാനവും ആണ്. ദേശബന്ധുവിൻ്റെ പൊൻതൂവലായി 18 ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി നടക്കും.

ഈ മഹത്തായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓരോ നേട്ടങ്ങൾക്കു പിന്നിലും മാനേജർ വൽസൻ മഠത്തിൽ, പ്രിൻസിപ്പൽ സ്മിത.പി. അയ്യങ്കുളം, ഹെഡ്മാസ്റ്റർ ബെന്നി കെ ജോസ് തുടങ്ങിയവരുടെ ഏകോപനത്തിന്റെയും ആത്മാർത്ഥതയുടെയും പങ്കുണ്ട്. അത് കാണാനുമാകും, അഭിമാനം തോന്നുന്നു.

Advertisment