പാക്കിസ്ഥാൻ സാമ്പത്തികമേഖല ആകെ താറുമാറാണ്. ജനങ്ങളുടെ കയ്യിൽ പണമില്ല. സാധനങ്ങൾക്ക് തീവിലയും. പാക്കിസ്ഥാന് സൗദി സർക്കാർ അനുവദിച്ച 179,210 ഹജ്ജ് ക്വോട്ടയിൽ ആളില്ലാത്തതുമൂലം 8000 അവർ മടക്കിനൽകിയിരിക്കുന്നു. ഇതാദ്യമായാണ് പാക്കിസ്ഥാന് ഈയവസ്ഥ വന്നുചേർന്നത്.
പാകിസ്ഥാന്റെ വിദേശ നിക്ഷേപം വളരെയധികം കുറഞ്ഞിരിക്കുന്നു. 283 പാക്കിസ്ഥാൻ രൂപ നൽകിയെങ്കിൽ മാത്രമേ ഒരു ഡോളർ ലഭിക്കുകയുള്ളു. ഹജ്ജിനുപോകാൻ പാക്ക് രൂപ ഡോളറാക്കി മാറ്റേണ്ടതുണ്ട്.
ഇക്കൊല്ലം 26 ജൂൺ മുതൽ ജൂലൈ ഒന്നുവരെയാണ് ഹജ്ജ് തീർത്ഥാടനം നടക്കുക. കോവിഡ് കാലത്തിനു മുന്പ് 2019 ൽ ലോകമെമ്പാടുനിന്നും 26 ലക്ഷം ആളുകളാണ് ഹജ്ജിനെത്തിയിരുന്നത്, കോവിഡ് കാലത്ത് ഈ സംഖ്യ ഗണ്യമായി കുറയുകയുണ്ടായി. ഇപ്പോൾ വീണ്ടും കാര്യങ്ങൾ പഴയ നിലയിലായിട്ടുണ്ട്.
കോവിഡ് കാലത്ത് ഹാജികൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ കൂടുതലായി വിപുലപ്പെടുത്താൻ സൗദി സർക്കാരിന് കഴിഞ്ഞു. അതുകൊണ്ട് ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനം വളരെ വിപുലവും മഹത്തരവു മാകുമെന്നാണ് അനുമാനം.
സൗദി അറേബ്യയിലെ ജിദ്ദ,മദീന, റിയാദ്,ദമ്മാം,തായിഫ്,യാമ്പൂ എന്നീ 6 വിമാനത്താവളങ്ങൾ വഴിയാണ് ഹാജികളെ വരവേൽക്കുക.സൗദി അറേബ്യായുടെ ദേശീയ എയർലൈൻസ് 'സൗദിയ' ലോക മെമ്പാടുനി ന്നുമുള്ള ഹാജിമാരെ ഹജ്ജ് കർമ്മത്തിനെത്തിക്കാനുള്ള തയ്യറെടുപ്പുകൾ നടത്തിവരുകയാണ്.
ലോകമെമ്പാടുമുള്ള ഇസ്‌ലാം മതസ്ഥരിൽ 2 % ആണ് സൗദിയിലുള്ളത്. സൗദി അറേബ്യക്ക് ഓരോ വർഷവും ഹജ്ജ്കാലത്ത് 30 ബില്യൺ ഡോളറിന്റെ വരുമാനമാണ് ലഭിക്കുന്നത്. 2022 ൽ മാത്രം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവർക്കു സാധിച്ചു.
ഹജ്ജ് ക്വാട്ട ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്തോനേഷ്യക്കാണ് 2,21,000.രണ്ടാമത് പാക്കിസ്ഥാൻ 179,210. മൂന്നാമത് ഇന്ത്യയാണ്. ഇന്ത്യക്ക് ഇക്കൊല്ലം 175,025 ഹജ്ജ് ക്വോട്ടയാണ് അനുവദിക്കപ്പെട്ടത്.