ഗ്രാമ വിശുദ്ധിയുടെ സൗരഭ്യം ചൊരിഞ്ഞ് ഭാസ്കരൻ കഥകൾ 'ചിന്നന്റെ അരിവാൾ '

author-image
സമദ് കല്ലടിക്കോട്
Updated On
New Update
publive-image
Advertisment
രങ്ങിലെ സ്വപ്നങ്ങൾ(നാടകങ്ങൾ),ഇന്ന് ഇന്നലെ നാളെ  (കഥാസമാഹാരം) എന്നിവ എഴുതി ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും ജനകീയതയിലേക്ക് ഉയർന്ന ശക്തനായ എഴുത്തുകാരനാണ് ഭാസ്കരൻ കരിങ്കപ്പാറ.പാട്ടുപെട്ടി എന്ന എന്ന സിനിമയ്ക്കും  അടുക്കള എന്ന ഹ്രസ്വചിത്രത്തിനും രചന നിർവഹിച്ച ഭാസ്കരന്റെ തൂലിക  വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്.കലാസാംസ്കാരിക സംഘടനകളിൽ ഭാരവാഹിത്വമുള്ള ഭാസ്കരൻ ഏറെ പ്രതീക്ഷയുള്ള സാംസ്കാരിക പ്രവർത്തകനാണ്.ചിത്രരശ്മി ബുക്സ് പ്രസിദ്ധീകരിച്ച 'ചിന്നന്റെ അരിവാൾ' എന്ന കഥാസമാഹാരം
പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന മികച്ച കഥകളാണ്.ഭാസ്കരന്റെ മൂന്നാമത്തെ കൃതിയാണിത്.
publive-image
കലിപൂണ്ട കർക്കടക മാസവും, പഴമയും പുതുമയും മാറ്റുരയ്ക്കുന്ന കാലത്തിന്റെ തെളിമയും മുൻപു പറഞ്ഞ ധാരാളം കഥകൾക്കൊപ്പം ഭാസ്കരൻ ഈ സമാഹാരത്തിൽ ചേർത്തുവച്ചിരിക്കുന്നു.
എന്നെ ഞാനാക്കിയ എന്റെ കരിങ്കപ്പാറ ഗ്രാമത്തിന് എന്നാണ് എഴുത്തിന്റെ മേഖലയിലെ നന്ദി സൂചക വാചകം.പേടിയോടെ നോക്കിക്കണ്ട ഇന്നലെകൾ നമുക്ക് മറക്കാനാവില്ല എന്ന യാഥാർഥ്യം വ്യക്തമാക്കിയാണ് രചനയുടെ തുടക്കം.മഹാമാരി തന്ന പാഠം പോലെ കാലങ്ങൾ, മാറ്റിമറിച്ച ചില സന്ദർഭങ്ങൾ, നടന്നുവന്ന നാട്ടിടവഴികളിലെ അനുഭവസാക്ഷ്യങ്ങൾ ഇതെല്ലാം സൂക്ഷ്മ നിരീക്ഷണത്തോടെ ചേരുമ്പോഴാണ് ഇതിലെ കഥകൾ വെളിച്ചം കാണുന്നത്.
മൂല്യങ്ങളുടെ നിരാസം,വയറിന്റെ നിശ്വാസങ്ങൾ,ആധിയും വ്യാധിയും പടർന്ന നാളുകൾ,പഴമയും പുതുമയും മാറ്റുരയ്ക്കുന്ന കാലം, തൊട്ടാൽ വാടിപ്പോകുന്ന തൊട്ടാവാടി ഓർമ്മകൾ, കാലത്തിനു നേരെ പിടിച്ച കണ്ണാടികൾ, ആത്മാവിഷ്കാരത്തിന്റെ ഭാഷ,സാമൂഹ്യ സാഹിത്യ വ്യവഹാരം ഇതെല്ലാം ഉൾച്ചേർന്നതാണ് ഭാസ്കരന്റെ രചനകൾ. പുസ്തകത്തിലെ എല്ലാ കഥകളും അവലോകനം ചെയ്യുക എന്നത് ശ്രമകരമാണ്. 'ജീവിതം പറഞ്ഞ രാവുകളിലെ' ജാനു ഒരുപക്ഷേ വായനക്കാരന്റെ ഹൃദയത്തിൽ ഒരു തേങ്ങൽ ഉണ്ടാക്കിയിട്ടേ കടന്നു പോകൂ.ചിന്നന്റെ അരിവാൾ എന്ന കഥയിലെ ചിന്നൻ വിപ്ലവകേരളത്തിലെ കഴിഞ്ഞ കാര്യങ്ങൾ പുതിയ തലമുറയ്ക്ക് ഓർമ്മപ്പെടുത്തുന്ന കഥാപാത്രമാണ്. തൂലികത്തുമ്പിൽ വിപ്ലവം സൃഷ്ടിച്ച സാഹിത്യകാരന്മാരുടെ ഇടയിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ ഭാസ്കരന് സാധിക്കുമെന്ന സാക്ഷ്യപ്പെടുത്തൽ രാംലാൽ കെ.ജി.യുടെ അവതാരികയിൽ ഉണ്ട്.
 ഒരു രചന പൂർത്തിയാക്കാൻ ചിലപ്പോൾ അധികനേരം ഒന്നും വേണ്ടി വരില്ല.വേഗത്തിൽ  തീര്‍ത്ത കഥകളുമുണ്ട്.എത്ര സമയമെടുത്തെഴുതിയാലും തൃപ്തിയായ കഥ മാത്രമേ  മുഴുമിക്കാറുള്ളൂ. ചുറ്റുമുള്ള ജീവിതങ്ങളുടെ പകർന്നാട്ടം ആയതുകൊണ്ട് അവ വായനക്ഷമവും ആണ്. സാധാരണക്കാർക്കിടയിലെ ഗ്രാമ്യ ജീവിതം ഒരു നല്ല മണ്ണാണ്.അവിടം ഏതു കഥാവിത്തും  വളര്‍ന്നു വരും.നമ്മള്‍ അറിയാതെത്തന്നെ കഥാപാത്രങ്ങള്‍ ഉരുത്തിരിയുന്നു. സംഭവങ്ങള്‍ വികസിച്ചുവരുന്നു. സംഭാഷണങ്ങള്‍കൂടി മനസ്സിൽ ഉടലെടുക്കുന്നു.ആ കഥാപാത്രങ്ങളുടെ ഗതിവിഗതിയില്‍ സന്തോഷിക്കാം.സങ്കടപ്പെടാം.അങ്ങനെയും രചനകൾ രൂപപ്പെടാം. എഴുത്ത് സന്തോഷമുള്ള അനുഭവമാണ്. ഭാസ്കരൻ കരിങ്കപ്പാറ എന്ന എഴുത്തുകാരൻ  ആഗ്രഹിക്കുന്നതും സന്തോഷമാണ്.
തിരൂർ താലൂക്കിൽ ഒഴൂർ പഞ്ചായത്തിൽ കരിങ്കപ്പാറ ഗ്രാമത്തിൽ കൊല്ലരുപറമ്പിൽ വീട്ടിൽ താമസം. ഭാര്യ:ഗിരിജ.പി. മക്കൾ:ഷിജിത്ത് കെ പി, ഷിജിത കെ പി.
Advertisment