അവധിക്കു നാട്ടിൽ വരുമ്പോൾ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയക്കാരും മത പുരോഹിതരുമൊക്കെ അടുത്തുകൂടി നടത്തുന്ന സ്നേഹപ്രകടനങ്ങളിൽ പലരും വീണുപോകുക പതിവാണ്; കൈനിറയെ സമ്മാനങ്ങളും സംഭാവനകളും ലഭിക്കുന്നതോടെ അവരുടെ ലക്ഷ്യം അവിടെയവസാനിക്കുന്നു; പാവം പ്രവാസി, അവൻ്റെ വിയർപ്പാണ് ഈ നാടിൻറെ ഉയിർപ്പ്...

New Update

publive-image

Advertisment

പ്രവാസി മലയാളികളിൽ ഭൂരിഭാഗവും ശുദ്ധാത്മാക്കളാണ്. നാട്ടിൽ നിന്നും നല്ല ജീവിതവും മക്കൾക്ക് നല്ല വിദ്യാഭ്യാസവും സ്വപ്നം കണ്ടാണ് ഇവരെല്ലാം നാടുവിട്ടത്. കൂടുതൽ സമ്പാദിക്കാൻ വേണ്ടി കൂടുതൽ ജോലി ചെയ്യുക എന്ന ലക്ഷ്യമാണ് ഒട്ടുമിക്കവർക്കും. ജോലി, കുടുംബം, കുഞ്ഞുങ്ങൾ, ജന്മനാട് ഇവ മാത്രം ലക്ഷ്യമിട്ടുള്ള പ്രവാസിയുടെ ജീവിതത്തിൽ പ്രവാസലോകത്തെ നന്മകളും മാനുഷികവശങ്ങളും മാത്രമാണ് അവർ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സഹജീവികളോട് ഏറ്റവും കൂടുതൽ സ്നേഹവും കരുണയും ആർദ്രതയും ഉള്ളവർ പ്രവാസി മലയാളികൾ മാത്രമാണെന്ന് ഞാൻ പറയും.

വാരാന്ത്യത്തിൽ ലഭിക്കുന്ന അവധിമാത്രമാണ് ഇക്കൂട്ടരുടെ വിനോദത്തിനും വിശ്രമത്തിനുമുള്ള ഉപാധികൾ. വല്ലപ്പോഴും നാട്ടിൽനിന്നെത്തുന്ന കലാകാരന്മാരും അവരുടെ പ്രോഗ്രാമുകളും പ്രവാസിക്ക് വലിയ ആഘോഷമാണ്. ഓണം, ക്രിസ്തുമസ്സ്, റംസാൻ ഇവയൊക്കെ ശരിയായ അർത്ഥത്തിലും ചിട്ടയോടെയും ആർഭാടമായും ആഘോഷിക്കുന്നത് മലയാളികളായ പ്രവാസികളാണ്.

രാഷ്ട്രീയക്കാരുടെയും മതപുരോഹിതന്മാരുടെയും ചൂഷണത്തിന് ഏറ്റവും കൂടുതൽ വശംവദരാകുന്നതും ഇക്കൂട്ടരാണ്. നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും മാറുന്ന അന്തരീക്ഷവുമൊക്കെ പല പ്രവാസികൾക്കും അജ്ഞാതവുമാണ്.

അവധിക്കു നാട്ടിൽ വരുമ്പോൾ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയക്കാരും മതപുരോഹിതരുമൊക്കെ അടുത്തുകൂടി നടത്തുന്ന സ്നേഹപ്രകടനങ്ങളിൽ പലരും വീണുപോകുക പതിവാണ്. കൈനിറയെ സമ്മാനങ്ങളും സംഭാവനകളും ലഭിക്കുന്നതോടെ അവരുടെ ലക്ഷ്യം അവിടെയവസാനിക്കുന്നു. പാവം പ്രവാസി. അവൻ്റെ വിയർപ്പാണ് ഈ നാടിൻറെ ഉയിർപ്പ്. അവനെ പിഴിയാനുള്ള മത്സരത്തിൽ പലരും അത് മറക്കുന്നു. ബന്ധുക്കൾ പോലും.

കേരളത്തെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും എത്രയും വേഗം കുടുംബമായി നാട്ടിൽവന്നു സെറ്റിൽ ആകണമെന്ന് ആത്മാർത്ഥമായി കരുതുന്നവരുമാണ് ഒട്ടുമിക്ക പ്രവാസികളും. എനിക്കറിയാം. 30 വർഷ പ്രവാസജീവിതം എന്നെ വീർപ്പുമുട്ടിച്ചിരുന്നതും അതുതന്നെയായിരുന്നു.

അങ്ങനെ നാട്ടിൽവന്ന് തരക്കേടില്ലാത്ത നിലയിൽ ഒരു വീട് വച്ച് താമസമാക്കിയശേഷം ഇവിടെ ജീവിക്കാൻ വയ്യാതെ വീണ്ടും നാടുവിട്ടുപോയ പലരെയും എനിക്കറിയാം. 20 -25 വർഷത്തെ പ്രവാസജീവിതം മതിയാക്കി വന്നവർ കോടികൾ സമ്പാദിച്ചാണ് വന്നിരിക്കുന്നതെന്ന ധാരണയാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും രാഷ്ട്രീയ - മത നേതാക്കൾക്കുമുള്ളത്.

പ്രവാസിക്ക് നാട്ടിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയുന്നതിലും നല്ലത് ജീവിക്കാൻ അവരെ അനുവദിക്കില്ല എന്നതാണ്. ഞാനും സമാനമായ അവസ്ഥ നേരിട്ട് പലതരത്തിലുള്ള ഉപദ്രവത്താൽ വാങ്ങിയ വീട് വിറ്റുപോകാൻ ഒരവസരത്തിൽ ആലോചിച്ച വ്യക്തിയാണ്. രാഷ്ട്രീയക്കാരായിരുന്നു എന്നെ നിരന്തരം ഉപദ്രവിച്ചതിനു പിന്നിൽ. ഇത്തരം കരുനീക്കങ്ങൾക്കുപിന്നിൽ ഒട്ടുമിക്ക പാർട്ടികളും ഒറ്റക്കെട്ടാണ്. ഇക്കാര്യത്തിൽ അവരിലെ അന്തർധാര നമുക്ക് പ്രകടമായി ബോദ്ധ്യമാക്കാൻ കഴിയും.

മടങ്ങിവരുന്ന പ്രവാസികൾ പലരും ഫ്ളാറ്റുകളിലേക്കും വില്ലകളിലേക്കും ചേക്കേറാൻ കാരണവും ഇതുതന്നെയാണ്. റെസിഡന്റ് അസോസിയേഷൻ ശക്തമാണെങ്കിൽ രാഷ്ട്രീയ മതനേതാക്കളെക്കൊണ്ടുള്ള ഉപദ്രവം ഒരളവുവരെ കുറയും.

പ്രവാസികൾ പലരും ഉത്തരേന്ത്യയിലും വിദേശരാജ്യങ്ങളിലും ചേക്കേറാനും അവിടെ സ്‌ഥിരതാമ സമാക്കാനും കാരണം ഇതുപോലുള്ള പ്രത്യേക അവസ്ഥതന്നെയാണ്. ജന്മനാട്ടിൽ ജീവിക്കാൻ ആരാണാഗ്രഹിക്കാത്തത് ?

നോക്കുകൂലിയിലൂടെ ആഡംബര ഭവനങ്ങളും മിനികൂപ്പർ, ഇന്നോവക്രിസ്റ്റ ഒക്കെയായി ഒരു ജോലിയും ചെയ്യാതെ ജീവിതം ആർഭാടപൂർവ്വം ആഘോഷിക്കുന്നവരൊക്കെ പ്രവാസികളുടെ വരവും നോക്കിയാണിരിക്കുന്നത്. ഏതുതരത്തിൽ അവനെ പിഴിഞ്ഞെടുക്കാം ? അത് സ്നേഹത്തോടെയാണെങ്കിൽ അങ്ങനെ, ഭീഷണിയിലൂടെയെങ്കിൽ അങ്ങനെ ? വീടുവയ്ക്കാൻ മണ്ണെടുക്കുമ്പോൾ മുതൽ ഇവർ സജീവമാകും. പാലു കാച്ചൽ വരെ കാര്യങ്ങൾ നേരാംവണ്ണം പോയാൽ അത് നിങ്ങളുടെ ഭാഗ്യം. വെറും നക്കാപ്പിച്ചക്കുവേണ്ടി എന്തിനും തയ്യറായി കുറെ അടിമകളും..

30 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ വന്ന ഞാൻ ഏതാണ്ട് 4 വർഷക്കാലം അനുഭവിച്ചതാണ് മുകളിൽവിവരിച്ച തിൽ പലതും.

പ്രവാസികളിൽ ഒരു ചെറിയ ശതമാനം പ്രാഞ്ചിയേട്ടന്മാരുണ്ട്. അവരാണ് രാഷ്ട്രീയ മേലാളന്മാരുടെ വിദേശത്തെ മൂടുതാങ്ങികൾ. ഈ പ്രാഞ്ചിയേട്ടന്മാരിൽ പലരും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും ഉദ്യോഗസ്ഥ പിന്തുണയോടെയുമൊക്കെ വിദേശത്ത് ഉയർന്ന ജോലി നേടിയവരാണ്.വിദേശരാജ്യത്ത് പൗരത്വം നേടിയ അവരിൽ ചിലരാണ് ഇവിടുത്തെ കുഴപ്പങ്ങൾക്ക് ഒരു പരിധിവരെ കാരണക്കാർ.

നേതാക്കൾ വിദേശത്തെത്തുമ്പോൾ അവർക്കു താമസസൗകര്യവും വാഹനവും ഷോപ്പിംഗിനു ക്രെഡിറ്റ് കാർഡും നൽകി അവരെ കേമമായി സൽക്കരിച്ചു പറഞ്ഞുവിടുമ്പോൾ നാട്ടിൽ അവരിലൂടെ പല നേട്ടങ്ങളും ഇവരും കുടുംബവും ഒപ്പിച്ചെടു ക്കുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നുയർന്നുവന്നവർക്കു വരെ ഇക്കൂട്ടർ വിമാനത്തിൽ ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റാണ് സൗജന്യമായി സമ്മാനിക്കുന്നത്.

ഇവർ സമൂഹമദ്ധ്യമങ്ങളിലൂടെ വ്യാപകമായ രാഷ്ട്രീയ പ്രചാരണവും എതിരാളികളെ അധിക്ഷേപിക്കുകയും ചെയ്യുക പതിവാണ്. വിദേശപൗരനായതിനാൽ നമുക്ക് മറ്റൊന്നിനും കഴിയില്ല.

വളരെ അന്തസ്സായി ജോലിചെയ്തു തികച്ചും സമാധാനത്തോടെ ജീവിക്കുന്ന പ്രവാസിമലയാളികൾക്കിടയിലെ ഒരു ചെറുവിഭാഗമാണ്‌ ഇത്തരം പ്രാഞ്ചിയേട്ടന്മാരായ പുഴുക്കുത്തുകൾ. ഇവരാണ് വിദേശത്തും നാട്ടിലും പ്രവാസി സമൂഹത്തിന് അപമാനം വരുത്തിവയ്ക്കുന്നവർ.

പ്രവാസിയുടെ മനസ്സറിയാനും അവൻ്റെ വിങ്ങലുകൾ ഉൾ ക്കൊള്ളാനും അവൻ്റെ വിയർപ്പിനു വിലകല്പിക്കാനും നമ്മുടെ ഭരണകൂടങ്ങൾക്ക് കഴിയാത്തിടത്തോളം കാലം ഇവിടെ അർഹമായ പുരോഗതി കൈവരില്ല എന്നതാണ് വാസ്തവം..

Advertisment