ജനങ്ങള്‍ തിരസ്കരിച്ച പല പ്രാദേശിക പാർട്ടികളും ഇപ്പോൾ കർണ്ണാടകയിലെ ജയത്തോടെ കോൺഗ്രസിന് പിന്നിൽ അണിനിരക്കുകയാണ്. നിലനിൽപ്പ് തന്നെയാണ് വിഷയം. ഇവരിലെ അധികാരമോഹികളെയും അഴിമതിക്കാരെയും തിരിച്ചറിയാനും അവരെ ഒഴിവാക്കുവാനും ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അനൈക്യത്തിന്‍റെ ഐക്യനിരയോ ?

New Update

publive-image

Advertisment

ഇന്ത്യയിൽ കോൺഗ്രസ്സ് അവരുടെ പതനം സ്വയം വരുത്തിവച്ചതാണ്. അധികാരമോഹികളും അഴിമതിക്കാരും ആ പാർട്ടിയെ ഗർത്തത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നതാണ് വാസ്തവം. ഇന്നത്തെ നേതൃത്വം അതുൾക്കൊള്ളാൻ തയ്യാറുമല്ല എന്നതും വളരെ വിചിത്രമായ സംഗതിയാണ്.

സോണിയ ഗാന്ധി, കോൺഗ്രസ്സ് നേതൃത്വം ഏറ്റെടുത്തതോടെ ചില ഉപജാപകസംഘങ്ങൾക്ക് അവർ വിധേയയായി എന്ന് കരുതേണ്ടിയിരിക്കുന്നു. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട, അഴിമതിക്കാരായ ചെറുമുന്നണികളുടെ വലിയ കുംഭകോണങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ട ഗതികേടിലായിപ്പോയി അവർ. ഫലമോ ജനപിന്തുണ നഷ്ടമായി ഒരു പ്രാദേശിക കക്ഷിയുടെ നിലയിലേക്ക് വരെ അവർ പിന്തള്ളപ്പെട്ട ദയനീയ കാഴ്ചയും നമ്മൾ കണ്ടു. പിന്നീട് കോൺഗ്രസിനൊപ്പം നിലകൊണ്ടിരുന്ന പല പ്രാദേശികപാർട്ടികളെയും ജനങ്ങൾ തിരസ്ക്കരിച്ചതിനും കാലം സാക്ഷിയായി.


ഇപ്പോൾ കർണ്ണാടകയിലെ ജയത്തോടെ ഇവരെല്ലാം കോൺഗ്രസിന് പിന്നിൽ അണിനിരക്കുകയാണ്. നിലനിൽപ്പ് തന്നെയാണ് വിഷയം. ഇവരിലെ അധികാരമോഹികളെയും അഴിമതിക്കാരെയും തിരിച്ചറിയാനും അവരെ ഒഴിവാക്കുവാനും ഇപ്പോഴും കോൺഗ്രസിന് കഴിയുന്നില്ല.


സോണിയാഗാന്ധിയെ വിദേശവനിത എന്ന മുദ്രണം ചാർത്തിയാണ് ശരത് പവാർ, താരിഖ് അൻവർ, സാങ്മ എന്നിവർ കോൺഗ്രസ് വിട്ടു പുറത്തുവന്ന് എന്‍സിപി എന്ന കക്ഷി രൂപീകരിക്കുന്നത്. വിധിവൈപീര്യം നോക്കുക, ഇപ്പോൾ മകളെ നേതൃനിരയിൽ കൊണ്ടുവരാൻ അദ്ദേഹം നടത്തിയ ശ്രമമാണ് എ‍ന്‍സിപിയെ ശിഥിലമാക്കിയത്.

കോൺഗ്രസിൽ കുടുംബവാഴ്ചയാണ് എന്നധിക്ഷേപിച്ചുപോന്ന ജയപ്രകാശ് നാരായണന്റെ ശിഷ്യനായ ലാലു പ്രസാദ് യാദവ്, പിന്നീട് കോൺഗ്രസ് ചേരിയിലെത്തി ധാരളം പണവും പ്രശസ്തിയും നേടി അധികാരം ഭാര്യക്കും മക്കൾക്കും കൈമാറി കുടുംബ വാഴ്ചയുടെ പ്രതീകമായി മാറി.

റാം മനോഹർ ലോഹ്യയുടെ അനുചരനായി ജോർജ് ഫെര്‍ണാണ്ടസിനൊപ്പം സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുകയും പിന്നീട് ലോകദളിൽ ചേരുകയും അതുപിളർത്തി ക്രാന്തികാരി മോർച്ച സ്ഥാപിക്കുകയും അതിനുശേഷം ജനതാദളിൽ ചേരുകയും ഒടുവിൽ സ്വന്തമായി സമാജ്‌വാദി പാർട്ടി രൂപീകരിക്കുകയും ചെയ്ത മുലായം സിംഗിന്റെ പുത്രനാണ് ഇപ്പോൾ ആ പാർട്ടിയുടെ ഒരേയൊരു അനിഷേധ്യനേതാവ്.

1975 ൽ അടിയന്തരാവസ്ഥക്കാലത്ത് മുലായം സിംഗ് 19 മാസക്കാലം ജയിൽവാസം അനുഭവിക്കുകയുണ്ടായി. അന്നൊക്കെ ഇന്ദിരാ ഗാന്ധിയുടെ കുടുംബവാഴ്ചയെ നഖശിഖാന്തം എതിർത്തിരുന്ന വരാണ് മുലായം സിംഗും ജോർജ് ഫെർണാണ്ടസും.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരേ ശക്തമായ നിലപാടെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മന്ത്രിസഭയെത്തന്നെ പുറത്താക്കിക്കൊണ്ടാണ് അന്ന് ഇന്ദിരാഗാന്ധി ആഞ്ഞടിച്ചത്. പിന്നീട് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ശ്രീലങ്കൻ എല്‍ടിടടിഇ വിഷയത്തിൽ കോണ്ഗ്രസ്സിന്റെ വിമർശകനായിരുന്നു കരുണാനിധി. 2004 വരെ ബിജെപി യുടെ സഖ്യകക്ഷിയായിരുന്നു ഡിഎംകെ.

ഒരിക്കൽ ബിജെപി സഹയാത്രികയായിരുന്ന ബംഗാളിലെ മമതാ ബാനർജി, പിന്നീട് ബിജെപി, ബംഗാളിൽ ശക്തിപ്രാപിക്കാൻ തുടങ്ങിയതോടെ സ്വതന്ത്ര നിലപാടിലേക്ക് മാറി. എല്‍ഡിഎഫ് - കോൺ ഗ്രസ് ഐക്യത്തെ എതിർക്കുകയും ചെയ്യുന്നുണ്ട്. ബിജെപിയെ ബംഗാളിൽ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് അവരുടെ ശക്തി ബംഗാളിൽ വർദ്ധിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളു എന്ന അപകടവും അവർ തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷ ഐക്യനിരയിൽ അവർ ഒത്തുപോകില്ല എന്ന് തീർത്തുപറയാം.

ആം ആദ്മി പാർട്ടി അതിൻ്റെ ആദ്യ തീവ്രനിലപാടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി എന്നത് വസ്തുതയാണ്. കോൺഗ്രസ്സ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരാണ് എന്നും ഷീലാ ദീക്ഷിത് മന്ത്രിസഭ ഡൽഹിയിൽ നടത്തിയ അഴിമതിയും കുംഭകോണവും ജനങ്ങളോട് അക്കമിട്ടു നിരത്തിയുമാണ് അവർ ഡൽഹിയിൽ വിജയിച്ചത്. പഞ്ചാബിലും കോൺഗ്രസ്സ് തന്നെയായിരുന്നു എതിരാളികൾ.

എന്നാൽ മാസങ്ങളായി അവരുടെ ഉപമുഖ്യമന്ത്രിയും ഒരു മന്ത്രിയും ജയിലിലാണ്. സുപ്രീം കോടതിവരെ അവർക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നു. ഉപമുഖ്യമന്ത്രിക്കെതിരെ മദ്യനയത്തിലെ അഴിമതിയും മന്ത്രിക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതുമാണ് കേസ്. വിഷയം രണ്ടും അതീവ ഗൗരവമുള്ളതമുള്ളതുമാണ്.

എല്ലാവരും അഴിമതിക്കാരും കള്ളന്മാരുമാണെന്ന് പറഞ്ഞ് വോട്ടുനേടിയവർ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു. ഇപ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലായി, കോൺഗ്രസ്സ് പിന്തുണയില്ലെങ്കിൽ പിടിച്ചുനി ൽക്കാനാകില്ല എന്ന്. ഒരർത്ഥത്തിൽ അവരും മറ്റുള്ളവർക്കൊപ്പം സമരസപ്പെട്ടു എന്നുതന്നെ പറയാം. ഡൽഹിയിലെ വെള്ളപ്പൊക്കം നേരിട്ടതിലെ പരാജയവും, എഎപി നേരിടുന്ന അഴിമതിയാരോപണങ്ങളും, ഡൽഹിയിലെ അധികാരത്തർക്കങ്ങളും അവർക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല എന്ന യാഥാർഥ്യവും അവർ തിരിച്ചറിഞ്ഞിരിക്കുന്നു


പ്രതിപക്ഷ ഐക്യനിരയിൽ ഇടതുപക്ഷത്തിന് കാര്യമായ റോളൊന്നുമില്ല. കേരളത്തിൽ മാത്രമാണ് അവർക്ക് വേരുകളുള്ളത്. ചുരുക്കത്തിൽ ഇപ്പോഴത്തെ ഈ ചെറുകിട പാർട്ടികളെല്ലാം കോൺഗ്രസിന്റെ ചിറകിനുള്ളിൽ ഒത്തുകൂടാനുള്ള കാരണം കിർണ്ണാടകയിലെ കോൺഗ്രസിന്റെ തിരിച്ചുവരവാണ്.


അടുത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം രാജസ്ഥാനും ഛത്തീസ്‌ഗഡും അവരെ കൈവിടുമെന്ന സൂചനയുമുണ്ട്.

കോൺഗ്രസ്സ് പാർട്ടിക്ക് അടിസ്ഥാനപരാമായ ജനപിന്തുണയുണ്ട്. നെഹ്രുവിനെപ്പോലെ, ഇന്ദിരാഗാന്ധിയെപ്പോലെ, രാജീവിനെപ്പോലെ മുന്നിൽ നിന്ന് നയിക്കാൻ കഴിവുറ്റ പക്വതയാർന്ന ഒരു നേതൃത്വം അവർക്കിന്നില്ല എന്നുതന്നെ വേണം പറയാൻ. അതുകൊണ്ടുതന്നെ പ്രതിപക്ഷ ഐക്യനിരയിൽ അവർക്കൊപ്പം ചേരുന്ന 26 പ്രാദേശിക പാർട്ടികളിൽ ജനപിന്തുണയുള്ളതും ഭാവിയിൽ അധികാരത്തിനായി വിലപേശൽ നടത്താത്തതുമായ പാർട്ടികൾ എത്രയുണ്ടെന്ന് അവർക്കുപോലും തിട്ടമില്ല.

Advertisment