സര്‍ക്കാര്‍ ഒരടി പിന്നോട്ട്, പ്രതിപക്ഷം രണ്ട് ചുവട് മുന്നോട്ടും. തൃക്കാക്കര കടന്ന വിഡി സതീശന്‍ ലീഡറായ കരുണാകരനെ ഓര്‍മിപ്പിക്കുന്നതില്‍ തെറ്റില്ല. സംശയ നിഴലില്‍ നിന്നും പുറത്തു കടക്കുക സര്‍ക്കാരിനു ദുഷ്കരം ! - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

പിണറായി വിജയന്റെ രണ്ടാം വട്ട ഭരണത്തിൽ കേരള ജനത പൊതുവെ അസംതൃപ്തരാണെന്ന വിലയിരുത്തലുകള്‍ ശക്തമാകുകയാണ്. തുടർ ഭരണം ലഭിച്ചതുമൂലം ഉണ്ടായ വിവേക ശൂന്യമായ പ്രവൃത്തികളാണ് ഇടതുമുന്നണി ഭരണത്തെ മലീമസമാക്കുന്നത്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ സംശയത്തിന്റെ ഒരു കരിനിഴൽ സർക്കാരിന്റെ മേൽ വീഴ്ത്തിയിരിക്കുന്നു. ജനപിന്തുണ കുറഞ്ഞുവരുന്നു എന്നത് മറ്റാരെക്കാളും നന്നായി അറിയാവുന്നത് പിണറായി വിജയന് തന്നെയാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് നൽകിയ അനാവശ്യമായ പ്രാധാന്യമാണ് പിണറായി വിജയൻ കാണിച്ച ഒന്നാമത്തെ രാഷ്ട്രീയ വിഡ്ഡിത്തരം . സാധാരണഗതിയിൽ നടക്കുമായിരുന്ന ഒരു ഉപതിരഞ്ഞെടുപ്പിന് ആവശ്യത്തിലേറെ പ്രാധാന്യം നൽകി.

മുഖ്യമന്ത്രി ഒരു മാസം അവിടെ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് ചുക്കാൻ പിടിച്ചു. എന്നാൽ തൃക്കാക്കരയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഇരട്ടിയായി. യുഡിഎഫിന്റെ ഉറച്ച ഒരു മണ്ഡലത്തിൽ ഇടതുമുന്നണിക്കേറ്റ ഈ കനത്ത ആഘാതം അവരെ പിന്നിലേക്ക് കൊണ്ടുപോയി.

വിഡി കരുണാകരനെ ഓര്‍മിപ്പിക്കുന്നു !

വിഡി സതീശൻ മൂന്ന് മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ഇത്രയും ചിട്ടയായ പ്രവർത്തനം അടുത്ത കാലത്തെങ്ങും കോൺഗ്രസും യുഡിഎഫും നടത്തിയിട്ടില്ല.


ലീഡർ കെ. കരുണാകരൻ പ്രായോഗികമായി നടപ്പാക്കിയ ഫോർമുല തന്നെയാണ് വിഡി സതീശനും തൃക്കാക്കരയിൽ പയറ്റിയത്. കമ്മ്യൂണിസ്റ്റ് വിരുദ്ധരെ ഒന്നിപ്പിച്ച് നിർത്തുക എന്നതാണ് അത്. തൃക്കാക്കരയിലേത് യുഡിഎഫിന്റേയും വിഡി സതീശന്റേയും വിജയമാണ്. എല്ലാവരും പങ്കാളകളായി എന്ന് മാത്രം.


കെ - റയിലിൽ സർക്കാരിന്റെ ധാർഷ്ട്യം തൃക്കാക്കരയിൽ പ്രതിഫലിച്ചു. നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷം കെ - റയിൽ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത എസ്എഫ്ഐക്കാരുടെ നടപടി പാർട്ടി നേതൃത്വം അറിഞ്ഞിരുന്നില്ല എന്നത് അത്രയങ്ങ് വിശ്വസിക്കാനാകില്ല. പാർട്ടി അറിയാതെ എസ്എഫ്ഐ ഇത്രയും ഗുരുതരമായ ഒരു പ്രവൃത്തി ചെയ്യില്ല എന്നതാണ് പൊതു ചിന്ത.

ബഫർ സോൺ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് സർക്കാരാണ്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് വനാതിർത്തിയോട് ചേർന്നുള്ള ജനവാസമേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

എന്നാൽ ഈ സർക്കാർ ജനവാസ മേഖലകളെ കൂടി ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർ സോൺ ആക്കാമെന്ന ശുപാർശ നൽകുകയും അത് സുപ്രീം കോടതി ഉത്തരവായി വരികയും ചെയ്തു. അബദ്ധം മനസ്സിലായപ്പോൾ ഉരുണ്ടു കളിക്കാൻ തുടങ്ങി.

ഭരിക്കാന്‍ ഉദ്യോഗസ്ഥര്‍

ഇടത് മുന്നണി അധികാരത്തിൽ വരുമ്പോൾ എല്ലാം കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. ഒരു മന്ത്രിയും ഫയൽ പഠിക്കില്ല. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ സംഭവങ്ങൾ സർക്കാരിന്റെ ശോഭ കെടുത്തി.

സരിത്തിനെ തട്ടിക്കൊണ്ടുപോയതും ഷാജ് കിരണിന്റെ ഇടപെടലുകളും കാര്യങ്ങൾ കൂടുതൽ വഷളാക്കി. സ്വപ്നയെ നേരിടാൻ സരിതയെ ഇറക്കിയതാണ് വിശ്വാസ്യത തകരാൻ മറ്റൊരു കാരണം.

എന്തോ ഒളിക്കുന്നു എന്ന തോന്നൽ സാധാരണക്കാരിൽ ഉണ്ടായിരിക്കുന്നു. സ്വപ്നയുടെ സ്ഫുടമായ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലും സർക്കാരിന് വിഷമമുണ്ടാക്കും.

സംശയനിഴലില്‍

സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഏതാനും ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആണ് സർക്കാരിന് വേണ്ടി സകല വിടുപണികളും ചെയ്യുന്നത്. ആരോഗ്യരംഗത്തും ആശുപത്രികളിലും അടിക്കടി ഉണ്ടാകുന്ന സംഭവങ്ങൾ ആരോഗ്യ മന്ത്രിയുടെ വീഴ്ചയായി മാറുന്നു.

വളരെ കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് വിഡി സതീശൻ മുമ്പോട്ട് പോകുന്നത്. അടിക്കടി സർക്കാരിനുണ്ടാകുന്ന വീഴ്ചകൾ പ്രതിപക്ഷത്തിന് മുതലെടുക്കാൻ സാധിക്കുന്നുവെന്നത് പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

നിയമസഭയിലെ വിഡി സതീശന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ ഇടത് മുന്നണിക്ക് സാധിക്കുമെന്ന് നിലവില്‍ വിലയിരുത്തലില്ല.

പല ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നൽകാത്തതും ക്ഷോഭിക്കുന്നതും സംശയത്തിനിടയാക്കുന്നു. ഏറവും അവസാനം നടന്ന എകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഒരു നാടകമായി വ്യാഖ്യാനിക്കുന്നവരേറെയാണ്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണമാണ് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടത്.

Advertisment