Advertisment

വി എം കുട്ടി :“കല്യാണ പന്തലുകളിൽ മാത്രമൊതുങ്ങിയിരുന്ന മാപ്പിള പാട്ടുകളെ ജനകീയമാക്കിയ കവി"

New Update

 

Advertisment

publive-image

മാപ്പിള പാട്ടുകളെ ജനാധിപത്യവൽക്കരിക്കുകയും ജനകീയമാക്കുകയും ചെയ്ത രചയിതാവും പാട്ടുകാരനുമാണ് വി.എം.കുട്ടി.കേരളീയ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും താളവും ശ്രുതിയും മാത്രമല്ല, മഹത്തായ ഒരു സമുദായ ജീവിതത്തിന്റെ ബഹുസ്വരത കൂടി ഉൾ ച്ചേർന്നതാണ് ഇന്ന് മാപ്പിള പാട്ടുകൾ. സമ്പന്നമായ ആ ഗാന പാരമ്പര്യത്തിൽ വിശ്രുതമായ ഒരു അവതരണ രീതി കണ്ടെത്തുകയും അഞ്ചു പതിറ്റാണ്ടോളമായി അത് കൊണ്ടു നടക്കുകയും ചെയ്ത കുലപതിയാണ് വി എം കുട്ടി.

മാപ്പിള പാട്ടിന്റെ ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം വളരെ വലുതാണ്.

മലബാറിൽ മാപ്പിള പാട്ടുകൾക്ക് പുതു ജീവൻ നൽകുക മാത്രമല്ല പഴയതും പുതിയതുമായ പാട്ടുകൾ എണ്ണമാറ്റ വേദികളിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധയൂന്നി.

1957ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച കാലത്തു തന്നെ അദ്ദേഹം മാപ്പിള പാട്ടുകൾ മാത്രം അവതരിപ്പിക്കുന്ന ഗായക സംഘം രൂപീകരിച്ചു.

കല്യാണ വീടുകളിലും നാലാൾ കൂടുന്നിടങ്ങളിലും മാത്രം ഒതുങ്ങി നിന്ന മാപ്പിള പാട്ടുകൾ പൊതു വേദിയിലേക്ക് കൊണ്ടു വരുന്നതിലും ജനകീയമാക്കുന്നതിലും വി.എം.കുട്ടിക്ക്‌ പങ്കുണ്ട്.ഗ്രാമ ഫോൺ റെക്കോർഡുകളും പിന്നീട് കാസറ്റുകളും കടന്ന് പുതിയ കാലത്തിന്റെ ഡിജിറ്റൽ മാതൃകകളിലേക്ക് അവ രേഖപ്പെട്ടു.മാപ്പിള പാട്ടുകളെക്കുറിച്ച് നിരന്തരം ഗവേഷണം നടത്തുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും ഗാനങ്ങളും, ചാനൽ പരിപാടികളിൽ അവലോകനവും അദ്ദേഹത്തിന്റെതായി വന്നു.

ഗൾഫ് നാടുകൾ ഉൾപ്പടെ മലയാളി ഉള്ളയിടത്തെല്ലാം ഗാനമേളകളിലൂടെ മാപ്പിളപ്പാട്ട് സ്വീകാര്യമാക്കി. ജാതി ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചാസ്വദിക്കുന്ന തലത്തിലേക്ക് മാപ്പിളപ്പാട്ടുകൾ ഉയർന്നതിൽ വി.എം.കുട്ടിയുടെ പരിശ്രമമുണ്ടായി.

അര നൂറ്റാണ്ടു കാലം ഈ ഗാന ശാഖക്കൊപ്പം തുടർച്ചയായി സഞ്ചരിച്ച മറ്റൊരു മാപ്പിളപ്പാട്ട് പ്രചാരകൻ വേറെ ഉണ്ടാകാനിടയില്ല. നിത്യ ജീവിതത്തിലെ സാധാരണ കാഴ്ചകളും അനുഭവങ്ങളും മാപ്പിളപ്പാട്ടിൽ വിഷയമായിട്ടുണ്ട്. സാമൂഹിക മാറ്റങ്ങളുടെ ഫലമായി കാലത്തിന്റെ ഗതിവിഗതിയിൽ പല അനുഷ്ഠാന കലകളും കലാ പൈതൃകവും അസ്തമിച്ചപ്പോഴും മാപ്പിളപ്പാട്ടുകൾ കലാതിവർത്തിയായി നിലകൊണ്ടു.

ആധുനിക കാലത്തിന്റെ പുതിയ ആവിഷ്ക്കാര ഇടങ്ങളിൽ എവിടെയും മാപ്പിളപ്പാട്ടുകൾ എത്താതിരുന്നിട്ടില്ല.തികഞ്ഞ ഉല്പതിഷ്ണുവായിരുന്ന മലപ്പുറം പുളിക്കൽ ദാറുസ്സലാം വീട്ടിൽ

വി എം കുട്ടിയിലൂടെ നവോൽഥാനത്തിന്റെയും സാമൂഹിക നവീകരണത്തിന്റെയും ശീലുകൾ പ്രമേയമായി.പാട്ടുകാരൻ, പാട്ടെഴുത്തുകാരൻ, സംഘാടകൻ എന്നു മാത്രമല്ല മാപ്പിളപാട്ടുകളെ ജനാധിപത്യവൽക്കരിക്കുകയും ജനകീയമാക്കുകയും ചെയ്ത ഗവേഷകനുമാണ് വി എം കുട്ടി.കേരളം പോലുള്ള സംസ്ഥാനത്ത് മതേതര മനോഭാവത്തിൽ ഒരു സമുദായത്തിന്റെ കല അടയാളപ്പെടുന്നതിൽ വി.എം.കുട്ടിയുടെ മൗലികമായ ഇടപെടലുകൾ ചെറുതായിരുന്നില്ല.

മാപ്പിള പാട്ടുകൾ ചിലതിന്റെ രചയിതാവ് ആരെന്നോ ഏതു കാലത്ത് എഴുതപ്പെട്ടതെന്നോ ആർക്കുമറിയില്ല.അത്രമേൽ അവ പാരമ്പര്യമായി കേട്ടു പോന്നതും പാടി പതിഞ്ഞതുമായിരുന്നു. മലബാറിലെ മുസ്‌ലിംകൾ അവരുടെ ജീവിത രീതിക്കും മതപരമോ ധാർമികമോ ആയ മൂല്യങ്ങൾക്കും നിദാനമായി രചിക്കപ്പെട്ടതാണെങ്കിലും ഓരോ വരിയും സാധാരണക്കാരുടെ മൂളിപ്പാട്ടായി മാറി.വിവിധ മതാനുയായികൾ തിങ്ങി താമസിക്കുന്ന സങ്കര സംസ്കൃതിയിൽ മാപ്പിളപാട്ടിന്റെ ഇശലുകൾ ജീവിതചര്യകളും ആദർശവുമായി. ജനഹൃദയങ്ങളോട് അടുത്തു നിൽക്കാൻ എന്നും മാപ്പിളപാട്ടുകൾക്ക് കഴിഞ്ഞിരുന്നു.

വിപ്ലവ ഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ,പരസ്യ പാട്ടുകൾ അങ്ങനെ പലതും  മാപ്പിളപ്പാട്ട് രീതിയിലായിരുന്നു മലബാറിൽ. വളരെ കുറച്ച് പറഞ്ഞ് കൂടുതല്‍ പാടുന്ന ആളായിരുന്നു വി.എം. കുട്ടി.അടുക്കുന്തേറും കൂടുതല്‍ സൗഹൃദം തോന്നിക്കുന്ന നല്ല മനുഷ്യ സ്‌നേഹി. ഗ്രാമീണ ഹൃദയങ്ങളിൽ മാധുര്യം നിറച്ച ഓർമയുടെ ചെപ്പുകളിൽ ഒന്നായി എന്നും വി എം കുട്ടി വേറിട്ടു നിൽക്കും.

Advertisment