കര്‍ണാടകയില്‍ ഭരണമാറ്റത്തിന്‍റെ സൂചന തിരിച്ചറിഞ്ഞത് ബിജെപി നേതാക്കള്‍ തന്നെ ! ഇതുവരെ കോണ്‍ഗ്രസിലേയ്ക്ക് കൂറുമാറിയത് എംഎല്‍എമാര്‍ ഉള്‍പ്പെടെ 23 പ്രമുഖ നേതാക്കള്‍. നായകരില്ലാതെ ബിജെപി ക്യാമ്പുകള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ കളം നിറഞ്ഞ് സിദ്ധരാമയ്യയും ശിവകുമാറും. മോദിയും അമിത്ഷായും വന്നു പോകുന്നത് ബിജെപിക്ക് നേട്ടമാകുമോ ? പ്രവചനങ്ങള്‍ പോലെ കോണ്‍ഗ്രസ് 140 ലെത്തിയാല്‍ അത് രാജ്യവ്യാപക തേരോട്ടത്തിന് തുടക്കമാകും

New Update

publive-image

Advertisment

ബാംഗ്ലൂര്‍: കര്‍ണാടകം തെരഞ്ഞെടുപ്പിന്‍റെ തീവ്ര പോരാട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ആര് നേടുമെന്ന ചര്‍ച്ചകളും പന്തയങ്ങളും നാടാകെ തകൃതിയാണ്. മലയാളി വോട്ടര്‍മാരും മലയാളി സ്ഥാനാര്‍ത്ഥികളും ഏറെയുള്ള കര്‍ണാടകയിലെ ഫലം കേരളത്തെ പലവിധത്തില്‍ ബാധിക്കും.


കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തിന്‍റെ ഊര്‍ജ്ജവും ആവേശവുമാണ് കര്‍ണാടക. അത് കേരളത്തിലെ നേതാക്കള്‍ക്കറിയാം. കോണ്‍ഗ്രസ് കര്‍ണാടക പിടിച്ചാല്‍ യുഡിഎഫിന് അടുത്ത തവണ കേരളം പിടിക്കാന്‍ ഈസിയാകും. കര്‍ണാടക കോണ്‍ഗ്രസിന് ജീവന്‍ മരണ പോരട്ടം കൂടിയാണ്.


കര്‍ണാടക നഷ്ടമായാല്‍ അത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിനെ രാജ്യവ്യാപകമായി ബാധിക്കും. അതേസമയം 120 ലധികം സീറ്റുകള്‍ നേടി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സുരക്ഷിത വിജയം നേടിയാല്‍ അത് ഡല്‍ഹിയിലേയ്ക്കുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന്‍റെ തുടക്കമാകും.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും കര്‍ണാടകയിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് രാഷ്ട്രീയ നേതാക്കളാണ്. അതുതന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയും. താരപ്രഭയുള്ള നേതാക്കളുടെ അഭാവം നികത്താന്‍ സംസ്ഥാനത്തേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കൂടെകൂടെ കൊണ്ടവരേണ്ട അവസ്ഥയിലാണ് ബിജെപി.

മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെയ്ക്ക് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പോലും ജനപ്രീതി ഇല്ല. 'വിരമിക്കലിന്' ശേഷം റിട്ടയര്‍മെന്‍റ് രാഷ്ട്രീയക്കാരനായ യെദ്യൂരപ്പയ്ക്ക് കര്‍ണാടക പിടിക്കാന്‍ അത്ര ആവേശം പോര. അതുകൊണ്ട് കാര്യമില്ലെന്നതുതന്നെ കാര്യം.

publive-image


മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനില്ലാത്ത ഒന്നാണ് കരുത്തുറ്റ നേതൃത്വം. കര്‍ണാടകയില്‍ അത് ആവശ്യത്തിലും അധികമാണ്. എല്ലാ പാര്‍ട്ടികളിലെയും നേതാക്കളെ തുലനം ചെയ്താലും ജനപ്രീതിയില്‍ മുമ്പില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.


ഇവര്‍ തമ്മില്‍ കൊമ്പു കോര്‍ത്താല്‍ അത് ബിജെപിയ്ക്ക് പ്രതീക്ഷയായിരുന്നു. പക്ഷേ അവര്‍ ഒരുമിച്ച് പരസ്പര ധാരണയിലാണ് മുന്നേറുന്നത്. ബിജെപിയില്‍ നിന്നും ഉള്‍പ്പെടെ കോണ്‍ഗ്രസിലേയ്ക്ക് നേതാക്കളുടെ ഒഴുക്ക് ഈ കരുത്തിലാണ്.


ബിജെപിയില്‍ നിന്ന് 5 എംഎല്‍എമാരും 2 എംഎല്‍സിമാരും 11 മുന്‍ എംഎല്‍എമാരും 4 മുന്‍ എംഎല്‍സിമാരും ഒരു മുന്‍ എംപിയുമാണ് ഇതുവരെ കോണ്‍ഗ്രസിലേയ്ക്ക് വന്നത്. ഭരണമാറ്റത്തിന്‍റെ സൂചന ഭരണപക്ഷത്തിനു തന്നെ മനസിലായി തുടങ്ങിയെന്നതിന് തെളിവാണിത്.


നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് 140 - 145 സീറ്റുകള്‍ വരെ നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനൊരു മുന്നേറ്റം കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ അത് രാജ്യത്താകമാനം അവര്‍ക്ക് ആവേശമായി മാറും. വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ അത് ഗുണപരമായി ബാധിക്കുകയും ചെയ്യും.

പതിവിന് വിപരീതമായി രാഹുല്‍ ഇഫക്ടും കര്‍ണാടകയില്‍ വ്യക്തമാണ്. ഇവിടെ നടത്തിയ പ്രസംഗത്തെചൊല്ലിയാണ് അദ്ദേഹത്തിന് അയോഗ്യത കല്‍പ്പിച്ചത്.

Advertisment