ബംഗളൂരു: അതിശക്തമായ ഭരണവിരുദ്ധ വികാരത്തോടൊപ്പം കോൺഗ്രസ് മുന്നോട്ടുവച്ച സൗജന്യങ്ങളും കർണാടകത്തിൽ നിർണായകമായെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സൗജന്യ കിറ്റുകൾ നൽകിയത് ക്ലിക്കായതിന് സമാനമായിരുന്നു കോൺഗ്രസിനെ സൗജന്യ വാദ്ഗാനങ്ങൾ തുണച്ചത്.
ബിജെപി ഭരണം മടുത്ത ജനങ്ങൾ കോൺഗ്രസിന്റെ ഈ സൗജന്യങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എല്ലാ വീടുകളിലും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന ഗൃഹജ്യോതി പദ്ധതി. കുടുംബനാഥകളായ വനിതകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്മി പദ്ധതി. എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിതപ്രയാണ പദ്ധതി.
തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമക്കാർക്ക് 1,500 രൂപയും എല്ലാ മാസവും നൽകുന്ന യുവ നിധി പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം ഒരാൾക്ക് 10 കിലോ സൗജന്യ അരി നൽകുന്ന അന്നഭാഗ്യ പദ്ധതി എന്നിവയാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ. ഡൽഹിയിൽ കേജരിവാളും തമിഴ്നാട്ടിൽ സ്റ്റാലിനും ചെയ്തതു പോലെയാണ് ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര.
ഈ വാഗ്ദാനങ്ങൾ കോൺഗ്രസ് നേതാക്കൾ പ്രചാരണ സമ്മേളനങ്ങളിൽ ആവർത്തിച്ചു. സൗജന്യ വാഗ്ദാനങ്ങൾ കേട്ട് ജനം നിർത്താതെ കൈയടിച്ചു. മുൻപൊരിക്കലുമില്ലാത്ത വിധം വോട്ടെടുപ്പിൽ സ്ത്രീകളുടെ അഭൂതപൂർവ്വമായ ഒഴുക്കായിരുന്നു ഇത്തവണ ഗ്രാമീണമേഖലകളിൽ പോളിംഗ് റെക്കാർഡിലെത്താൻ ഇടയാക്കിയതും ഇതുതന്നെ.
സൗജന്യവാഗ്ദാനം കേട്ട് കൈയടിച്ച ജനം കൈപ്പത്തിക്ക് വോട്ടും ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മംഗലാപുരം മേഖലയൊഴികെ സംസ്ഥാനത്ത് എല്ലായിടത്തും കോൺഗ്രസിന് മേൽക്കൈയുണ്ട്.
കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്‌ദാനങ്ങൾ നിറവേറ്റാൻ കോൺഗ്രസ് ബാദ്ധ്യസ്ഥമാണെന്ന് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു കഴിഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് തിരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ ജനങ്ങൾക്ക് ഉറപ്പ് കൊടുത്തിരുന്നത്.
കർണാടകത്തിൽ അല്ല ഈ സൗജന്യ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ആദ്യമായി ഭരണം പിടിക്കുന്നത്. കഴിഞ്ഞ നവംബറിൽ നടന്ന ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 300യൂണിറ്റ് വൈദ്യുതി സൗജന്യവും വീട്ടമ്മമാർക്ക് 1500 രൂപയും പഴയ രീതിയിലുള്ള പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കുമെന്നും ഉറപ്പ് നൽകിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്.
സമാനമായ തന്ത്രമാണ് കർണാടകത്തിലും പയറ്റിയത്. ഡൽഹിയിൽ ആം ആദ്മി സർക്കാർ ഭരണം പിടിച്ചതും ഇതേ തന്ത്രം ഉപയോഗിച്ചാണ്. തമിഴ്നാട്ടിൽ പണ്ടേ സൗജന്യങ്ങൾ നൽകുന്ന തന്ത്രം ഡി.എം.കെയും എ.ഡി.എം.കെയും പയറ്റാറുണ്ട്.
ജയം ലക്ഷ്യമിട്ട് ബിജെപി മനപൂർവ്വം എടുത്തിറക്കിയ വർഗ്ഗീയതയും കർണാടകത്തിൽ ഏശിയില്ല. കോൺഗ്രസ് പ്രകടനപത്രികയിൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കൂടി വന്നതോടെ പ്രചരണം മുഴുവൻ വർഗ്ഗീയതയിലേക്ക് മാറി. പക്ഷെ ഇത് വോട്ടെടുപ്പിൽ കാര്യമായ ഗുണം ചെയ്തില്ല.
ബി.ജെ.പി. ഭരണകാലത്ത് വർഗ്ഗീയ നടപടികൾക്ക് അമിതപ്രാധാന്യം നൽകിയതും ഹിജാബ് വിവാദം, ഗോവധ നിരോധനം, മുസ്ളീം സംവരണം എടുത്തു കളയൽ, ടിപ്പു വിവാദം തുടങ്ങിയവയുണ്ടാക്കിയ സംഘർഷാന്തരീക്ഷം നഗരമേഖലകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയായി. ഈ തക്കം മുതലെടുത്ത് സൗജന്യം, വികസനം കാർഡുകളിറക്കി കളിച്ച കോൺഗ്രസ് ജയിച്ചുകയറുകയായിരുന്നു.