തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ സമ്പൂർണ കേന്ദ്രബജറ്റിൽ ആകാംക്ഷയോടെ കണ്ണുംനട്ടിരിക്കുകയാണ് കേരളം. എയിംസ്, സിൽവർലൈൻ, ലൈറ്റ്മെട്രോ, കടമെടുപ്പ് പരിധി ഉയർത്തൽ, വന്ദേഭാരത് ട്രെയിനുകൾ, വിമാന സർവീസുകളുടെ എണ്ണം കൂട്ടൽ, റെയിൽവേ വികസനം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ സംസ്ഥാനം നോക്കിക്കാണുന്നത്. ഏറ്റവും വലിയ പ്രതീക്ഷ ഇക്കുറിയെങ്കിലും എയിംസ് കേരളത്തിലേക്കെത്തുമോ എന്നാണ്. കൈയ്യെത്തും ദൂരത്തെത്തി നഷ്ടപ്പെട്ട സ്വപ്നമാണ് കേരളത്തിന് എയിംസ്.
ആരോഗ്യമേഖലയിൽ വൻകുതിപ്പ് വഴിയൊരുക്കുന്ന എയിംസിനായി കേരളം സ്ഥലവുമൊരുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോഴിക്കോട് കിനാലൂരിൽ വ്യവസായവകുപ്പിന് കീഴിലുള്ള 153 ഏക്കർ ഭൂമിയാണ് സംസ്ഥാനസർക്കാർ എയിംസിനായി കണ്ടുവെച്ചിരിക്കുന്നത്. ഇത് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ജിഎസ്‌ടിയുടെ 60% വിഹിതം സംസ്ഥാനങ്ങൾക്കു നൽകണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ നിന്നു പിരിക്കുന്ന ജിഎസ്‌ടിയുടെ പകുതി വീതമാണ് ഇപ്പോൾ കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. സംസ്ഥാനങ്ങളുടെ വിഹിതം 60 ശതമാനമാക്കി ഉയർത്തണം. കാരണം, രാജ്യത്തെ വരുമാനത്തിന്റെ 62.7% ഇപ്പോൾ കേന്ദ്രം കൈപ്പറ്റുകയാണ്.
എന്നാൽ, ചെലവിന്റെ കാര്യം വരുമ്പോൾ 62.4 ശതമാനവും സംസ്ഥാനങ്ങളാണു ചെലവിടുന്നത്. കൂടുതൽ വാങ്ങുന്നവർ കൂടുതൽ ചെലവിടണമെന്നാണ് സംസ്ഥാനത്തിന്റെ അവകാശവാദം. കേന്ദ്രബഡ്ജറ്റിലൂടെ സംസ്ഥാനത്തേക്ക് അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പണവും പദ്ധതിയുമാണ് കേരളം ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച വിശദമായ നോട്ട് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന് കൈമാറിയിട്ടുണ്ട്.
വിഴിഞ്ഞം ആഴക്കടൽ തുറമുഖം ഒന്നാം ഘട്ടം കമ്മിഷനൊരുങ്ങുന്നതിനാൽ റെയിൽ, റോഡ് കണക്ടിവിറ്റിക്ക് കൂടുതൽ പദ്ധതികളുണ്ടായേക്കും. വന്ദേഭാരത് ട്രെയിൻ, സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അനുമതി, റെയിൽവേ വികസനത്തിന് ഓട്ടോമാറ്റിക് സിഗ്നൽ നവീകരണം, ശബരി റെയിൽ പാത, പുതിയ മെട്രോലൈൻ പദ്ധതിക്ക് അംഗീകാരം തുടങ്ങിയവയാണ് കേന്ദ്രബഡ്ജറ്റിൽ സംസ്ഥാനം ഉറ്റുനോക്കുന്നത്.
നികുതിവരുമാനം തുല്യമായി പങ്കുവയ്ക്കുന്ന രീതി മാറ്റി കൂടുതൽ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ധനകാര്യകമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് മൊത്തം നികുതിവരുമാനത്തിന്റെ 64 ശതമാനവും കൈയടക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നാൽ 63% ചെലവും സംസ്ഥാനങ്ങളിലാണ്. അതനുസരിച്ചുള്ള നികുതി വിഹിതം ഇപ്പോൾ പരിഗണിച്ചില്ലെങ്കിലും കേന്ദ്രത്തിന് അതിലേക്ക് മാറേണ്ടിവരുമെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നതാണ് മറ്റൊരാവശ്യം. അത് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനങ്ങൾക്ക് കനത്ത വരുമാന നഷ്ടമുണ്ട്. സംസ്ഥാനങ്ങൾ അവകാശമില്ലാത്ത അൺക്ളെയിംഡ് നികുതി ഒന്നും രണ്ടും ലക്ഷം കോടിയായി വർദ്ധിക്കുന്നത് തന്നെയാണതിന്റെ തെളിവ്.
ഗ്രാന്റ്, കേന്ദ്രപദ്ധതികൾ എന്നിവയിലൂടെ സംസ്ഥാനങ്ങൾക്ക് കിട്ടുന്ന കേന്ദ്രവിഹിതത്തിൽ മാറ്റമുണ്ടാക്കുമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു പ്രതീക്ഷ. വരുംവർഷത്തിൽ സംസ്ഥാനത്തിന് കിട്ടുന്നതുകയിൽ 24000 കോടി രൂപയെങ്കിലും കുറവുണ്ടാകുമെന്നാണ് കണക്ക്. അത് പരിഹരിക്കാനുള്ള നടപടികളും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. വരും വർഷങ്ങളിൽ സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവരുന്ന ഈ പ്രശ്നത്തിന് കേന്ദ്രസഹായത്തോടെ മാത്രമേ പരിഹാരം കാണാൻ കഴിയൂ. അത് ബഡ്ജറ്റിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
കാർഷിക മേഖലയിലെ മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണത്തിനും വികസനത്തിനും പ്രത്യേക പദ്ധതികൾ കിട്ടിയേക്കുമെന്ന പ്രതീക്ഷയുണ്ട്. മത്സ്യമേഖലയുടെ നവീകരണത്തിന് വിദേശസഹായത്തോടെയുള്ള വൻകിട പദ്ധതികൾക്ക് പരിഗണന കിട്ടുമെന്നതാണ് മറ്റൊരു പ്രതീക്ഷ.
സംസ്ഥാനങ്ങൾക്കു കടമെടുക്കാവുന്ന തുക സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനത്തിൽ നിന്ന് 4 ശതമാനമാക്കി വർധിപ്പിക്കണം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത 14,312 കോടി വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നും സംസ്ഥാനത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻകിട വികസന പദ്ധതികൾക്കായുള്ള വിദേശ വായ്പകളെ സംസ്ഥാനത്തിന്റെ ബാധ്യതകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ സ്ഥാപനം, എയിംസിനു സമാനമായി ആരോഗ്യ കേന്ദ്രം, മാലിന്യ സംസ്കരണം, ജലാശയങ്ങൾ വൃത്തിയാക്കൽ, തെങ്ങിന്റെ പുനർനടീൽ, വനവൽക്കരണം തുടങ്ങിയവയ്ക്ക് പ്രത്യേക ഫണ്ട്, വന്ദേ ഭാരത് സ്കീമിൽപ്പെടുത്തി കേരളത്തിനകത്തും പുറത്തേയ്ക്കും ട്രെയിൻ, കൊച്ചി മെട്രോ, നേമം കോച്ചിങ് ടെർമിനൽ, തലശ്ശേരി–മൈസൂർ ബ്രോഡ്ഗേജ് റെയിൽ എന്നിവയ്ക്കായി പ്രത്യേക സഹായം ലഭ്യമാക്കുക, കേരളത്തിലേയ്ക്ക് കൂടുതൽ വിമാന സർവീസ് എത്തിക്കുക. തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.