'ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടുനോക്കൂ, മറുപടി കിട്ടും'; സ്റ്റാലിന് മറുപടിയുമായി അണ്ണാമലൈ

New Update

ചെന്നൈ: വൈദ്യുതി-എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ഡിഎംകെയെ പ്രകോപിപ്പിക്കരുതെന്നും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സ്റ്റാലിന്‍ തന്റെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പ്രതികരിച്ചു.

Advertisment

publive-image

കനിമൊഴിയെ അറസ്റ്റ് ചെയ്ത സമയത്തുപോലും മുഖ്യമന്ത്രി ഇത്രയും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. പൊതുസമൂഹം പറയുന്നതുപോലെ സെന്തില്‍ ബാലാജി ഡിഎംകെയുടെ ട്രഷറര്‍ ആണെന്ന് മാത്രമാണ് ഇത് കാണിക്കുന്നത്. വീഡിയോ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പരിധി ലംഘിച്ചു', അണ്ണാമലൈ പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചതിനെ കുറിച്ചും അണ്ണാമലൈ പ്രതികരിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെട്ട 200 കോടി രൂപയുടെ കൈക്കൂലി പരാതിയുമായി സി.ബി.ഐയെ സമീപിച്ചെന്നും അതിനാലാണ് പൊതുസമ്മതം പിന്‍വലിച്ചെന്നും അണ്ണാമലൈ പറഞ്ഞു. ഇപ്പോള്‍ ഹരജിക്കാരനായി കോടതിയില്‍ പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി സ്റ്റാലിന്‍ പരിഭ്രാന്തിയിലാണെന്ന് പറഞ്ഞ അദ്ദേഹം സെന്തില്‍ ബാലാജിയെ പ്രവേശിപ്പിച്ച ഓമണ്ടുരാര്‍ ആശുപത്രിയില്‍ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്‍ എന്തിനാണ് പോയതെന്ന് ചോദിച്ചു. ബിജെപി പ്രവര്‍ത്തകരെ തൊടാന്‍ മുഖ്യമന്ത്രി സ്റ്റാലിനെ അദ്ദേഹം വെല്ലുവിളിച്ചു.

'ഞാന്‍ മുഖ്യമന്ത്രിയെ തിരികെ വെല്ലുവിളിക്കുന്നു.ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടു കാണിക്കൂ.ഇത്തരം ഭീഷണികളെ നമ്മള്‍ ഭയപ്പെടുന്നു എന്ന് കരുതരുത്, നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് അതേ മറുപടി ലഭിക്കും.', അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

Advertisment