‘ഇത് കർണാടകയിലെ ദയനീയ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം’; 2000 രൂപ നോട്ട് പിൻവലിച്ചതിനെ പരിഹസിച്ച് എം.കെ. സ്റ്റാലിൻ

New Update

publive-image

ചെന്നൈ: 2000 രൂപയുടെ നോട്ടുകൾ പിന്‍വലിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കർണാടകയിൽ ബി.ജെ.പിക്കേറ്റ ദയനീയ പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Advertisment

‘500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ. കർണാടകയിലെ ദയനീയ പരാജയം മറച്ചുവെക്കാനുള്ള വിദ്യ’ -സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 2000 രൂപ നോട്ട് പിൻവലിച്ചു കൊണ്ട് ആർ.ബി.ഐ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കോണിൽനിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.

തൂത്തുക്കുടി എം.പിയും ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിയും വിമർശനവുമായി രംഗത്തെത്തി. ‘സൃഷ്ടിക്കുന്നവൻ തന്നെ നശിപ്പിക്കുന്നു’ എന്ന കുറിപ്പിനൊപ്പം 2000 രൂപയുടെ നോട്ടും അവർ ട്വീറ്റ് ചെയ്തു. 2000 രൂപയുടെ നോട്ടുകൾ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ല. 2000ത്തിന്റെ 10 നോട്ടുകള്‍ വരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. എന്നാൽ, അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പരിധിയില്ല. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും.

Advertisment