അയാൾ മരണത്തിന് കീഴടങ്ങി!; വനിതാ ഇൻസ്‌പെക്ടർ തോളിലേറ്റി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടിൽ പെയ്ത ശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിരുന്നു. മഴക്കെടുതിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ യുവാവിനെ തോളിൽ ചുമന്ന് രക്ഷപെടുത്തുന്ന വനിതാ ഇൻസ്‌പെക്ടർ രാജേശ്വരിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Advertisment

ഇവിടെ നിന്നുമുള്ള ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വനിതാ ഇൻസ്‌പെക്ടർ രക്ഷിച്ച യുവാവ് മരണത്തിന് കീഴടങ്ങി. ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിൽ തുടർന്ന ഉദയകുമാറെന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിക്കുന്നത്.

ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടിൽപ്പെട്ട് ബോധരഹിതനായ ഉദയകുമാറിനെയാണ് ഇൻസ്‌പെക്ടർ തോളിൽ ചുമന്ന് ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. കിൽപോക്ക് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് യുവാവ് മരിക്കുന്നത്.

കീഴ്പ്പാക്കം ശ്മശാനത്തിലെ ജീവനക്കാരനാണ് മരിച്ച ഉദയകുമാർ. മരംവീണ് ഇയാൾ അടിയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മരം വീണ് ഒരാൾ അപകടാവസ്ഥയിലാണെന്ന് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നെന്നും ആർക്കും ആപത്ത് സംഭവിക്കരുതേ എന്ന ധാരണയോടെയാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്നും രാജേശ്വരി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ രാജേശ്വരിയുടെ നിസ്വാർത്ഥ പ്രവർത്തനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

അതേസമയം മഴക്കെടുതിയെ തുടർന്ന് പതിമൂന്നിലധികം പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മഴയ്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ കാറ്റ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

NEWS
Advertisment