പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് കന്യകാത്വ പരിശോധന: തമിഴ്നാടിന് എന്‍സിപിസിആര്‍ നോട്ടീസ്

New Update

ചെന്നൈ: തമിഴ്‌നാട്ടിലെ ചിദംബരം ദീക്ഷിതർ കുടുംബത്തിലെ പെൺകുട്ടികളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി എന്ന ഗവർണർ ആർ.എൻ. രവിയുടെ ആരോപണത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നല്‍കാനാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുള്ളത്.

Advertisment

publive-image

ചിദംബരത്ത് ശൈശവ വിവാഹം വർധിക്കുന്നുവെന്ന തരത്തിലുള്ള പരാതി കഴിഞ്ഞ വർഷം ഒക്ടോബറിൽ തമിഴ്നാട് സർക്കാരിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്കൊടുവിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ശൈശവ വിവാഹത്തിന് നിർബന്ധിതരാണെന്ന് പറയപ്പെടുന്ന പെൺകുട്ടികളെ പോലീസ് നിർബന്ധപൂർവ്വം ഇരുവിരൽ കന്യകാത്വ പരിശോധനയ്ക്ക് വിധേയനാക്കി എന്നാണ് ആരോപണം.

ഇരുവിരൽ കന്യകാത്വ പരിശോധന സുപ്രീം കോടതി നിരോധിച്ചിരുന്നു. പോലീസ് നിർബന്ധപൂർവം പെൺകുട്ടികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ആർ.എൻ. രവി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്. കന്യകാത്വ പരിശോധനയ്ക്ക് ശേഷം, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും ആർ.എൻ. രവി ആരോപിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതിയിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് സ്റ്റാലിൻ ഒരു നടപടിയും എടുത്തില്ലെന്നും അഭിമുഖത്തിൽ ഗവർണർ ആരോപിക്കുന്നുണ്ട്.

സുപ്രീം കോടതി നിരോധിച്ചതിന് ശേഷം ഇരുവിരൽ കന്യകാത്വ പരിശോധന തമിഴ്നാട് പോലീസ് ഒരിക്കലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് ഡി.ജി.പി. ശൈലേന്ദ്ര ബാബു രംഗത്തെത്തി. മാത്രമല്ല വിവാദ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികളേയും കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment